പ്രായമോ, അത് വെറും നമ്പറല്ലേ...

പരമേശ്വരൻപിള്ള കൃഷിയിടത്തിൽ
എസ് ഒ ദിനു
Published on Sep 07, 2025, 12:02 AM | 1 min read
കഴക്കൂട്ടം
ഓണക്കാലമായാൽ കഴക്കൂട്ടം കിഴക്കുംഭാഗം കുന്നവിളവീട്ടിൽ പരമേശ്വരൻപിള്ളയും ഭാര്യ ലളിതയും കൂടുതൽ തിരക്കിലാകും. പുലർച്ചെ അഞ്ചിന് എഴുന്നേൽക്കുന്ന 85 വയസ്സുകാരനും 78 വയസ്സുകാരിയും കട്ടൻചായയും കുടിച്ച് നേരെ കൃഷിയിടത്തിലെത്തും. വെള്ളമൊഴിച്ചും കളപറിച്ചും രാവിലെ ഒമ്പതുവരെ നീളും വിളപരിപാലനം. പകൽ മൂന്നുമുതൽ വൈകിട്ട് 6.30 വരെ വീണ്ടും കൃഷിയിടത്തിൽ. പാട്ടത്തിനെടുത്ത ഒന്നര ഏക്കറിൽ പ്രായം തോൽക്കുന്ന കരുത്തിൽ ഇരുവരും ചേർന്ന് വിളയിക്കുന്നത് നൂറുമേനി. പടവലം, പാവൽ, പയർ, വെണ്ട, പാവൽ, വെള്ളരി, തക്കാളി, മുളക്, വഴുതന, ചേന, ഇഞ്ചി, ചേമ്പ്, മരച്ചീനി, കപ്പവാഴ, ഏത്തവാഴ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ചാണകവും കോഴിക്കാരവും കടലപ്പിണ്ണാക്കും എല്ലുപൊടിയുമാണ് വളം. കഴക്കൂട്ടം കൃഷിഭവൻവഴിയും പോത്തൻകോട്, അണിയൂർ, ശാസ്തവട്ടം, ചന്തവിള തുടങ്ങിയ ചന്തകളിലുമാണ് വിൽപ്പന. ഓണക്കാലത്ത് കർഷകസംഘംവഴിയും വിൽപ്പന നടത്തും. നഗരസഭയിൽനിന്നും കൃഷിഭവനിൽനിന്നും ആനുകൂല്യങ്ങൾ ലഭിക്കാറുണ്ട്. കുടുംബത്തിലെ പ്രാരബ്ധം കാരണം 13–ാംവയസ്സിലാണ് പരമേശ്വരൻപിള്ള കൃഷിപ്പണിക്ക് ഇറങ്ങുന്നത്. രാവിലെ എട്ടുമുതൽ വൈകിട്ട് ആറുവരെ മറ്റു പണികളും ബാക്കിസമയങ്ങളിൽ കൃഷിപ്പണിയുമായി കുട്ടിക്കാലം. തുടർന്ന് കൃഷി ഉപജീവനമാർഗമാക്കി. പൂർണമായും ജൈവപച്ചക്കറികളാണ് ഉൽപ്പാദിപ്പിക്കുന്നത്. ഓണത്തിനും ശബരിമല സീസണിലുമാണ് കൂടുതൽ പച്ചക്കറിവിൽപ്പന. കാലാവസ്ഥാവ്യതിയാനം കൃഷിയെ ബാധിക്കുന്നുണ്ടെങ്കിലും ഓണക്കാലം ലാഭകരമാണെന്ന് പരമേശ്വരൻപിള്ള പറഞ്ഞു.









0 comments