94.86 ശതമാനം കുടുംബങ്ങൾ അതിദാരിദ്ര്യമുക്തം

സ്വന്തം ലേഖിക
Published on Sep 28, 2025, 12:00 AM | 1 min read
തിരുവനന്തപുരം
അതിദരിദ്രരായി കണ്ടെത്തിയവരിൽ 94.86 ശതമാനം കുടുംബത്തെയും കരകയറ്റി തലസ്ഥാനം. മൈക്രോപ്ലാൻ പ്രകാരം ജില്ലയിൽ 6250 കുടുംബങ്ങളെയാണ് അതിദരിദ്രരായി കണ്ടെത്തിയത്. ഇതില്‍ 5929 കുടുംബങ്ങളുടെ ജീവിതനിലവാരമുയർത്തി. 24 തദ്ദേശസ്ഥാപനങ്ങൾ അതിദാരിദ്ര്യമുക്തമായി. അവശേഷിക്കുന്നവ ഉടൻ പ്രഖ്യാപിക്കും. ഒക്ടോബറിൽ അതിദരിദ്രരില്ലാത്ത സമ്പൂർണ ജില്ലയായി തിരുവനന്തപുരം മാറും. സംരക്ഷണം മാത്രം ആവശ്യമുള്ള 1219 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. വീട് ആവശ്യമുണ്ടായിരുന്ന 332 കുടുംബങ്ങൾക്കും വാസസ്ഥലമൊരുക്കി. ഭവന പുനരുദ്ധാരണം ആവശ്യമുണ്ടായിരുന്ന 505 കുടുംബങ്ങൾക്ക് അതും പുരോഗമിക്കുകയാണ്. വസ്തുവും വീടും ആവശ്യമുള്ള 284 കുടുംബങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികൾ മുഖേനയും ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ മുഖേനയും ഭൂമി ലഭ്യമാക്കി ഭവന നിർമാണം ആരംഭിച്ചു. അവശേഷിക്കുന്ന കുടുംബങ്ങൾക്ക് റവന്യു ഭൂമിയിൽ പട്ടയവും നൽകും. ഭക്ഷണം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തിയത്. ഇവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഭക്ഷണം, മരുന്നുകൾ, സാന്ത്വന ചികിത്സ, ആരോഗ്യ സഹായ ഉപകരണങ്ങൾ എന്നിങ്ങനെ ലഭ്യമാക്കി. 2658 കുടുംബങ്ങൾക്ക് ഭക്ഷണം, 2891 കുടുംബങ്ങൾക്ക് ആരോഗ്യ സേവനങ്ങൾ, 343 കുടുംബങ്ങൾക്ക് കുടുംബശ്രീയുടെ ഉജ്ജീവനം പദ്ധതി മുഖേനയും സേവനം നൽകിയിട്ടുണ്ട്. അടിസ്ഥാന രേഖകളില്ലാത്ത കുടുംബങ്ങൾക്കും ആധാർ, വോട്ടർ ഐഡി, റേഷൻ കാർഡ്, ബാങ്ക് അക്കൗണ്ട് തുടങ്ങി 13ൽപ്പരം രേഖകൾ ഉറപ്പാക്കി. പത്താം ക്ലാസ് വിജയിച്ച കുട്ടികൾക്ക് വീടിനടുത്ത് തുടർപഠനം ഒരുക്കി. കുട്ടികൾക്ക് സൗജന്യ ബസ് പാസ്, പഠനോപകരണങ്ങൾ എന്നിവയും നല്‍കി.
അതിദാരിദ്ര്യമുക്തമായ തദ്ദേശസ്ഥാപനങ്ങൾ
അണ്ടൂർക്കോണം, ആര്യനാട്, ആര്യങ്കോട്, ബാലരാമപുരം, ചെങ്കൽ, ചിറയിൻകീഴ്, ഇലകമൺ, കല്ലറ, കരകുളം, കരവാരം, കരുംകുളം, കാട്ടാക്കട, കിളിമാനൂർ, കോട്ടുകാൽ, മാണിക്കൽ, മുദാക്കൽ, നെല്ലനാട്, പൂവാർ, തിരുപുറം, ഉഴമലക്കൽ, വെള്ളനാട്, വെങ്ങാനൂർ, വെട്ടൂർ, വിളവൂർക്കൽ.









0 comments