പുത്തൻ ആരോഗ്യത്തിൽ പുത്തൻതോപ്പ് ആരോഗ്യകേന്ദ്രം

പുത്തൻതോപ്പ് ആരോഗ്യകേന്ദ്രം
എസ് ഒ ദിനു
Published on Jul 27, 2025, 01:41 AM | 1 min read
കഴക്കൂട്ടം
ഓടുമേഞ്ഞ കെട്ടിടങ്ങൾ മാറി, പൂർണസമയം ഡോക്ടർമാരുമെത്തി. പുത്തൻതോപ്പ് പ്രാഥമികാരോഗ്യകേന്ദ്രം ഇന്ന് പ്രദേശവാസികളുടെ ആശ്രയകേന്ദ്രമാണ്. 1952 പരിസരവാസികൾ വിട്ടുനൽകിയ സ്ഥലത്ത് ആരംഭിച്ച പ്രാഥമികാരോഗ്യകേന്ദ്രം ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് അഭിവൃദ്ധിയിലേക്കുയർന്നത്. ഒരു ഡോക്ടറും രണ്ട് നഴ്സും കമ്പൗണ്ടറും അറ്റൻഡറും മാത്രമായിരുന്നു തുടക്കത്തിലുണ്ടായിരുന്നത്. ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തിയശേഷം പൊതു ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള രണ്ട് ആശുപത്രികളിലും മുഴുവൻസമയ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കി. ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽനിന്ന് 16 ലക്ഷം രൂപ ചെലവഴിച്ച് രാത്രി ഡ്യൂട്ടിക്ക് ഒരു ഡോക്ടറെയും രണ്ട് പാരാമെഡിക്കൽ ജീവനക്കാരെയും നിയമിച്ചു. ആരോഗ്യവകുപ്പ് ലഭ്യമാക്കുന്ന മരുന്നിനുപുറമെ ബ്ലോക്ക് പഞ്ചായത്ത് പ്രതിവർഷം 25 ലക്ഷം രൂപയുടെ മരുന്നുവാങ്ങി നൽകുന്നുമുണ്ട്. 38 ലക്ഷം രൂപ ചെലവഴിച്ച് നൂറ് ഇനം പരിശോധനകൾ നടത്താൻ കഴിയുന്ന ലബോറട്ടറിയും സജ്ജമാക്കി. ആവശ്യമായ ടെക്നീഷ്യൻമാരെയും ബ്ലോക്ക് പഞ്ചായത്ത് നിയമിച്ചു. ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി ക്ലിനിക്കുകൾ എന്നിവയുമുണ്ട്. പ്രതിദിനം നാനൂറിലധികം ഔട്ട് പേഷ്യന്റ്‌സ് എത്തിച്ചേരുന്ന പതിനെട്ടിലധികം കിടക്കകളുള്ള ഈ ആശുപത്രി തീരദേശത്തെ മത്സ്യത്തൊഴിലാളികളടക്കമുള്ള സാധാരണക്കാരുടെ അത്താണിയാണ്. മികച്ച സേവനം ഉറപ്പാക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിൽനിന്ന് പ്രതിവർഷം 75 ലക്ഷം രൂപ ആശുപത്രിക്കായി ചെലവിടുന്നതായി പ്രസിഡന്റ് ഹരിപ്രസാദ് അറിയിച്ചു.









0 comments