യൂത്ത് കോൺഗ്രസ് ദുരിതാശ്വാസഫണ്ട് തട്ടിപ്പ്
ഇല്ല... ഇപ്പോഴും കണക്കില്ല...

ആലപ്പുഴ
യൂത്ത് കോൺഗ്രസ് പിരിച്ച വയനാട് ഉരുൾപൊട്ടൽ ഫണ്ടിന്റെ ക്രോഡീകരിച്ച കണക്ക് ഇതുവരെ നൽകാതെ ജില്ലാ നേതൃത്വം. മണ്ഡലം കമ്മിറ്റികൾ പിരിക്കുന്ന ഫണ്ട് നേരിട്ട് സംസ്ഥാന കമ്മിറ്റിയുടെ അക്കൗണ്ടിൽ ഇടുകയായിരുന്നെന്നും ഇതേപ്പറ്റി കൂടുതലൊന്നും അറിയില്ലെന്നുമാണ് ജില്ലാ നേതൃത്വം പറയുന്നത്. ഉരുൾപൊട്ടൽ ഫണ്ട് കണക്കില്ലാതെ വിവാദമായതോടെ സംഘടനാപ്രവർത്തനത്തിൽ വീഴ്‌ച വരുത്തിയെന്നാരോപിച്ച് 11 നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരെ കഴിഞ്ഞദിവസം സസ്‌പെൻഡ് ചെയ്‌തിരുന്നു. 50,000 രൂപയെങ്കിലും പിരിച്ചു നൽകാത്തവർക്കെതിരെയാണ് നടപടിയെടുത്തത്. ഇതിൽ ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് രാഹുലും ഉൾപ്പെട്ടു. നടപടിയെ തുടർന്ന് 50,000 രൂപ അടച്ചെന്നാണ് അറിവ്. ഓരോ നിയോജകമണ്ഡലത്തിൽനിന്നും രണ്ടരലക്ഷം രൂപ പിരിച്ചെടുക്കാനാണ് ആവശ്യപ്പെട്ടത്. ഇതിനായി പ്രവർത്തകർ പായസ ചലഞ്ചും ബിരിയാണി ചലഞ്ചും ഉൾപ്പെടെ നടത്തിയതായാണ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത്. രസീത് നൽകി തുക പിരിച്ചിട്ടില്ല. പിരിച്ച തുകയ്‌ക്ക് ഇതുവരെ കണക്കില്ല. ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃക്യാമ്പിൽ രാഹുൽ മാങ്കൂട്ടത്തിനെതിരെ ഫണ്ട് വെട്ടിപ്പ് ആരോപണത്തിൽ രൂക്ഷവിമർശം ഉയർന്നു. വൻതോതിൽ പിരിവ് നടന്നെന്നും അത് നേതാക്കൾ മുക്കിയെന്നുമായിരുന്നു വിമർശം. ഇതേത്തുടർന്ന് മുഖം രക്ഷിക്കാനെന്ന പേരിലാണ് സസ്‌പെൻഷൻ ഉൾപ്പെടെ നടപടി. അത് കൂടുതൽ പ്രശ്‌നങ്ങളിലേക്ക് പോകുമെന്നാണ് സൂചന.









0 comments