ഛത്തീസ്ഗഡിലെ കന്യാസ്ത്രീവേട്ട
ചേർത്തലയിൽ വ്യാപക പ്രതിഷേധം സന്യസ്ഥരും തെരുവിലിറങ്ങി

കന്യാസ്ത്രീകളെ ജയിലിൽ അടച്ചതിനെതിരെ എൽഡിഎഫ് ചേർത്തലയിൽ സംഘടിപ്പിച്ച പ്രതിഷേധസംഗമം

സ്വന്തം ലേഖകൻ
Published on Aug 01, 2025, 01:35 AM | 2 min read
ചേര്‍ത്തല
ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അന്യായമായി ജയിലിൽ അടച്ചതിനെതിരെ ചേർത്തലയിൽ വ്യാപക പ്രതിഷേധം. ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളുടെ സഭ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമാക്കുലേറ്റ് ആസ്ഥാനം കടുത്ത പ്രതിഷേധത്തിന്റെ പ്രഭവകേന്ദ്രമായി. ഭരണകൂട ഭീകരതയ്ക്കും നീതിനിഷേധത്തിനും എതിരെ മുദ്രാവാക്യം ഉയർത്തി റാലി നടത്തി. സന്യാസിനികള്‍ക്ക് പുറമെ പുരോഹിതരും ജീവനക്കാരും അധ്യാപകരും രാഷ്ട്രീയകക്ഷി പ്രതിനിധികളും അണിചേർന്നു. മന്ത്രി പി പ്രസാദ് റാലിയിലും പ്രതിഷേധയോഗത്തിലൂം ആദ്യാവസാനം പങ്കെടുത്തു. ഭരണകൂടവേട്ട പ്രതീകാത്മകമായി അവതരിപ്പിച്ച് രണ്ട് കന്യാസ്ത്രീകളുടെ കൈകൾ പരസ്പരം ചങ്ങലയിൽ ബന്ധിച്ച് പൊലീസ് നീങ്ങുന്നത് റാലിയുടെ മുന്നിൽ ആവിഷ്കരിച്ചു. ദേശീയപാതയിലൂടെ നീങ്ങിയ റാലി എക്സ്റേ കവലയില്‍ സമാപിച്ചു. കന്യാസ്ത്രീകളുടെ മോചനത്തിന് സേക്രട്ട് ഹാര്‍ട്ട് ചാപ്പലില്‍ പ്രാര്‍ഥന നടത്തി. മതേതരത്വം സംരക്ഷിക്കുക, സത്യത്തെ തടവറയിലാക്കരുത് തുടങ്ങിയ മുദ്രാവാക്യങ്ങൾ റാലിയിലുയർന്നു. പ്രതിഷേധ റാലി മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ എം ആരിഫ്, മദര്‍ ജനറല്‍ സിസ്റ്റര്‍ ഇസബെല്‍ ഫ്രാന്‍സിസ്, അസി. മദര്‍ ജനറല്‍ സിസ്റ്റര്‍ റജീസ് മേരി, കെപിസിസി സെക്രട്ടറി എസ് ശരത്, ഫാ. പോള്‍ തുണ്ടുപറമ്പില്‍, സിസ്റ്റര്‍ റോസ് ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച ഛത്തീസ്ഗഡ് ബിജെപി സർക്കാരിന് എതിരെ ചേർത്തല നഗരത്തിൽ എൽഡിഎഫ് നേതൃത്വത്തിൽ ദേശീയപാതയോരത്ത് മതിലകം കോൺവെന്റിന് സമീപം പ്രതിഷേധസംഗമം ഒരുക്കി. മന്ത്രി പി പ്രസാദ്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ എം ആരിഫ്, ഏരിയ സെക്രട്ടറിമാരായ ബി വിനോദ്, ബി സലിം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ്, സിപിഐ മണ്ഡലം സെക്രട്ടറിമാരായ എം സി സിദ്ധാർഥൻ, കെ ബി ബിമൽറോയ്, അസി. മദര്‍ ജനറല്‍ സിസ്റ്റര്‍ റജീസ് മേരി എന്നിവർ സംസാരിച്ചു. സിപിഐ എം വടുതല ലോക്കൽ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മെഴുകുതിരി കത്തിച്ചായിരുന്നു പ്രതിഷേധം. സിപിഐ എം ഏരിയ കമ്മിറ്റിയംഗം കെ ഡി പ്രസന്നൻ ഉദ്ഘാടനംചെയ്തു. കെ വി വിശ്വസത്യൻ അധ്യക്ഷനായി. ലാൽജിമോൻ, ടി എസ് ഷിയാസ് എന്നിവർ സംസാരിച്ചു. സിപിഐ എം തൃച്ചാറ്റുകുളം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. വാഴത്തറവെളിയിൽ അസീസി കോൺവെന്റിന് സമീപം ചേർന്ന യോഗത്തിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പ്രസാദ്, ജില്ലാ സെക്രട്ടറിയറ്റംഗം എ എം ആരിഫ്, ഏരിയ സെക്രട്ടറി ബി വിനോദ്, പി എം പ്രമോദ്, മദർ സുപ്പീരിയർ സമീല എന്നിവർ സംസാരിച്ചു.









0 comments