അപ്പർ കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു

മുട്ടാർ പഞ്ചായത്തിലെ വെള്ളം കയറിയ വീട്
മങ്കൊമ്പ്
കനത്തമഴയും കിഴക്കന്‍ വെള്ളത്തിന്റെ വരവുംമൂലം അപ്പര്‍ കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു. പ്രധാന നദികൾ കരകവിഞ്ഞു. ഗ്രാമീണ സർവീസ് റോഡുകളിൽ ഗതാഗതം നിലച്ചു. ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയും കിഴക്കൻ വെള്ളത്തിന്റെ കുത്തൊഴുക്കും വർധിച്ചതോടെ അപ്പർ കുട്ടനാട്ടിലെ ഒട്ടുമിക്ക പഞ്ചായത്തിലും വെള്ളം കയറി. തലവടി പഞ്ചായത്തിലെ കുന്നുമ്മാടി കുതിരച്ചാൽ നഗറിലെ വീടുകളിൽ വെള്ളം കയറി. പ്രദേശത്തുനിന്ന് താമസക്കാർ ബന്ധുവീടുകളിലേക്ക് മാറുകയാണ്. തലവടിയിൽ ക്യാമ്പ് പ്രവർത്തിപ്പിക്കാനുള്ള നടപടി ആലോചിക്കുന്നു. പമ്പ, മണിമല, അച്ചൻകോവിലാറുകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. മുട്ടാർ, തലവടി, എടത്വാ, തകഴി പഞ്ചായത്തുകളിലെ ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. താഴ്‌ന്ന സ്ഥലങ്ങളിൽ മുട്ടോളം വെള്ളമെത്തി. മുട്ടാർ പഞ്ചായത്തിലെ താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിലായതോടെ ജനജീവിതം ദുസ്സഹമായി. മുട്ടാറിൽനിന്ന് പ്രധാന പാതകളിലേക്കുള്ള സർവീസ് നിലച്ചതോടെ യാത്രാദുരിതവും ഇരട്ടിച്ചു. പഞ്ചായത്തിന്റെ ഉൾപ്രദേശങ്ങളിൽ നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. ഇവിടങ്ങളിൽ അടിയന്തരമായി ഗ്രുവൽ സെന്ററുകൾ ആരംഭിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ സുരമ്യ ആവശ്യപ്പെട്ടു. തലവടി കുന്നുമ്മാടി -കുതിരച്ചാലിൽ താമസക്കാരെ ക്യാമ്പുകളിലേക്ക് മാറ്റേണ്ടസ്ഥിതിയാണ്. ജില്ലയിൽ ഏതാനും ദിവസങ്ങളായി കനത്ത മഴ പെയ്യുന്നുണ്ടെങ്കിലും കിഴക്കൻ വെള്ളം എത്തിയതോടെയാണ് ജലനിരപ്പ് വീണ്ടും ഉയർന്നത്. വ്യാഴം ഉച്ചയോടെയാണ് തലവടിയിലെ താഴ്‌ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറിയത്. ദിവസങ്ങളായി തുടരുന്ന ശക്തമായ കാറ്റിൽ മരങ്ങൾ വീണ് നിരവധി വീടുകൾക്ക് കേട് സംഭവിച്ചു. പൂർണമായി തകർന്ന വീടുകളിൽനിന്ന് താമസക്കാർ ബന്ധുവീടുകളിലേക്ക് മാറി. തലവടി, എടത്വാ പ്രദേശങ്ങളിൽ മരം വീണ് വീടുകൾ തകർന്നു. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, പുളിങ്കുന്നിലെ കൃഷിഭവൻ, മൃഗാശുപത്രി, മാവേലി സ്റ്റോർ എന്നിവ വെള്ളത്തിൽ മുങ്ങി. മാവേലി സ്റ്റോറിൽ സാധനങ്ങളെല്ലാം ജീവനക്കാർ നേരത്തെ തന്നെ ഉയർത്തിവച്ചിരുന്നു. പുളിങ്കുന്ന് പഞ്ചായത്തിലെ ഒന്ന്,13, 14, 15, 16 വാർഡുകൾ പൂർണമായും വെള്ളത്തിൽ മുങ്ങി.









0 comments