കെഎസ്‌ടിപി എക്‌സിക്യൂട്ടീവ്‌ എൻജിനിയറുടെ റിപ്പോർട്ട്‌

എ സി റോഡിൽ വെള്ളം കയറിയത്‌ ബണ്ട്‌ തകർന്ന്‌, നിർമാണത്തിൽ അപാകമില്ല

AC ROad

എ സി റോഡ്

avatar
നെബിൻ കെ ആസാദ്‌

Published on Jun 05, 2025, 03:00 AM | 1 min read

ആലപ്പുഴ

സെമി എലിവേറ്റഡ്‌ പാതയായ എ സി റോഡിൽ വെള്ളം കയറിയത്‌ ബണ്ട്‌ തകർന്നാണെന്നും നിർമാണത്തിൽ അപാകതകളില്ലെന്നും കെഎസ്‌ടിപി അതോറിറ്റി പ്രൊജക്‌ട്‌ ഡയറക്‌ടർക്ക്‌ എക്‌സിക്യൂട്ടീവ്‌ എൻജിനീയർ റിപ്പോർട്ട്‌ നൽകി. റോഡിന്റെ മധ്യ ഭാഗത്ത്‌ 10 സെന്റിമീറ്റർ ഉയരത്തിലാണ്‌ വെള്ളമുണ്ടായത്‌. നിലവിൽ വെള്ളക്കെട്ടൊഴിവാക്കാനുള്ള നടപടികൾ ആരംഭിച്ചു. മൂലപ്പൊങ്ങമ്പ്ര, എഴുകാട്‌ എന്നീ പാടശേഖരങ്ങൾ ബന്ധിക്കുന്ന സ്ഥലത്തെ ബണ്ട്‌ തകർന്നാണ്‌ റോഡിൽ വെള്ളംകയറിയത്‌. കഴിഞ്ഞ ദിവസങ്ങളിലാകെ ശക്‌തമായ മഴ ഉണ്ടായപ്പോൾ എ സി റോഡുമായി ബന്ധപ്പെടുന്ന റോഡുകളിൽ വെള്ളം കയറി ഗതാഗതം നിലച്ചു. അപ്പോഴും എ സി റോഡിൽ ഗതാഗതം മുടങ്ങിയില്ല. റോഡ്‌ ഒരു പരിധിയിൽ കൂടുതൽ ഉയർത്തുന്നതിന്‌ സാങ്കേതികമായ ബുദ്ധിമുട്ടുണ്ട്‌. കൂടുതൽ മേൽപ്പാലങ്ങൾ നിർമിക്കുക എന്നതാണ്‌ സാധ്യമായ കാര്യം. എ സി റോഡ്‌ നിർമാണം തുടങ്ങുന്ന ഘട്ടത്തിൽ കൂടുതൽ മേൽപ്പാലങ്ങൾ നിർമിക്കാൻ ശ്രമിച്ചപ്പോൾ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമരം നടന്നിരുന്നു. തുടർന്ന്‌ നിർമാണം ആറുമാസത്തോളം വൈകി. പൊലീസ്‌ സംരക്ഷണത്തിൽ പൂർത്തിയാക്കിയ ഭാഗങ്ങളുമുണ്ട്‌. നിർമാണം ആരംഭിച്ച ഘട്ടത്തിലും അവസാനഘട്ടത്തിലേക്ക്‌ കടക്കുമ്പോഴും നിർമാണക്കമ്പനി ആവർത്തിച്ച്‌ പറയുന്നത്‌ എ സി റോഡിൽ വെള്ളം കയറില്ല എന്നല്ല, വെള്ളം കയറിയാലും ഗതാഗതം മുടങ്ങില്ല എന്നുതന്നെയാണ്‌. വെള്ളം കയറിയാൽ സുരക്ഷിതമായ സ്ഥലത്തേക്ക്‌ മാറാൻ പോലും പറ്റില്ല എന്ന സാഹചര്യത്തിൽനിന്ന്‌ ഏത്‌ വഴിയിലും എ സി റോഡിലെത്തിയാൽ സുരക്ഷിതരാകാം എന്ന വിശ്വാസം ജനങ്ങളിലുണ്ടായെന്ന്‌ നിർമാണക്കമ്പനി അധികൃതർ ദേശാഭിമാനിയോട്‌ പറഞ്ഞു. പ്രളയസമയത്ത്‌ എ സി റോഡിൽ വാഹനങ്ങളിൽ രക്ഷാപ്രവർത്തനം ദുർഘടമായിരുന്നു. കുട്ടനാട്ടിൽ കുടുങ്ങിയവരെ ഹെലികോപ്‌ടറിലാണ്‌ രക്ഷപ്പെടുത്തിയത്‌. ഇത്തരം സംഭവങ്ങൾ ഒരിക്കലും ആവർത്തിക്കരുതെന്ന എൽഡിഎഫ്‌ സർക്കാർ തീരുമാനത്തിന്റെ ഫലമാണ്‌ ഇന്നത്തെ റോഡ്‌. 800 കോടിയാണ്‌ ചെലവഴിച്ചത്‌. അഞ്ച്‌ മേൽപ്പാലങ്ങളും ആറിന്‌ കുറുകെ മൂന്ന്‌ വലിയ പാലങ്ങളും നിർമിച്ചു . 14 ചെറിയ പാലങ്ങൾ പുതുക്കി, 65 കലുങ്കുകളും വീതികൂട്ടി. മൂന്ന്‌ കോസ്‌വേകൾ, നടപ്പാതകൾ എന്നിവയും എ സി റോഡ്‌ നവീകരണത്തിൽ ഉൾപ്പെട്ടതാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home