'വേമ്പനാടിനെ വീണ്ടെടുക്കാം': മാലിന്യം തള്ളലിന് 'നോ' പറയാൻ 4 ഭാഷ

ആലപ്പുഴ : കായൽ മാലിന്യമുക്തമാക്കാൻ പുത്തൻ ചുവടുവയ്‌പുമായി ആലപ്പുഴ നഗരസഭ. പുന്നമട ഫിനിഷിങ് പോയിന്റിൽ സ്ഥാപിച്ച പബ്ലിക് അഡ്രസിങ് സിസ്‌റ്റം വഴി നാല് ഭാഷയിലുള്ള മുന്നറിയിപ്പ് സന്ദേശങ്ങളാണ് ഒഴുകിയെത്തുക. ഫിനിഷിങ് പോയിന്റില്‍ പുലിക്കാട്ടില്‍ ടിംബേഴ്സിന് സമീപത്തുനിന്ന് തുടങ്ങി പവിലിയന്റെ വടക്കും തെക്കുഭാഗത്തേക്കുമായി 5.5 മീറ്റര്‍ ഉയരത്തില്‍ 13 പോള്‍ 50 മീറ്റര്‍ അകലത്തില്‍ സ്ഥാപിച്ചാണ് സംവിധാനം പ്രവര്‍ത്തനസജ്ജമാക്കിയത്. എല്ലാ ദിവസവും പകല്‍സമയം ഇതിലൂടെ മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ബോധവല്‍ക്കരണ സന്ദേശങ്ങള്‍ കൈമാറും.
കായല്‍ സംരക്ഷണത്തിന്റെ ഭാഗമായി പുരവഞ്ചികള്‍, മോട്ടോര്‍ബോട്ടുകള്‍, ശിക്കാരവള്ളങ്ങള്‍ എന്നിവയില്‍നിന്നുണ്ടാകുന്ന മാലിന്യങ്ങള്‍ ജലാശയങ്ങളിലേക്ക് വലിച്ചെറിയുന്ന സാഹചര്യം ഒഴിവാക്കാനാണ് പുതിയ സംവിധാനം. എല്ലാ പോളുകളിലും ശുചിത്വസന്ദേശ ബോര്‍ഡുകളും മാലിന്യം തരംതിരിച്ച് സൂക്ഷിക്കാനുള്ള ബിന്നുകളും ക്രമീകരിച്ചിട്ടുണ്ട്. ഹൗസ്‌ബോട്ടുകളിലും മോട്ടോര്‍ബോട്ടുകളിലും ബിന്നുകള്‍ സ്ഥാപിക്കാൻ പുരവഞ്ചി - മോട്ടോര്‍ബോട്ട് ഉടമകൾക്ക് നഗരസഭ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.
മെഗാ ശുചീകരണ കാമ്പയിന് മുന്നോടിയായാണ് നഗരസഭ 12.4 ലക്ഷം രൂപ വകയിരുത്തി പദ്ധതി നടപ്പാക്കിയത്. മുന്നറിയിപ്പിനൊപ്പം പ്രമുഖരുടെ സന്ദേശങ്ങള്‍, ദുരന്തനിവാരണ അറിയിപ്പുകള്‍, പൊതുഅറിയിപ്പുകള്‍ എന്നിവയും പബ്ലിക് അഡ്രസിങ് സിസ്‌റ്റത്തിലൂടെ കൈമാറും.
പദ്ധതി നഗരസഭാധ്യക്ഷ കെ കെ ജയമ്മ ഉദ്‌ഘാടനം ചെയ്‌തു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ എ എസ് കവിത അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷരായ എം ആര്‍ പ്രേം, ആര്‍ വിനിത, നസീര്‍ പുന്നക്കല്‍, ശുചിത്വമിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ കെ ജി ബാബു, കെ എസ് ഷിബു, കെ എസ് രാജേഷ്, കെ ജി അജേഷ്, എം എസ് നസീമ, കെ പി വര്‍ഗീസ് തുടങ്ങിയവർ സംസാരിച്ചു.









0 comments