ഡ്രൈവിങ് സ്‌കൂളുമായി എംവിഡി

ആദ്യ ടെസ്‌റ്റ്‌ ഗ്രൗണ്ട് നാളെ തുറക്കും

Vehicle test

ഡ്രൈവിങ് പരിശീലനം നൽകാൻ മോട്ടോർ വാഹനവകുപ്പ് ആരംഭിച്ച സ്‌കൂളിന്റെ ബസ്‌

വെബ് ഡെസ്ക്

Published on May 29, 2025, 02:18 AM | 1 min read

പി പ്രമോദ്‌

മാവേലിക്കര

സ്വന്തം സ്‌കൂളിൽ ഡ്രൈവിങ് പഠിപ്പിച്ച്‌ സ്വന്തം ഗ്രൗണ്ടിൽ പരീക്ഷ നടത്തി ലൈസൻസ്‌ നൽകാൻ മോട്ടോർ വാഹന വകുപ്പ്‌. എംവിഡിയുടെ കേരളത്തിലെ ആദ്യ ഡ്രൈവിങ് ടെസ്‌റ്റ്‌ ഗ്രൗണ്ടും സ്‌കൂളും ഉദ്‌ഘാടനത്തിനൊരുങ്ങി. കെഎസ്ആര്‍ടിസി മാവേലിക്കര റീജണല്‍ വര്‍ക്ക്‌ഷോപ് വളപ്പിലെ 55 സെന്റിലാണ്‌ ടെസ്‌റ്റ്‌ ഗ്രൗണ്ട് നിർമിച്ചത്. എം എസ് അരുൺകുമാർ എംഎൽഎയുടെ പ്രാദേശിക വികസനഫണ്ടിൽനിന്ന് 12 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ഗ്രൗണ്ട്‌ വെള്ളി വൈകിട്ട് നാലിന്‌ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ ഉദ്ഘാടനംചെയ്യും. മോട്ടോർ വാഹനവകുപ്പിന്റെ ആദ്യത്തെ ഡ്രൈവിങ് സ്‌കൂളും മാവേലിക്കര ജോയിന്റ്‌ ആർടി ഓഫീസിന്റെ റോഡ് സേഫ്റ്റി കേഡറ്റ്, രക്ഷകർത്താവ് ഇനി സുരക്ഷാകർത്താവ്, ഡ്രൈവ് എവേ ഫ്രം ഡ്രഗ്സ് എന്നീ പദ്ധതികളും മന്ത്രി ഉദ്ഘാടനംചെയ്യും. എംഎൽഎ അധ്യക്ഷനാകും. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനായിരുന്നു നിർമാണച്ചുമതല. 23 മീറ്റര്‍ വീതം നീളത്തിലും വീതിയിലുമാണ് ടെസ്‌റ്റ്‌ ഗ്രൗണ്ട്‌. സംസ്ഥാനത്തെ ആറ് കേന്ദ്രത്തില്‍ ഒന്നാണിത്. ചുറ്റും അരമീറ്റര്‍ വീതിയില്‍ സ്ഥലം ക്രമീകരിച്ചു. ഉദ്യോഗസ്ഥർക്കായി സൗകര്യങ്ങളും ആധുനിക സംവിധാനങ്ങളും ശുചിമുറിയും ഒരുക്കി. ചൊവ്വ വെള്ളി ദിവസങ്ങളില്‍ മാവേലിക്കരയിലും തിങ്കള്‍ വ്യാഴം ദിവസങ്ങളില്‍ ചാരുംമൂട്ടിലുമാണ് ടെസ്‌റ്റ്‌ നടത്തുന്നത്. ഗ്രൗണ്ട് തയ്യാറാകുന്നതോടെ ഇവിടെയും കരിമുളയ്‌ക്കലിലും ടെസ്‌റ്റ്‌ നടക്കും. കേരളത്തില്‍ ആദ്യമായാണ് ടൂവീലര്‍, ഫോര്‍വീലര്‍, ഹെവി ലൈസന്‍സ് ടെസ്‌റ്റുകളും ഡ്രൈവിങ് സ്‌കൂളുകളും ഒരു ഗ്രൗണ്ടിലേക്കെത്തുന്നത്. റീജിണല്‍ വര്‍ക്ക് ഷോപ്പിലെ സൗകര്യങ്ങള്‍ വിപുലപ്പെടുത്തി, സൂപ്പര്‍ ഫാസ്‌റ്റ്‌ ബസുകളുടെയടക്കം ബോഡി നിര്‍മാണവും അറ്റകുറ്റപ്പണികളും കൂടി ആരംഭിക്കുന്നതോടെ മാവേലിക്കര റീജിയണല്‍ വര്‍ക്ക്‌ഷോപ്പ് സംസ്ഥാനത്തെ പ്രധാന കേന്ദ്രമായി മാറും.



deshabhimani section

Related News

View More
0 comments
Sort by

Home