കുറുവടിപ്പടയ്‌ക്ക്‌ 
അന്ത്യംകുറിച്ച 
വീര്യം

V S ACHUTHANANTHAN
avatar
അഞ്​ജുനാഥ്​

Published on Jul 22, 2025, 01:53 AM | 1 min read

ആലപ്പുഴ : വിമോചനസമരകാലത്ത്‌ കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെയും കമ്യൂണിസ്‌റ്റുകാരെയും തല്ലിയൊതുക്കാൻ പിറന്ന കുറുവടിപ്പടയുടെ അന്ത്യം ആലപ്പുഴ പട്ടണത്തിലായിരുന്നു. ഇതിന് നേതൃത്വം നൽകിയത്‌ വി എസ്‌ അച്യുതാനന്ദനും. അന്ന്‌ സമരത്തിലുണ്ടായിരുന്ന കെഎസ്‌കെടിയു പ്രവർത്തകൻ ടി പി നരേന്ദ്രൻ ഇതേപ്പറ്റി ഓർമിക്കുന്നു: 1971 ലാണ്‌ സംഭവം. കുട്ടനാട്ടിൽ കർഷകത്തൊഴിലാളികൾക്കിടയിൽ കെഎസ്‌കെടിയു ആധിപത്യം ഉറപ്പിച്ചകാലം.


ചെങ്കൊടി ഉയർത്തിയാലേ തൊഴിലാളികൾ പണിക്കിറങ്ങൂ. വെള്ളക്കൊടി ഉയർത്തണമെന്നായി കോൺഗ്രസ്‌ നേതാക്കളായ മുതലാളിമാർ. നടക്കില്ലെന്ന്‌ കർഷകത്തൊഴിലാളികളും. ജന്മിമാർ ഉയർത്തിയ വെള്ളക്കൊടിക്ക്‌ തൊഴിലാളികൾ പുല്ലുവില കൽപ്പിച്ചു. കുട്ടനാടൻ പാടങ്ങളിൽ പതവും തീർപ്പും നിശ്‌ചയിക്കുന്നതിലും ജന്മിമാർ പരാജയം രുചിച്ചു. എട്ടിലൊന്ന്‌ പതവും നാലിലൊന്ന്‌ തീർപ്പുമായിരുന്നത്‌ കെഎസ്‌കെടിയു ഇടപെട്ട്‌ ഏഴിലൊന്ന്‌ പതവും നാലിലൊന്ന്‌ തീർപ്പുമാക്കി. ഇതോടെ വിറളിപിടിച്ച ജന്മിമാരും കുറുവടിപ്പടയും കുട്ടനാട്ടിലെ കൃഷി മുടക്കാനായി ശ്രമം. പമ്പിങ്‌ ലേലം മുടക്കാൻ ലക്ഷ്യമിട്ട്‌ രണ്ടായിരത്തോളം പേരുടെ കുറുവടിപ്പട എത്തി.

ആലപ്പുഴ പുഞ്ച സ്‌പെഷൽ ഓഫീസിൽ ലേലത്തിനായി എത്തിയ കർഷകരെ കുറുവടിപ്പട തടഞ്ഞു. ഇതിനുമുൻപ്‌ അവർ ഓഫീസിനടുത്ത ആലപ്പാട്ട്‌ വൈൻസ്‌ എന്ന മദ്യശാലയിൽ കയറി മദ്യംമുഴുവൻ കുടിച്ചുതീർത്തിരുന്നു. അന്ന്‌ അമ്പലപ്പുഴ എംഎൽഎയായിരുന്ന വി എസും ആലപ്പുഴ ജില്ലാ സെക്രട്ടറി പി കെ ചന്ദ്രാനന്ദനും വിഷയമറിഞ്ഞ്‌ എത്തി. മുന്നൂറോളം കെഎസ്‌കെടിയു പ്രവർത്തകരും പ്രകടനമായി വന്നു. ഇവരെ പൊലീസ്‌ തടഞ്ഞു. വി എസ്‌ തൊഴിലാളികളെ അഭിസംബോധനചെയ്​തു. ഇതിനുശേഷം ബോട്ട്‌ക്രൂ ഓഫീസിലേക്ക്‌ പോയി. കുറച്ചുകഴിഞ്ഞ്‌, ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ്‌ കുറുവടിപ്പട ആക്രമിച്ചു. ബോട്ട്‌ക്രൂ ഓഫീസിൽനിന്ന്‌ വി എസിന്റെ നേതൃത്വത്തിൽ കർഷകത്തൊഴിലാളികൾ എത്തി.

കോടതിപ്പാലത്തിന്‌ അടുത്തുവച്ച്‌ ഇവർക്കുനേരെ കുറുവടിപ്പടയുടെ ആക്രമണമുണ്ടായി. പൊലീസ്‌ നോക്കിനിന്നു. പ്രവർത്തകർ ചെറുത്തു. പ്രത്യാക്രമണത്തിൽ കുറുവടിപ്പട തിരിഞ്ഞോടി. നേതാവ്‌ ഇ ജോൺ ജേക്കബ്‌ എന്ന നിരണം ബേബി കൈപൊക്കി പരാജയം സമ്മതിച്ചു. ഇ ജോൺ ജേക്കബിന്റെ ഉറ്റ അനുയായി മുട്ടാർ ഇയ്യോച്ചൻ സംഘർഷത്തിൽ മരിച്ചു. കെഎസ്‌കെടിയു പ്രവർത്തകരായിരുന്ന ടി പി നരേന്ദ്രൻ, കെ ആനന്ദൻ, കോമളപുരം കൃഷ്‌ണൻ എന്നിവരെ സെഷൻസ്‌ കോടതി ജീവപര്യന്തം തടവിന്‌ ശിക്ഷിച്ചു. പിന്നീട്‌ ഹൈക്കോടതി എല്ലാവരെയും വിട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home