നെഹ്‌റുട്രോഫി വള്ളംകളി ഇന്ന്
പുന്നമടയുടെ രാജാവിനെ ഇന്നറിയാം

ആലപ്പുഴ
വള്ളംകളി ആവേശം വാനോളമുയർത്തി പുന്നമടയുടെ നെട്ടായത്തിൽ ശനിയാഴ്‌ച ജലരാജാക്കന്മാരുടെ മാമാങ്കം. ആർപ്പുവിളിയും ആരവങ്ങളുമായി പതിനായിരങ്ങൾ സാക്ഷികളാകും. കാത്തിരിപ്പിന് വിരാമമിട്ട് പുന്നമടയിൽ പുതിയ കായൽ രാജാവ് ഉദിച്ചുയരും. 71–ാമത് നെഹ്‌റുട്രോഫി വള്ളംകളിക്കായി പുന്നമടയിൽ ഒരുക്കങ്ങൾ പൂർത്തിയായി. ശനി പകൽ 11ന് ചെറുവള്ളങ്ങളുടെ മത്സരങ്ങളോടെ ആരംഭിക്കും. പകൽ രണ്ടിന് മന്ത്രി പി എ മുഹമ്മദ് റിയാസ് വള്ളംകളി ഉദ്‌ഘാടനംചെയ്യും. 21 ചുണ്ടനുകളടക്കം 71 കളിവള്ളങ്ങളാണ് ഇക്കുറി മത്സരിക്കുന്നത്. മൂന്ന് ചുരുളൻ, അഞ്ച് ഇരുട്ടുകുത്തി എ, 18 ഇരുട്ടുകുത്തി ബി, 14 ഇരുട്ടുകുത്തി സി, അഞ്ച് വെപ്പ് എ, മൂന്ന് വെപ്പ് ബി, തെക്കനോടി തറയും തെക്കനോടി കെട്ടും ഒന്നുവീതം എന്നിങ്ങനെയാണ് ചെറുവള്ളങ്ങൾ. ഉദ്‌ഘാടനത്തിന് ശേഷം മാസ്‌ഡ്രില്ലും തുടർന്ന് ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്‌സും ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരവും ആരംഭിക്കും വൈകിട്ട് നാലോടെ ചുണ്ടൻ വള്ളങ്ങൾ കലാശപ്പോരിനിറങ്ങും. ആറ് ഹീറ്റ്‌സുകളിലായി 21 ചുണ്ടൻമാർ മാറ്റുരയ്‌ക്കുന്ന മത്സരത്തിൽ മികച്ച സമയംകുറിക്കുന്ന നാല് ചുണ്ടൻമാരാണ് ഫൈനൽ യോഗ്യത നേടുക. കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ജലമേളയ്‌ക്കായി ഒരുക്കിയിരിക്കുന്നത്. കുറ്റമറ്റ ഫലപ്രഖ്യാപനം നടത്താനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ പ്രതീക്ഷിച്ചാണ് ആഗസ്‌ത് രണ്ടാം ശനിയെന്ന കീഴ്‌വഴക്കം മാറ്റിവച്ച് മത്സരം 30ന് നടത്താൻ തീരുമാനിച്ചത്. സ്റ്റാർട്ടിങ്, ഫിനിഷിങ് സംവിധാനങ്ങൾ വെള്ളി പകൽ പരിശോധിച്ച് കൃത്യത ഉറപ്പാക്കി. പൂർണമായും ഹരിതചട്ടം പാലിച്ചാണ് മത്സരം . മന്ത്രി പി പ്രസാദ് ഉദ്‌ഘാടന ചടങ്ങിൽ അധ്യക്ഷനാകും. സിംബാബ്‌വെ വ്യാപാര വാണിജ്യ ഉപ മന്ത്രി രാജേഷ്‌കുമാർ ഇന്ദുകാന്ദ് മോദിയും അംബാസഡർ സ്റ്റെല്ല എങ്കോമോയും അതിഥികളായി പങ്കെടുത്തേക്കും. മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. കലക്ടറുടെയും, ജില്ലാ പൊലീസ് മേധാവിയുടെയും നേതൃത്വത്തിൽ നെഹ്റു പവലിയനിലെയും, ഫിനിഷിങ് പോയിന്റിലെയും ഒരുക്കങ്ങൾ വെള്ളി വൈകിയും വിലയിരുത്തി.









0 comments