"നല്ല പാടമറിയാൻ' മലയാളി കേട്ട ഓണാട്ടുകരക്കാരൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Aug 14, 2025, 12:11 AM | 1 min read

മാവേലിക്കര

മുരളീധരന്‍ തഴക്കരയുടെ കര്‍ഷകഭാരതി പുരസ്‌കാര നേട്ടത്തിനൊപ്പം ഓണാട്ടുകരയും ആഹ്ലാദത്തിൽ. 1992ല്‍ ആകാശവാണി കോഴിക്കോട് നിലയത്തില്‍ ഫാം റേഡിയോ റിപ്പോര്‍ട്ടറായി പ്രവേശിച്ചു. 2019ല്‍ വിരമിച്ചു. രണ്ടുപതിറ്റാണ്ടുകാലം കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തിലൂടെ പ്രേക്ഷകരെ കൈപിടിച്ചു നടത്തിയ വയലും വീടും പരിപാടിയിലെ ശബ്ദം മലയാളി മറക്കില്ല. എഴുതിയതിൽ അധികവും ഓണാട്ടുകരയുടെ കാർഷിക സംസ്കാരത്തെക്കുറിച്ച്. കൃഷിയിലെ നാട്ടറിവ്, ഓര്‍മയിലെ കൃഷിക്കാഴ്ചകള്‍, കാര്‍ഷികാചാരങ്ങള്‍-കാഴ്ചയും വിചാരവും, നാട്ടുനന്‍മൊഴികള്‍, വിതയും വിളയും-കൃഷിയുടെ നാള്‍വഴികള്‍, സ്മൃതിഗന്ധികള്‍ പൂക്കുമ്പോള്‍, നന്‍മയുടെ നടവഴികള്‍ -കേരളം ജീവിച്ചതിങ്ങനെ, പഴമൊഴി പെരുമ, നന്‍മയുടെ സങ്കീര്‍ത്തനം, കൃഷിയുടെ നന്‍മപാഠങ്ങള്‍, പോയകാലം- കേരളം ജീവിച്ചതിങ്ങനെ, ഓര്‍മയിലെ ആകാശവാണിക്കാലം എന്നിവയാണ്‌ പ്രധാന കൃതികൾ. വയലും വീടും പരിപാടിക്ക് ദേശീയപുരസ്‌കാരം, സംസ്ഥാന സര്‍ക്കാരിന്റെ അംബേദ്കര്‍ ശ്രവ്യമാധ്യമ അവാര്‍ഡ്, മികച്ച കാര്‍ഷിക വിജ്ഞാന വ്യാപന പ്രവര്‍ത്തനത്തിനുള്ള സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്‌കാരം എന്നിവ നേടി. ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഉപദേശക സമിതിയംഗം, ആകാശവാണി എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. എട്ടാം ക്ലാസ്സിലെ മലയാളം പാഠാവലിയിലെ ‘കപ്പവാട്ടിന്റെ വിശേഷങ്ങള്‍', സിബിഎസ്ഇ പത്തിലെ മലയാളം പാഠാവലിയിലെ ‘നാട്ടുപൂക്കള്‍' അധ്യായങ്ങൾ മുരളീധരന്റെ ഗ്രന്ഥങ്ങളില്‍നിന്നെടുത്തതാണ്. കര്‍ഷകര്‍ക്കും കൃഷിയെ സ്‌നേഹിക്കുന്ന റേഡിയോ ശ്രോതാക്കള്‍ക്കുമാണ്‌ ഇ‍ൗ പുരസ്‌കാരമെന്ന്‌ മുരളീധരന്‍ പറഞ്ഞു. തഴക്കര എസ്‌വിഎല്‍പിഎസ് പ്രഥമാധ്യാപകന്‍ പോത്തനൂര്‍ വീട്ടില്‍ ഗോപിനാഥന്‍പിള്ളയുടെയും ഡി സരസ്വതിയമ്മയുടെയും മകനായി 1959 ജൂണ്‍ ഒന്നിന് ജനനം. ഭാര്യ: എസ് കൃഷ്ണകുമാരി. മക്കള്‍: കെ മഞ്ജുലക്ഷ്മി ഐഎഎസ്, എം ബാലമുരളീകൃഷ്ണ.



deshabhimani section

Related News

View More
0 comments
Sort by

Home