നഗരസഭയിൽ ശ്‌മശാനമില്ല: 
ഭരണവും നിർജീവം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 17, 2025, 03:30 AM | 1 min read

മാവേലിക്കര
നഗരസഭയിൽ കഴിഞ്ഞ എൽഡിഎഫ്‌ സമിതിയുടെ ജനകീയ പദ്ധതികളുടെ തുടർച്ചയ്‌ക്കോ പുതിയപദ്ധതികൾ ആവിഷ്‌കരിക്കാനോ കഴിയാതെ നോക്കുകുത്തിയായി കോൺഗ്രസ് ഭരണസമിതി. കൗൺസിൽ യോഗത്തിലെ നാടകീയസംഭവങ്ങൾ കുത്തഴിഞ്ഞ നഗരസഭാ ഭരണത്തിന്‌ തെളിവായി. കോൺഗ്രസിലെ അനി വർഗീസ് ഒരുഭൂരഹിതന്റെ മൃതദേഹം സംസ്‌കരിക്കാൻ സ്ഥലമില്ലാതെ മറ്റൊരിടത്ത് കൊണ്ടുപോയതായി പറഞ്ഞു. ഇനിയൊരു ഭൂരഹിതൻ മരിച്ചാൽ നഗരസഭയ്‌ക്ക്‌ മുന്നിൽ മൃതദേഹവുമായി സമരംചെയ്യുമെന്ന് കോൺഗ്രസിലെതന്നെ നഗരസഭാ വൈസ്ചെയർപേഴ്സൺ കൃഷ്‌ണകുമാരി പ്രഖ്യാപിച്ചു. കൗൺസിലിന്റെ ആവശ്യപ്രകാരം ഫയല്‍ പരിശോധിച്ചപ്പോള്‍ ശ്‌മശാന നവീകരണത്തിന് 10 ലക്ഷംരൂപ അനുവദിച്ചതായും ജില്ലാ ആസൂത്രണസമിതിയുടെ അനുമതി ലഭിച്ചതായും വ്യക്തമായി. ശ്‌മശാന നവീകരണം കണ്ണൂര്‍ റീജണല്‍ അഗ്രോ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോ–-ഓപ്പറേറ്റീവ് കേരള ലിമിറ്റഡിന് കൈമാറാനും തീരുമാനമുണ്ടായിരുന്നു. എന്നാൽ ഭരണസമിതിക്ക് തുടർപ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിൽ വീഴ്‌ചയുണ്ടായി. കുഴപ്പത്തിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ച് തലയൂരാനാണ്‌ ശ്രമം. ഇടത്‌ ഭരണസമിതിയുടെ ജനകീയ പദ്ധതികളെല്ലാം യുഡിഎഫ് തകർത്തതായി മുൻ അധ്യക്ഷകൂടിയായ കൗൺസിലർ ലീല അഭിലാഷ് പറഞ്ഞു. ഇടതു ഭരണസമിതി ശ്‌മശാനം നവീകരിച്ചിരുന്നു. തുമ്പൂർമുഴി മാതൃകയാക്കി എട്ട് കേന്ദ്രത്തിലായി വികേന്ദ്രീകരിച്ചിരുന്ന മാലിന്യസംസ്‌കരണ സംവിധാനങ്ങൾ ഇല്ലാതാക്കി. അക്കാലത്ത് പുരസ്‌കാരങ്ങൾ വാരിക്കൂട്ടി. ഇന്ന്‌ സംസ്ഥാനത്തെ ഏറ്റവും മോശപ്പെട്ട നഗരസഭകളിലൊന്നായി മാവേലിക്കര. എടുത്തുപറയാൻ ഒരു പുതിയ പദ്ധതിപോലും ഈ ഭരണസമിതിക്കില്ല. നഗരസഭാ ഭരണസമിതിക്ക്‌ ശ്‌മശാനവിഷയത്തിൽ ഗുരുതര വീഴ്‌ചയുണ്ടായെന്ന്‌ റെസിഡൻസ് അസോസിയേഷൻ കോറം ഭാരവാഹികൾ പറഞ്ഞു. ശവസംസ്‌കാരത്തിന് താൽക്കാലിക സംവിധാനം ഒരുക്കണം.



deshabhimani section

Related News

View More
0 comments
Sort by

Home