സ്‌കൂളുകളിൽ കരനെൽകൃഷി പദ്ധതിയുമായി തെക്കേക്കര

തെക്കേക്കര പഞ്ചായത്തിലെ സ്‌കൂളുകളിൽ നടപ്പാക്കുന്ന കരനെൽകൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
തെക്കേക്കര പഞ്ചായത്തും ജൈവവൈവിധ്യ പരിപാലന സമിതിയും (ബിഎംസി) പഞ്ചായത്തിലെ സ്‌കൂളുകളിലെ ജൈവവൈവിധ്യ ക്ലബ്ബുകളും ചേർന്ന് നടത്തുന്ന കരനെൽകൃഷിക്ക് തുടക്കമായി. വരേണിക്കൽ യുപി സ്‌കൂൾ വളപ്പിലെ 20 സെന്റ് ഭൂമിയിൽ പൗർണമി വിത്ത് വിതച്ച് കൃഷിമന്ത്രി പി പ്രസാദ് പദ്ധതി ഉദ്ഘാടനംചെയ്‌തു. ഭക്ഷ്യസ്വയം പര്യാപ്തത കൈവരിക്കാൻ, കഴിയുന്നിടത്തോളം സ്ഥലങ്ങളിൽ കൃഷി വ്യാപിപ്പിക്കണമെന്ന് മന്ത്രി പറഞ്ഞു.
ഹൈഡ്രോപോണിക്‌സ്, എയ്റോപോണിക്‌സ് തുടങ്ങിയ ആധുനിക കൃഷിരീതികൾ ഉപയോഗിച്ച് സ്ഥലപരിമിതി എന്ന പ്രശ്നത്തിനുള്ള പരിഹാരം തേടാമെന്നും മന്ത്രി പറഞ്ഞു. എം എസ് അരുൺകുമാർ എംഎൽഎ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ മോഹൻകുമാർ സ്വാഗതം പറഞ്ഞു. കേരള സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ ജി ഹരിശങ്കർ പ്രത്യേക സന്ദേശം നൽകി. കായംകുളം അഗ്രികൾച്ചറൽ റിസർച്ച് സ്‌റ്റേഷൻ അസി. പ്രൊഫ. ഡോ. പൂർണിമ യാദവ് മുഖ്യപ്രഭാഷണം നടത്തി.
ബിഎംസി കൺവീനർ ഡോ. ഷേർളി പി ആനന്ദ് പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് മിനി ദേവരാജൻ, പി അജിത്ത്, വി രാധാകൃഷ്‌ണൻ, ജയശ്രീ ശിവരാമൻ, ആർ അജയൻ, ഗിരിജ രാമചന്ദ്രൻ, പഞ്ചായത്തംഗങ്ങൾ, ജി അജയകുമാർ, ജിജി ജോർജ്, രാമചന്ദ്രക്കുറുപ്പ്, വി ഹരികുമാർ, ശ്രീകുമാർ, കെ മധുസൂദനൻ, എൻ ഓമനക്കുട്ടൻ, തുളസി ഭായി, ശ്രുതി ജോസ്, ഉമേഷ്, ജയരാജൻ എന്നിവർ പങ്കെടുത്തു. പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിൽ നെൽകൃഷി സമ്പൂർണമാണ്. കഴിഞ്ഞ ഒരുവർഷംകൊണ്ട് 13 ഹെക്‌ടർ സ്ഥലത്തേക്ക് അധികമായി നെൽകൃഷി വ്യാപിപ്പിക്കാൻ കഴിഞ്ഞു. കൃഷിയുടെ പ്രാധാന്യവും അതിന്റെ ബാലപാഠങ്ങളും വരും തലമുറയ്‌ക്ക് പകർന്നുകൊടുക്കുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് പറഞ്ഞു.









0 comments