ഭാഗ്യക്കുറി വിൽപ്പനശാലയിലെ മോഷണം
കാമറാദൃശ്യവും വിരലടയാളവും കേന്ദ്രീകരിച്ച് അന്വേഷണം


സ്വന്തം ലേഖകൻ
Published on Oct 22, 2025, 12:03 AM | 1 min read
ചേർത്തല
നഗരത്തിലെ ഭാഗ്യക്കുറി മൊത്ത വ്യാപാരശാലയിൽനിന്ന് 2.16 ലക്ഷം രൂപയുടെ ടിക്കറ്റും പണവും മോഷ്ടിച്ച കേസിൽ പൊലീസ് അന്വേഷണം ഉൗർജിതം. നഗരത്തിൽ വിവിധയിടങ്ങളിലെ സിസിടിവി കാമറാദൃശ്യം കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം. പൊലീസ് നായ സഞ്ചരിച്ച വഴികളിലെ കടകളിലെ കാമറാദൃശ്യം പൊലീസ് ചൊവ്വാഴ്‌ച പരിശോധിച്ചു. വിരലടയാള വിദഗ്ധർ നൽകിയ വിവരം അടിസ്ഥാനാക്കിയും പരിശോധന തുടങ്ങി. ചേർത്തല ദേവീക്ഷേത്രത്തിന് തെക്കുവശം കണിച്ചുകുളങ്ങര പള്ളിക്കാവുവെളി ലത ബാബുവിന്റെ ഉടമസ്ഥതയിലെ ബ്രദേഴ്സ് ലോട്ടറി വിൽപ്പനശാലയിൽ തിങ്കൾ പുലർച്ചെയായിരുന്നു മോഷണം. മൂന്നുദിവസത്തെ 5143 ടിക്കറ്റും പൂജ ബമ്പറിന്റെ 20 ടിക്കറ്റുമാണ് മോഷ്ടിച്ചത്. മോഷ്‌ടിച്ച സ്‌ത്രീശക്തി ലോട്ടറികളിൽ 1000 രൂപയുടെയും 200ന്റെയും 100ന്റെയും സമ്മാനമുണ്ട്. ബുധനാഴ്‌ച നറുക്കെടുക്കുന്ന ധനലക്ഷ്‌മി ലോട്ടറിയുടെ 525 ടിക്കറ്റാണ് നഷ്ടപ്പെട്ടത്. സമ്മാനാർഹമായ ടിക്കറ്റിന്റെ സീരിയൽ നമ്പർ ഉൾപ്പെടെ വിവരം പൊലീസ് ഇതര ഏജൻസികൾക്ക് കൈമാറി. ടിക്കറ്റുമായി എത്തുന്നവരുടെ വിവരം ശേഖരിക്കാൻ പൊലീസ് നിർദേശിച്ചു. ചേർത്തല സി ഐ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലാണ് അന്വേഷണം.









0 comments