നടീൽ ഉദ്‌ഘാടനം ഇന്ന്
മാറ്റോടെ ഞാറ്റടി

പായ ഞാറ്റടി കൃഷി രീതിയിൽ മുളപ്പിച്ച ഞാറ് ഫ്ലോട്ടിങ് യന്ത്രത്തിൽ അറുനൂറ്റിമംഗലം ഫാമിലെ സീനിയർ കൃഷി ഓഫീസർ ടി ടി അരുണിന്റെ നേതൃത്വത്തിൽ നടീൽ ട്രയൽ റൺ ആരംഭിച്ചപ്പോൾ
നെബിൻ കെ ആസാദ്
Published on Jul 17, 2025, 01:13 PM | 1 min read
ആലപ്പുഴ
ആലപ്പുഴയുടെ പുഞ്ചപ്പാടങ്ങളിൽ വിത്തുവിതയും ഞാറ് നടലുമൊക്കെ ഇനി എളുപ്പമാകും. വർധിച്ച കൃഷിച്ചെലവിനും പരിഹാരമാകും. കൃഷിരീതിയിൽ പുത്തൻ പരീക്ഷണത്തിനൊരുങ്ങുകയാണ് ജില്ലാ പഞ്ചായത്ത്. അറുനൂറ്റിമംഗലത്തെ സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിലെ 12 ഏക്കറിൽ യന്ത്രസഹായത്താൽ നടുന്ന മാറ്റ് നഴ്‌സറി(പായ ഞാറ്റടി) കൃഷിരീതിക്ക് തുടക്കമായി. ഉമവിത്തിനമാണ് പാകിയത്. ഫിലിപ്പൈൻ രീതിയിൽ ജില്ലയിലെ ആദ്യസംരംഭമാണിത്. തടമെടുത്ത് പ്ലാസ്‌റ്റിക് ഷീറ്റ് വിരിയ്ക്കും. വൃത്തിയായ ചെളി ഷീറ്റിനുമേൽ പാകും. ഇതിന് മുകളിലായാണ് പായ പോലെ അടുത്തടുത്തായി വിത്ത് വിതയ്ക്കുന്നത്. ഞാറ് നടുന്ന യന്ത്രങ്ങൾ പലതുണ്ടെങ്കിലും ഭാരം കൂടുതലായതിനാൽ ആലപ്പുഴയിലെ പാടങ്ങളിൽ താഴ്‌ന്നു പോകും. കൂടുതൽ സമയമെടുക്കും. അതിനാൽ ജപ്പാനിലടക്കം ഉപയോഗിക്കുന്ന ഫ്ലോട്ടിങ് നടീൽ മെഷീൻ ആണ് ജില്ലാ പഞ്ചായത്തും കൃഷി വകുപ്പും പരീക്ഷിക്കുന്നത്. അറുനൂറ്റിമംഗലം ഫാമിലെ സീനിയർ കൃഷി ഓഫീസർ ടി ടി അരുണിന്റെ നേതൃത്വത്തിൽ ട്രയൽ നടത്തിയിരുന്നു. പായ പ്രതലത്തിലെ ഞാറ് കൃത്യമായ വലിപ്പത്തിൽ മുറിച്ചെടുത്ത് മെഷീനിലേക്ക് വയ്ക്കും. മെഷീൻ നിയന്ത്രിക്കാൻ കൂടുതൽ പേരുടെ ആവശ്യവുമില്ല. ഫ്ലോട്ടിങ് മെഷീൻ ഉപയോഗിച്ച് നടീൽ വ്യാഴം പകൽ പന്ത്രണ്ടിന് അറുനൂറ്റിമംഗലം ഫാമിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്‌ഘാടനംചെയ്യും. സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക് രാജു അധ്യക്ഷയാകും. വിത്തുലാഭിക്കാം സമയവും തൃശൂർ, പാലക്കാട് ജില്ലകളിൽ വ്യാപകമാണ് പായ ഞാറ്റടി. മഹിളാ കിസാൻ ശാക്തീകരണ പരിയോജന (എംകെഎസ്‌പി)യ്ക്ക് കീഴിൽ പാലക്കാട് ജില്ലയിൽ പ്രവർത്തിക്കുന്ന രണ്ട് മഹിളാ സംഘങ്ങളുടെ നേതൃത്വത്തിലാണ് അറുന്നൂറ്റി മംഗലത്ത് പായ ഞാറ്റടി നടത്തുന്നത്. ഞാറ്റടിക്കായി സാധാരണ 25 ദിവസം വരെ താമസമുണ്ടാകാറുണ്ട്. മനുരത്ന പോലെ ഇനങ്ങൾക്ക് 20 ദിവസംവരെയാണ് താമസം. എന്നാൽ പായ ഞാറ്റടിയിൽ ഈ കാലതാമസം കൂടുതൽ കുറയ്ക്കാം. 20 ശതമാനം വിത്തും ലാഭിക്കാം.







0 comments