റെയിൽവേ അധികൃതരുടെ നിർദേശത്തിന് പുല്ലുവില
നിർമാണം ഇഴയുന്നു; സ്‌റ്റേഷൻ കവാടം പൂർത്തിയായില്ല

ആലപ്പുഴ റെയിൽവേ സ്‌റ്റേഷനുമുന്നിലെ നിർമാണം പൂർത്തിയാകാത്ത കവാടം

സ്വന്തം ലേഖകൻ
Published on Nov 11, 2025, 01:31 AM | 1 min read
ആലപ്പുഴ
റെയിൽവേ സ്‌റ്റേഷൻ കവാടം നവീകരണം പൂർത്തിയാക്കാൻ അധികൃതർ നിശ്‌ചയിച്ച സമയം 13 ന് അവസാനിക്കും. ജോലികൾ ഇതിനുള്ളിൽ തീരില്ലെന്ന് റെയിൽവേ ജീവനക്കാർ പറയുന്നു. നവീകരണം വിലയിരുത്താൻ ഒക്‌ടോബർ ആദ്യമാണ് ഡിവിഷണൽ റെയിൽവേ മാനേജർ (ഡിആർഎം) ആലപ്പുഴ റെയിൽവേ സ്‌റ്റേഷൻ സന്ദർശിച്ചത്. നവംബർ 13 ന് മുന്പായി നവീകരണം പൂർത്തിയാക്കാൻ നിർദേശവും നൽകി. എന്നാൽ ഇതിന് കഴിഞ്ഞിട്ടില്ല.
പഴയ കെട്ടിടത്തിന് മുൻവശത്ത് കുറച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇവിടെ ടൈൽ നിരത്തുന്ന ജോലിയാണ് ഇപ്പോൾ നടന്നുവരുന്നത്.അസൗകര്യങ്ങളാൽ നട്ടം തിരിയുന്ന ആലപ്പുഴ റെയിൽവേ സ്‌റ്റേഷനിൽ മെക്കാനിക്കൽ, സിഗ്‌നൽ, ഇലക്‌ട്രിക്കൽ വിഭാഗങ്ങൾക്കായി പ്ലാറ്റ്‌ഫോം ഓഫീസുകൾ തുറക്കാനും ഡിആർഎം നിർദേശം നൽകിയിരുന്നു. എന്നാൽ ഇതും നടന്നില്ല. അമൃത ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി ആറുമാസം കൊണ്ട് പൂർത്തിയാക്കാൻ നിശ്‌ചയിച്ചിരുന്ന നവീകരണം ഇതുവരെ എങ്ങുമെത്തിയിട്ടില്ല. കരാറുകാരും റെയിൽവേയും തമ്മിലുള്ള തർക്കമാണ് ജോലികൾ മുടങ്ങാൻ കാരണമെന്നാണ് റെയിൽവേ ജീവനക്കാർ പറയുന്നത്. പലപ്പോഴും കരാറുകാർ ജോലി നിർത്തുന്നതും പതിവാണ്.
തിരുവനന്തപുരം റെയിൽവേ ഡിവിഷൻ അവലോകന യോഗത്തിൽ ആലപ്പുഴ റെയിൽവേ സ്‌റ്റേഷൻ നവീകരണം വൈകുന്നത് വിമർശത്തിന് ഇടാക്കിയിരുന്നു. തുടർന്നായിരുന്നു ഡിആർഎം അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സന്ദർശനം.









0 comments