അഴകിന്റെ രാജകുമാരനിൽ തെക്കേക്കര

ആലപ്പുഴ
അഴകിന്റെ രാജകുമാരൻ ചെറുതന പുത്തൻചുണ്ടനിൽ ഇക്കുറി പുന്നമടയിലേക്ക് എത്തുന്നത് തെക്കേക്കര ബോട്ട് ക്ലബാണ് (ടിബിസി). സീസണിന് തുടക്കമിട്ട് നടന്ന ചമ്പക്കുളം മൂലം വള്ളംകളിയിൽ രാജപ്രമുഖൻ ട്രോഫി നേടിയ ചെറുതന പുത്തൻചുണ്ടൻ, മികവ് നെഹ്‌റുട്രോഫിയിലും ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് ടിബിസി. ആഗസ്‌ത് 15ന് തെക്കേക്കര എസ്‌എൻഡിപി ബിൽഡിങ്ങിൽ ക്യാമ്പ് ആരംഭിച്ചു. രാവിലെയും വൈകിട്ടും ശാരീരികക്ഷമത പരിശീലനവും വള്ളത്തിൽ ട്രയലുമുണ്ട്. ലീഡിങ് ക്യാപ്റ്റൻ ജെയിംസ്‌കുട്ടി കൊക്കക്കുഴി തന്നെയാണ് മുഖ്യപരിശീലകൻ. വിഷ്‌ണു കോട്ടയം ഫിസിക്കൽ ട്രെയിനർ. കശ്‌മീരിൽനിന്നുള്ള 20 പ്രഫഷണൽ താരങ്ങളുൾപ്പെടെ 95 പേർ ക്യാമ്പിലുണ്ട്. വിദഗ്‌ധരുടെ നിർദേശപ്രകാരം തയ്യാറാക്കിയ ഭക്ഷണമാണ് താരങ്ങൾക്ക്. രാവിലെ തെക്കേക്കരയിൽ മണിമലയാറ്റിലും വൈകിട്ട് എസി റോഡ് കനാലിലുമായാണ് വള്ളത്തിലെ പരിശീലനം. പുന്നമടയിലെത്തുമ്പോൾ അഞ്ച് അമരക്കാരും ഒമ്പത് താളക്കാരും 81 തുഴക്കാരും ഉൾപ്പെടെ 95 പേർ വള്ളത്തിലുണ്ടാകും. ലിനു പാലത്രയും ബാബുക്കുട്ടൻ കറുകയിലുമാണ് ക്യാപ്‌റ്റൻമാർ. ചെറുതന കരയുടെ മൂന്നാമത്തെ ചുണ്ടനാണ് പുത്തൻചുണ്ടൻ. 1915ന് മുമ്പ് ആറന്മുള മാരാമണിൽനിന്ന് പള്ളിയോടം വാങ്ങി ചെറുതന ചുണ്ടനാക്കുകയായിരുന്നു. നാട്ടിലെ പ്രമാണിമാരുടെ ഉടമസ്ഥതയിലായിരുന്ന ചുണ്ടൻ 1965–ൽ കരക്കാർക്ക് വിട്ടുനൽകി. പിന്നീട് ഇൗ ചുണ്ടൻ വിറ്റതോടെ 1986ൽ പുതിയ ചുണ്ടൻ നിർമിച്ച് നീരണിഞ്ഞു. 2004ൽ ചെറുതന ചുണ്ടൻ നെഹ്റുട്രോഫി തൊട്ടു. ഒമ്പതുവട്ടം രണ്ടാംസ്ഥാനത്തെത്തി. പായിപ്പാട്, ചമ്പക്കുളം, നീരേറ്റുപുറം, കരുവാറ്റ, പല്ലന, മാന്നാർ നെട്ടായങ്ങളിലെല്ലാം ഹാട്രിക് വിജയങ്ങൾ. 2021ൽ ചെറുതന പുത്തൻചുണ്ടൻ നീരണിഞ്ഞു. സുരേന്ദ്രൻ മാടവന ചെറുതന ചുണ്ടൻവള്ളസമിതി പ്രസിഡന്റും മനോജ് മാടശേരിൽ സെക്രട്ടറിയുമാണ്.









0 comments