വെള്ളംകുളങ്ങര വെള്ളിടിയായ കലാശപ്പോര്


ഫെബിൻ ജോഷി
Published on Aug 16, 2025, 01:37 AM | 1 min read
ആലപ്പുഴ : കാരിച്ചാലും ജവഹറും നെട്ടായങ്ങൾ അടക്കി ഭരിച്ച എൺപതുകൾ. മൂന്നാം ഹാട്രിക്കിനായി കാരിച്ചാൽ ചുണ്ടൻ. ആദ്യ ഹാട്രിക്കിനായി വില്ലേജ് ബോട്ട് ക്ലബ് കൈനകരി. വില്ലേജിന്റെ ഹാട്രിക് മോഹം എങ്ങനെയും തടയാൻ ജവഹർ തായങ്കരിയിൽ കുമരകം ബോട്ട് ക്ലബ്ബും. എങ്കിൽപിന്നെ കാരിച്ചാലോ, ജവഹറോ. നെഹ്‌റുട്രോഫി രണ്ടിലൊരാൾക്ക്... ആഗസ്‌തിലെ രണ്ടാം ശനിക്ക് മുന്നേ നാൽക്കവലകളും ചായക്കടകളും തീരുമാനമാക്കി. പുന്നമടയിൽ തടിച്ചുകൂടിയ ആരാധകരുടെ കണക്കുകൂട്ടലുകൾ 1988ൽ തകർന്നുവീണത് വലിയ ചുണ്ടനെന്ന ഖ്യാതിയുമായെത്തിയ വെള്ളംകുളങ്ങരയ്‌ക്കും പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിനും മുന്നിൽ. പിബിസി–വെള്ളംകുളങ്ങര കൂട്ടുകെട്ട് അക്കുറി വെള്ളിക്കിരീടത്തിൽ ആദ്യചുംബനം നൽകി. 1971 മുതൽ ചെറുവള്ളങ്ങളിൽ പിബിസി പലകുറി വിജയികളായി.
1981 മുതൽ ചുണ്ടനിൽ മത്സരിച്ചെങ്കിലും ജയംമാത്രം മാറിനിൽക്കുകയായിരുന്നു. ഹീറ്റ്‌സ് മത്സരങ്ങളിൽ ഒന്നാമതായി എത്തിയ കളിവള്ളങ്ങൾ, വിബിസിയുടെ കാരിച്ചാൽ, കെടിബിസിയുടെ ജവഹർ തായങ്കരി, ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം. ഫൈനൽ വിസിലിൽ ജവഹറാണ് കുതിച്ചുതുടങ്ങിയത്. 4650 അടി ട്രാക്ക് പാതി പിന്നിടുംമുമ്പുതന്നെ കാരിച്ചാൽ ഒപ്പംപിടിച്ചു. ഓളങ്ങളെ പിന്നോട്ടുതള്ളി ചിറമുറിയുംകടന്ന് ഒപ്പത്തിനൊപ്പം ഇരുവള്ളങ്ങളും പാഞ്ഞു. രണ്ടാം ട്രാക്കിലെ വെള്ളംകുളങ്ങര അപ്പോഴും പിന്നിലായിരുന്നു. പവിലിയനരികെ വെള്ളത്തുള്ളികൾ പാറിപ്പറന്ന കലാശത്തുഴച്ചിലിൽ വെള്ളംകുളങ്ങര മുന്നിലേക്ക്. ഇരുകരകളിലും ആവേശം വീർപ്പുമുട്ടി. ആർപ്പുവിളികളുയർന്നു... വെള്ളംകളങ്ങരയുടെ കൂമ്പ് വിജയവരതൊടുമ്പോൾ രണ്ട് തുഴപ്പാടകലെ കാരിച്ചാലിന്റെയും വിബിസിയുടെയും സ്വപ്‌നങ്ങൾ വീണുടഞ്ഞു.
നെഹ്‌റു കൈയൊപ്പിട്ട കിരീടം പിബിസിയുടെ ക്യാപ്‌റ്റൻ ടി പി രാജുവിന്റെ കൈകളിലേക്ക്. കെടിബിസിയുടെ ജവഹർ മൂന്നാമതും ചമ്പക്കുളം നാലമതുമായി ഫിനിഷ്‌ചെയ്‌തു. അക്കുറി യുബിസി മത്സരത്തിന് ഇറങ്ങിയിരുന്നില്ല. യുബിസിയിൽ പയറ്റിത്തെളിഞ്ഞ 18 പേർ പിബിസിക്കായി തുഴയെടുത്തിരുന്നു. 88ലെ മത്സരത്തെക്കുറിച്ച് കഥകൾ പലതുണ്ട് ആരാധകർക്കിടയിൽ. മൂന്ന് വ്യാഴവട്ടം മുമ്പ് വെള്ളംകുളങ്ങരയിൽതട്ടി പുന്നമടയിൽ മുങ്ങിയ മൂന്നാംകിരീടം വില്ലേജ് ബോട്ട് ക്ലബ്ബിന് ഇപ്പോഴും സ്വപ്‌നമായി തുടരുകയാണ്. കഴിഞ്ഞവർഷം മൈക്രോ സെക്കൻഡുകൾക്ക് പിന്നിൽ മൂന്നാം കിരീടം നഷ്‌ടമായി. പ്രതിസന്ധികളോട് പൊരുതി ജീവിതംകൊരുക്കുന്ന കുട്ടനാടൻ കരുത്ത് ഇക്കുറി ആ സ്വപ്‌നം യാഥാർഥ്യമാക്കുമോ ?പുന്നമടയിൽ കാണാം.









0 comments