കുമരകത്തിന്റെ കറുത്ത കുതിരകൾ

2023ലെ നെഹ്റു ട്രോഫി ഫൈനൽ മത്സരത്തിൽ കുമരകം ടൗൺ ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ രണ്ടാമതെത്തുന്നു (ഫയൽചിത്രം)
ഫെബിൻ ജോഷി
Published on Aug 17, 2025, 02:06 AM | 1 min read
ആലപ്പുഴ
2023 ആഗസ്‌ത് 12, തുടർച്ചയായ നാലാം കിരീടത്തിൽ കണ്ണുവച്ച് പള്ളാത്തുരുത്തിയുടെ വീയപുരം, യുബിസി കൈനകരിയുടെ നടുഭാഗം, കപ്പടിച്ചെത്തുന്ന കാട്ടിൽ തെക്കേതിലിൽ പൊലീസ് ബോട്ട് ക്ലബ്...സൂപ്പർതാരങ്ങൾ കുറവല്ലായിരുന്നു അക്കുറിയും പുന്നമടയിൽ. കോവിഡ് ഇടവേളയ്‌ക്കുശേഷം ഇരച്ചെത്തിയ പതിനായിരങ്ങൾക്കിടയിൽ, വീരകഥകളുറങ്ങാത്ത തീരത്ത് കുമരകത്തെ നെഞ്ചേറ്റിയവർ എത്തിയത് വലിയ സ്വപ്നങ്ങളില്ലാതെ. വമ്പൻമാരുടെ വരവിൽ ഇരമ്പിയാർത്ത ജനസാഗരം, ചമ്പക്കുളം ചുണ്ടനിൽ നെട്ടായത്തിലെത്തിയ കുമരകം ടൗൺ ബോട്ട് ക്ലബ്ബിനെ നിശബ്‌ദമായാണ് സ്വീകരിച്ചത്. പോയകാലത്തിന്റെ നിഴൽ മാത്രമായവരെന്ന് പരിഹാസം. രണ്ടാം ഹീറ്റ്‌സിൽ യുബിസിയ്‌ക്ക് പിന്നിൽ രണ്ടാമതായി ഫിനിഷ് ചെയ്‌തു. സീസണിലെ മികച്ചടീമുകളിൽ ഒന്നിനെ വലിയ വ്യത്യാസമില്ലാതെ പിടിക്കാനായത് ആരാധകർക്ക് ഉണർവേകി. ആദ്യരണ്ട് ഹീറ്റ്‌സുകളിൽ ഒന്നാമതായി പള്ളാത്തുരുത്തിയുടെ വീയപുരവും യുബിസിയുടെ നടുഭാഗവും ഫൈനൽ ഉറപ്പിച്ചപോലെ. ഇനി സീസണിലെ ഹോട്ട് ഫേവറിറ്റുകൾ അണിനിരക്കുന്ന മത്സരങ്ങൾ. പ്രതീക്ഷകൾ അസ്തമിച്ച് തലകുനിച്ചിരുന്നവർക്ക് ഇരുണ്ടുകൂടിയ മഴമേഘങ്ങൾക്ക് കീഴെ പുന്നമട കരുതിവച്ചത് മറ്റൊന്നായിരുന്നു. മൂന്നാം ഹീറ്റ്‌സിൽ പൊലീസ് കരുത്തിൽ കാട്ടിൽതെക്കേതിൽ ഫൈനൽ യോഗ്യത നേടി. പിന്നിടങ്ങോട്ട് പ്രവചനങ്ങൾ തെറ്റി. ഫൈനൽ പ്രതീക്ഷകളുമായെത്തിയ തലവടി നാലാംഹീറ്റ്‌സിൽ വിജയവരതൊട്ടത് 4:35.89 മിനിറ്റിൽ. അഞ്ചാം ഹീറ്റ്‌സിൽ നിരണം ചുണ്ടനും (4:31.46) കാരിച്ചാലും (4:33.12) കുതിച്ചെത്താൻ വൈകി. രണ്ടാമനായിട്ടം ഹീറ്റ്‌സിലെ മികച്ച സമയത്തിന്റെ കരുത്തിൽ (4.26.41) കുമരകം ഫൈനലിലേക്ക്. ഗാലറികളിൽ കെടിബിസി ആരാധകർക്ക് ജീവൻവച്ചു. ഫൈനലിന് വിസിൽ മുഴങ്ങി. പങ്കായങ്ങൾ ഓളപ്പരപ്പിൽ ആഞ്ഞുകുത്തി, ജലത്തുള്ളികൾ വാരിവിതറി ജലരാജാക്കന്മാർ കുതിച്ചു. പുന്നമട ത്രസിച്ചു, ആർത്തുവിളിച്ചു. പതിനായിരങ്ങളെ സാക്ഷിയാക്കി ചമ്പക്കുളത്തിന്റെ കുതിപ്പ്. 2004 ഉം, 2005ഉം, 2006ഉം, 2007 ഉം ആവർത്തിക്കുമെന്ന് തോന്നി. ലീഡ് തിരിച്ചെടുത്ത വീയപുരത്തെ പലകുറി മുന്നിലെത്തി ചമ്പക്കുളം വിറപ്പിച്ചു. അവസാനം തുഴപ്പാടുകൾ മാത്രം പിന്നിലായി ഫോട്ടോ ഫിനിഷ്..!! ഹൃദയം കീഴടക്കിയ പോരാളികളെ ആരവങ്ങളോടെയാണ് പുന്നമട യാത്രയാക്കിയത്. സെക്കൻഡിന്റെ മാത്രം വ്യത്യാസത്തിൽ രണ്ടാം സ്ഥാനക്കാരായ കുമരകത്തെ വമ്പൻ ആഘോഷമൊരുക്കിയാണ് നാട്ടിൽ സ്വീകരിച്ചത്.









0 comments