പുന്നമട -നെഹ്റുട്രോഫി പാലം നിർമാണം വേഗത്തിൽ
ഇത് സ്വപ്‌നങ്ങൾ യാഥാർഥ്യമാകുന്ന കാലം

ആലപ്പുഴ
നഗരസഭാ നെഹ്റുട്രോഫി വാർഡിലെയും നടുത്തുരുത്ത് പ്രദേശത്തെയും ജനങ്ങളുടെ ചിരകാല സ്വപ്‌നം അതിവേഗത്തിൽ യാഥാർഥ്യമാകുന്നു. എൽഡിഎഫ് സർക്കാരിന്റെ വികസനച്ചിറകിലേറി പുന്നമട - നെഹ്റുട്രോഫി പാലത്തിന്റെ നിർമാണം അതിവേഗത്തിൽ പുരോഗമിക്കുകയാണ്.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 57.12 കോടി രൂപ വിനിയോഗിച്ച് ഊരാളുങ്കൽ ലേബർ സർവീസ് സൊസൈറ്റിയാണ് പാലം നിർമിക്കുന്നത്. പാലത്തിനുള്ള പൈലിങ്, പൈൽ ക്യാപ്പുകൾ, പിയറുകൾ എന്നിവയുടെ നിർമാണങ്ങളാണ് പുരോഗമിക്കുന്നത്. 34 പൈലുകളും ഒമ്പത് പൈൽ ക്യാപ്പുകളും14 പിയറുകളും പൂർത്തിയായി.
പുന്നമട കായലിലൂടെയുള്ള പുരവഞ്ചി ഗതാഗതത്തെ ബാധിക്കാത്ത രീതിയിൽ ജലപാതയ്‌ക്ക് തടസംവരാത്ത വിധം ഇൻലാൻഡ് വാട്ടർവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശങ്ങൾ പാലിച്ചാണ് രൂപരേഖ തയ്യാറാക്കിയത്. 384.1 മീറ്റർ നീളമുള്ള പാലത്തിന് 12 മീറ്റർ നീളമുള്ള 25 സ്‌പാനും 72.05 മീറ്ററിന്റെ ബോസ്ട്രിങ് ആർച്ച് മാതൃകയിലുള്ള ജല ഗതാഗതസ്‌പാനും ആണുള്ളത്. കൂടാതെ ഇരുകരകളിലുമായി 110 മീറ്റർ അപ്രോച്ച് റോഡും നിർമിക്കും. റോഡ് നിർമിക്കാനുള്ള സ്ഥലം ഏറ്റെടുത്തു. പുന്നമടവാർഡിനെയും നെഹ്റുട്രോഫി വാർഡിനെയും ബന്ധിപ്പിക്കുന്ന പാലം നഗരത്തിൽനിന്ന് ഒറ്റപ്പെട്ട് നിൽക്കുന്ന നെഹ്റുട്രോഫി മുനിസിപ്പൽ വാർഡ് നിവാസികളുടെയും കൈനകരി പഞ്ചായത്തിലെ നടുത്തുരുത്ത് പ്രദേശവാസികളുടെയും യാത്രാദുരിതം ഇല്ലാതാക്കാനും പ്രദേശത്തെ ടൂറിസം സാധ്യതകൾ വികസിപ്പിക്കാനും ലക്ഷ്യംവച്ചാണ് വിഭാവനം ചെയ്‌തിട്ടുള്ളത്.









0 comments