എം ആർ തോട് നഗറിലേക്ക് റോഡ് തുറന്നു

അമ്പലപ്പുഴ മണ്ഡല വികസന മഹോത്സവത്തിന്റെ ഭാഗമായി പള്ളാത്തുരുത്തി വാർഡ് എം ആർ തോട് നഗർ റോഡ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനംചെയ്യുന്നു. എച്ച് സലാം എംഎൽഎ സമീപം
ആലപ്പുഴ
എസ്‌സി, എസ്ടി വിഭാഗങ്ങളെ ചേർത്തുപിടിച്ച വികസനമാണ് സർക്കാരിന്റേതെന്ന് മന്ത്രി ഒ ആര്‍ കേളു പറഞ്ഞു. അമ്പലപ്പുഴ മണ്ഡലം വികസന മഹോത്സവത്തിന്റെ ഭാഗമായി പട്ടികജാതി വികസനവകുപ്പ് മുഖേന നടപ്പാക്കുന്ന അംബേദ്‌കര്‍ ഗ്രാമം പദ്ധതിയില്‍ ആലപ്പുഴ നഗരസഭ പള്ളാത്തുരുത്തി വാര്‍ഡില്‍ നിര്‍മിച്ച എം ആര്‍ തോട് ചിറ നഗര്‍ റോഡ് ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.
എൽഡിഎഫ് സർക്കാരിന്റെ ഒമ്പത് വർഷം താഴേത്തട്ടിലെത്തിയ എണ്ണിയാലൊടുങ്ങാത്ത വികസനപ്രവർത്തനങ്ങളാണ് നടത്തിയത്. പൊതുവികസനത്തോടൊപ്പം പട്ടികവിഭാഗങ്ങളൂടെ വികസനത്തിനും സർക്കാർ പ്രാധന്യം നൽകുന്നു. ആയിരത്തിലേറെ എസി, എസ്ടി കുട്ടികളാണ് വിദേശത്ത് ഉന്നതവിദ്യാഭ്യാസം നടത്തുന്നത്. ഒരുകുട്ടിക്ക് 25 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഇതിനായി ചെലവഴിക്കുന്നത്. പൈലറ്റ്, എയര്‍ഹോസ്‌റ്റസ് പഠനം പൂർത്തിയാക്കിയ 115 കുട്ടികൾക്ക് എറണാകുളത്ത് നടന്ന ചടങ്ങിൽ സർട്ടിഫിക്കറ്റ് നൽകി. ഇവര്‍ക്ക് ജോലി ഉറപ്പാക്കാനും സര്‍ക്കാരിനായി. തിരുവനന്തപുരത്ത് ഡിജിറ്റല്‍ സര്‍വകലാശാലയില്‍ 135 വിദ്യാര്‍ഥികള്‍ക്ക് ഉന്നത സ്‌കില്‍ ട്രെയിനിങ് നല്‍കുന്നുണ്ട്. ഐഎഎസ് അക്കാദമിയിൽ നൂറുകണക്കിന് എസ്‌സി, എസ്ടി വിദ്യാർഥികളാണ് സിവില്‍ സര്‍വീസിന് പഠിക്കുന്നത്.
പട്ടികജാതി വികസനകുപ്പിന് കീഴിൽ പ്രവര്‍ത്തിക്കുന്ന പാലക്കാട് മെഡിക്കല്‍ കോളേജിനായി കഴിഞ്ഞ ഒമ്പതുവർഷം 750 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചത്. ഒരുവര്‍ഷം 72 പട്ടികജാതി കുട്ടികള്‍ക്കാണ് എംബിബിഎസിന് പ്രവേശനം കൊടുക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എച്ച് സലാം എംഎല്‍എ അധ്യക്ഷനായി.
പട്ടികജാതി വികസനവകുപ്പ് അംബേദ്കർ ഗ്രാമവികസന പദ്ധതി 2022–-23 ൽ ഒരുകോടി രൂപ ചെലവഴിച്ചാണ് എം ആര്‍ തോട് ചിറ നഗര്‍ റോഡ് നിര്‍മിച്ചത്. അറുപതോളം പട്ടികജാതി കുടുംബം താമസിക്കുന്ന എം ആർ തോട് നഗറിലേക്ക് 865 മീറ്റർ നീളത്തിൽ കോൺക്രീറ്റ് റോഡും കരിങ്കൽക്കെട്ടും ഉൾപ്പെട്ട നിർമാണം കേരള ഇലക്‌ട്രിക്കൽആൻഡ് അലൈഡ് എൻജിനിയറിങ് കമ്പനി- കെൽ ആറുമാസത്തിലാണ് പൂർത്തിയാക്കിയത്. കെല്‍ എൻജിനിയര്‍ അലക്‌സിനെയും കരാറുകാരായ മെക്കോൺ കൺസ്ട്രക്ഷൻ പ്രതിനിധി ജബ്ബാറിനെയും മന്ത്രി ആദരിച്ചു.
നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ എം ആര്‍ പ്രേം, നസീര്‍ പുന്നയ്‌ക്കല്‍, വാര്‍ഡ് കൗണ്‍സലര്‍മാരായ ബീന രമേശ്, രാഗി രജികുമാര്‍, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ കെ പി പ്രീത, ജെ വിനോദ്കുമാര്‍, അജയന്‍, അരവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു.









0 comments