മേഖലാതല അവലോകന യോഗം

തദ്ദേശ റോഡുകളുടെ നവീകരണം 
സെപ്‌തംബറിനുള്ളിൽ പൂർത്തിയാക്കണം: മുഖ്യമന്ത്രി

തെള്ളകം ഡിഎം കൺവൻഷൻ സെന്ററിൽ ചേർന്ന എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പദ്ധതികൾ സംബന്ധിച്ച് നടന്ന 
മേഖലാതല അവലോകനയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു
വെബ് ഡെസ്ക്

Published on Jul 04, 2025, 01:26 AM | 3 min read

കോട്ടയം

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ റോഡുകളുടെ നവീകരണം സെപ്‌തംബറിനുള്ളിൽ പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ജലജീവൻ മിഷനുവേണ്ടി വെട്ടിപ്പൊളിച്ച റോഡുകൾക്ക് ഇതിൽ മുൻഗണന കൊടുത്തു പരിഹാരമുണ്ടാക്കണമെന്നും തെള്ളകം ഡിഎം കൺവൻഷൻ സെന്ററിൽ ചേർന്ന എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പദ്ധതികൾ സംബന്ധിച്ച മേഖലാതല അവലോകനയോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുമായി ബന്ധപ്പെട്ട്‌ കരാറുകാർക്കുള്ള നിരക്ക് പരിഷ്‌കരിച്ചിട്ടുണ്ട്‌. ഇതനുസരിച്ചു നേരത്തേ നിശ്ചയിച്ച ദൂരത്തിൽ തന്നെ റോഡുകൾ പൂർത്തിയാക്കും. സാങ്കേതികകാര്യങ്ങൾ വേഗം പരിഹരിക്കണം. ചീഫ് സെക്രട്ടറി ഇതു സംബന്ധിച്ചു വ്യക്തത വരുത്തിയ ഉത്തരവ് പുറത്തിറക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ലഹരിവിരുദ്ധ ക്യാമ്പയിന്റെ പ്രധാനപ്പെട്ട പ്രവർത്തനം സ്‌കൂളുകളിലാണ് നടക്കുന്നത്. വ്യായാമങ്ങളും കലാ സാംസ്‌കാരിക പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായുണ്ടാകണം. ചില വിവാദങ്ങളുയർന്നുവെങ്കിലും പെട്ടെന്ന്‌ അവസാനിച്ചെന്നാണ് തോന്നുന്നത്. അത്തരം കാര്യങ്ങളിൽ ശരിയായ ദിശാബോധത്തോടെ തന്നെ പോകണം. ഒരു മാറ്റവും വരുത്തേണ്ട ആവശ്യമില്ല. കുട്ടികൾ പ്രസരിപ്പോടെ സ്‌കൂളിൽ പോകേണ്ടതാണ് നമ്മുടെ ആവശ്യം. ലൈഫ് മിഷനിൽ 4.5 ലക്ഷം വീടുകൾ പൂർത്തീകരിക്കാനായി. ബാക്കി വീടുകളുടെ നിർമാണം വേഗത്തിലാക്കണം. പുനർഗേഹം ഭവനപദ്ധതിയിൽ ചില ഫ്‌ളാറ്റുകൾ ഒഴിവുണ്ട്. ഗുണഭോക്താക്കളായവരിൽ ചിലർ ഏറ്റെടുക്കാൻ തയാറാകുന്നില്ല. മത്സ്യത്തൊഴിലാളികൾ അല്ലാത്തവർക്കായി വീടു നൽകുന്ന കാര്യം പരിഗണിക്കണമെന്ന ആവശ്യം ഉയർന്നുവന്നിട്ടുണ്ട്. ഇക്കാര്യത്തിൽ എന്തു ചെയ്യാൻ പറ്റുമെന്ന് ചർച്ച ചെയ്യാം. അതിഥിത്തൊഴിലാളികളുടെ ആരോഗ്യപ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രത്യേക ഇടപെടൽ വേണം. നിർമാർജനം ചെയ്ത രോഗങ്ങൾ തിരിച്ചുവരുന്നത്‌ പ്രത്യേകം പരിശോധിക്കണം. അതിദരിദ്രരില്ലാത്ത കേരളം പ്രഖ്യാപനം നവംബർ ഒന്നിന് സാധ്യമാകും. വിനോദസഞ്ചാരമേഖലകളിൽ മാലിന്യനിർമാർജനത്തിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. ഉദ്യോഗസ്ഥർ നിയമവും ചട്ടവും അനുസരിച്ച് കൃത്യമായി പ്രവർത്തിക്കണം. ഏത് ഉന്നതനായാലും നടപടിക്രമങ്ങൾ പാലിക്കണം. വേഗത്തിൽ തീരുമാനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നിലവിൽ ഫയൽ അദാലത്തുകൾ നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ്, കെ രാജൻ, കെ കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ, എ കെ ശശീന്ദ്രൻ, വി എൻ വാസവൻ, പി രാജീവ്, എം ബി രാജേഷ്, ഒ ആർ കേളു, വീണാ ജോർജ്, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, സംസ്ഥാന പൊലീസ് മേധാവി റാവഡ ചന്ദ്രശേഖർ, വകുപ്പുസെക്രട്ടറിമാർ, വകുപ്പുമേധാവികൾ, കലക്ടർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലെ മുൻഗണനാവിഷയങ്ങളും പദ്ധതികളും പുരോഗതിയും ചർച്ചചെയ്തു. മേഖലാതലയോഗങ്ങൾ പൂർത്തിയായി.


ലൈഫ് മിഷന്‍ പദ്ധതി: 
പൂര്‍ത്തിയായത് 33,263 വീട്‌

ആലപ്പുഴ

ലൈഫ് മിഷൻ പദ്ധതിയിൽ ജില്ലയിൽ 33,263 വീട്‌ പൂർത്തീകരിച്ചു. കോട്ടയം തെള്ളകം ഡിഎം കൺവൻഷൻ സെന്ററിൽ ചേർന്ന മേഖലാതല അവലോകനയോഗത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി ഡോ. എസ് ചിത്ര അവതരിപ്പിച്ച പദ്ധതി പുരോഗതി റിപ്പോർട്ടിലാണ്‌ ഇക്കാര്യം. ആകെ കരാറിൽ ഏർപ്പെട്ട 42,009 എണ്ണത്തിൽ 79.18 ശതമാനവും പൂർത്തിയാക്കി. 36,871 വീടിന്റെ നിർമാണമാണ് ആരംഭിച്ചിരുന്നത്. സെപ്‌തംബറോടെ 34,182 വീട്‌ പൂർത്തിയാകും. ജൂൺ 25 വരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ 66,707 പേരാണ് ലൈഫ് വീടുകൾക്ക് അർഹരായവർ. മനസോടിത്തിരി മണ്ണ് കാമ്പയിനിന്റെ ഭാഗമായി ജില്ലയിൽ ലഭ്യമായ 27 സെന്റ് ഭൂമിയുടെയും രജിസ്‌ട്രേഷൻ പൂർത്തിയായതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ലൈഫ് പദ്ധതിയിൽ ഇനിയും പൂർത്തീകരിക്കാനുള്ള വീടുകൾ സെപ്‌തംബർ-, ഒക്‌ടോബർ മാസത്തോടെ പൂർത്തീകരിക്കണമെന്നും ഇക്കാര്യത്തിൽ നല്ല ഇടപെടൽ വേണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.


ജില്ലയില്‍ 3131 കുടുംബം 
അതിദാരിദ്ര്യ മുക്തമായി

ആലപ്പുഴ

ജില്ലയിലെ 3131 കുടുംബങ്ങൾ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തമായി. അതിദാരിദ്ര്യം തുടച്ചുനീക്കാൻ സംസ്ഥാനസർക്കാർ നടപ്പാക്കുന്ന അതിദാരിദ്യ നിർമാർജന യജ്ഞത്തിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണിത്‌. കോട്ടയം തെള്ളകം ഡിഎം കൺവൻഷൻ സെന്ററിൽ ചേർന്ന മേഖലാതല അവലോകനയോഗത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി ഡോ. എസ് ചിത്ര അവതരിപ്പിച്ച അതിദാരിദ്ര്യ നിർമാർജന പദ്ധതി പുരോഗതി റിപ്പോർട്ടിൽ ജില്ലയിലെ 99 ശതമാനം അതിദരിദ്ര കുടുംബങ്ങളും അതിദാരിദ്ര്യത്തിൽ നിന്ന് മുക്തമായതായി ചൂണ്ടിക്കാട്ടി. ജില്ലയിൽ 3153 കുടുംബങ്ങളെയാണ് അതിദരിദ്രരായി കണ്ടെത്തിയിരുന്നത്. പദ്ധതിയുടെ ഭാഗമായി ജില്ലയിൽ മികച്ച പ്രവർത്തനമാണ് നടക്കുന്നത്‌. ആഗസ്‌തോടെ ജില്ലയിലെ മുഴുവൻ കുടുംബങ്ങളെയും അതിദാരിദ്ര്യത്തിൽ നിന്ന് മുക്തമാക്കാനാവും. 10 പേർക്കായി മാവേലിക്കരയിൽ കണ്ടെത്തിയ 31 സെന്റ് ഭൂമിയുടെ പട്ടയം നൽകാനുള്ള നടപടികൾ രണ്ട് മാസത്തിനകം പൂർത്തിയാക്കും. കായംകുളം മുനിസിപ്പാലിറ്റിയിലെ 26 ഗുണഭോക്താക്കൾക്കായി കണ്ടെത്തിയ ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. പദ്ധതിയുടെ ഭാഗമായി എല്ലാ കുടുംബങ്ങൾക്കും ഭക്ഷണം, മരുന്ന്, പാലിയേറ്റീവ് കെയർ, ആരോഗ്യസുരക്ഷ ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കി. ഇവർക്ക് ഇപിഐപി തിരിച്ചറിയൽ കാർഡുകളും അവകാശ രേഖകളും ലഭ്യമാക്കി. അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് സൗജന്യബസ് യാത്രാ പാസ്, പഠനോപകരണങ്ങൾ എന്നിവയും വിതരണംചെയ്തു.



208 ഗ്രാമീണ റോഡിന്റെ 
നവീകരണം ഉടൻ 
പൂര്‍ത്തിയാക്കും

ആലപ്പുഴ

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയ ജില്ലയിലെ ഗ്രാമീണറോഡുകളുടെ നവീകരണം സെപ്‌തംബറോടെ പൂർത്തിയാക്കാനാകുമെന്ന് കലക്‌ടർ അലക്‌സ് വർഗീസ് കോട്ടയം തെള്ളകം ഡിഎം കൺവൻഷൻ സെന്ററിൽ നടന്ന ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളുടെ മേഖലാതല യോഗത്തിൽ അറിയിച്ചു. ജില്ലയിൽ ആകെ 208 റോഡാണ് പദ്ധതിക്ക്‌ കീഴിൽ. ഇതിൽ 151 എണ്ണത്തിന്റെ നവീകരണത്തിന് സാങ്കേതികാനുമതി ലഭിച്ചു. 45 റോഡിന്‌ കരാർ നൽകാനായി. ഇതിൽ 21 റോഡിന്റെ നവീകരണപ്രവൃത്തികൾ ആരംഭിച്ചു. ജില്ലയിൽ എട്ട്‌ ഗ്രാമീണറോഡാണ് നവീകരണവുമായി ബന്ധപ്പെട്ട് എൻഒസിയടക്കമുള്ള പ്രശ്നങ്ങൾ നേരിടുന്നത്. ഇവയെല്ലാം പരിഹരിച്ച്‌ മുന്നോട്ടുപോകും.



deshabhimani section

Related News

View More
0 comments
Sort by

Home