പത്തിയൂരിൽ വിളിപ്പുറത്തുണ്ട് സേവനം

പത്തിയൂർ പഞ്ചായത്തിന്റെ കുടുംബാരോഗ്യകേന്ദ്രം
ജി ഹരികുമാർ
Published on Oct 03, 2025, 02:01 AM | 1 min read
കായംകുളം
വികസനത്തിനും ക്ഷേമത്തിനും വേറിട്ട പദ്ധതികൾ നടപ്പിലാക്കി സംസ്ഥാനത്തുതന്നെ ശ്രദ്ധ നേടുകയാണ് പത്തിയൂർ പഞ്ചായത്ത്. ഓഫീസിൽ എത്താതെ പഞ്ചായത്തിന്റെ സേവനങ്ങൾ എത്രയുംവേഗം ജനങ്ങൾക്ക് എത്തിക്കുന്നതിനായി "സേവനം അരികിലും അതിവേഗത്തിലും’ പദ്ധതി നടപ്പാക്കി. ഇതിനായി മൂന്ന് കേന്ദ്രങ്ങളിൽ മിനി പഞ്ചായത്ത് പദ്ധതി തുടങ്ങി. ഇവിടേയ്‌ക്ക് ഫോൺ ചെയ്‌താൽ ആവശ്യമുള്ള സേവനം വീടുകളിൽ എത്തും. ആരോഗ്യമേഖലയ്ക്കും പാലിയേറ്റീവ് പ്രവർത്തനത്തിനും ജില്ലയിൽ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന പഞ്ചായത്തുകളിൽ ഒന്നാണ് പത്തിയൂർ. ആരോഗ്യസംരക്ഷണത്തിനായി ആറ് സബ് സെന്ററുകൾ ആരംഭിച്ചു. ഡോക്ടർമാരുടെ സേവനമടക്കം ഇവിടെ ലഭ്യമാക്കും. കോവിഡ് മഹാമാരിക്കാലത്ത് സ്വന്തമായി സിഎഫ്‌എൽടിസി നടത്തി. ആരോഗ്യം, സേവനം, കാർഷികം എന്നീ മേഖലകളിൽ മുൻതൂക്കം നൽകി നടപ്പാക്കിയ പദ്ധതികൾ പഞ്ചായത്തിൽ വികസന വേലിയേറ്റമുണ്ടാക്കി. പ്രാഥമികാരോഗ്യ കേന്ദ്രത്തെ ഒരുകോടിയോളം രൂപ ചെലവിട്ട് കുടുംബാരോഗ്യ കേന്ദ്രമാക്കി. ഇതിനായി പുതിയകെട്ടിടം നിർമിച്ച് ഇ സി ജി യൂണിറ്റടക്കം സജ്ജമാക്കി. സമ്പൂർണ ലൈഫ് പദ്ധതിയും നടപ്പിലാക്കി. ആർദ്രം പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങളും ലഭിച്ചു. സംരംഭ മേഖലയിലെ മികവിന് ജില്ലാതലത്തിൽ മികച്ച പഞ്ചായത്തായി തെരഞ്ഞെടുത്തു.










0 comments