വഴികാട്ടാൻ പാരന്റിങ് ക്ലിനിക്കുകൾ

നെബിൻ കെ ആസാദ്
Published on Jul 21, 2025, 01:52 AM | 1 min read
ആലപ്പുഴ
കുട്ടികളിലുണ്ടാകുന്ന സ്വഭാവ, -വൈകാരിക,- സാമൂഹിക,- മാനസിക- ആരോഗ്യ പ്രശ്നങ്ങളെ കൃത്യമായി പരിഹരിക്കാനും രക്ഷിതാക്കൾക്ക് വഴികാട്ടിയായി പാരന്റിങ് ക്ലിനിക്കുകൾ. വനിതാ ശിശുവികസന വകുപ്പിന്റെ ക്ലിനിക്കുകളിൽ ഇതുവരെ പരിഹാരം തേടിയെത്തിയത് 6763 പേർ. കുട്ടികൾക്ക് പ്രിയപ്പെട്ടവരായി രക്ഷിതാക്കളെ വാർത്തെടുക്കുന്ന ക്ലിനിക്കുകളുടെ സേവനം 12 ബ്ലോക്കുകളിലുമുണ്ട്. സർക്കാർ ഹൈസ്കൂളുകളിലെ സൈക്കോ സോഷ്യൽ കൗൺസിലർമാരിൽ പ്രത്യേകപരിശീലനം ലഭിച്ചവരാണ് ക്ലിനിക്കിൽ. സൈക്കോളജിസ്റ്റിന്റെയോ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെയോ സേവനം ആവശ്യമായ കുട്ടികൾക്ക് ചേർത്തല മായിത്തറയിൽ പ്രവർത്തിക്കുന്ന ജില്ലാ റിസോഴ്സ് സെന്ററും വനിതാ ശിശുവികസന വകുപ്പ് ഒരുക്കിയിട്ടുണ്ട്. ജില്ലാ ശിശു സംരക്ഷണ ഓഫീസറാണ് മേൽനോട്ടം. ശനിയാഴ്ചകളിൽ രാവിലെ 9.30 മുതൽ അഞ്ചുവരെയാണ് സേവനം. രണ്ടാം ശനിക്കുപകരം വെള്ളിയാഴ്ചയാണ് ക്ലിനിക്. പഞ്ചായത്തുകളുടെ സഹകരണത്തോടെ ക്യാമ്പുകളും ഗൃഹസന്ദർശനവും നടത്തുന്നു. റഫറൽ സംവിധാനമായും പ്രവർത്തിക്കുന്നു.
കുട്ടികളെ സുരക്ഷിതരാക്കുക
കുട്ടികളുടെ മാനസികാരോഗ്യത്തിന് അടിത്തറയിടുന്നത് രക്ഷിതാക്കളാണ്. ചിരികളികളുമായി അവർക്കൊപ്പം കൂടുന്ന, നോവുകളറിഞ്ഞ് ചേർത്തുപിടിക്കുന്ന, നല്ല വഴി കാണിക്കുന്ന മാതാപിതാക്കളാണ് കുട്ടികളുടെ ശക്തി. തിരക്കുപിടിച്ച ജീവിതവും പഠനഭാരവും സാമൂഹികമാധ്യമങ്ങളുടെ അമിത ഉപയോഗവുമെല്ലാം ബന്ധങ്ങളെ സങ്കീർണമാക്കുന്നു. അമിത ഫോൺ ഉപയോഗം, പഠനപ്രശ്‌നങ്ങൾ, പെരുമാറ്റ വൈകല്യങ്ങൾ, വൈകാരിക പ്രശ്‌നങ്ങൾ തുടങ്ങിയ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയ കേസുകളുണ്ടെങ്കിലും അവയെക്കാൾ ഗുരുതരമായ വിഷയങ്ങളുമുണ്ടെന്ന് ചമ്പക്കുളം ബ്ലോക്ക് സൈക്കോ സോഷ്യൽ സ്കൂൾ കൗൺസലർ എസ് ദേവീകൃഷ്ണ പറഞ്ഞു. കുടുംബപ്രശ്‌നങ്ങൾ മുതൽ മാതാപിതാക്കളുടെ മദ്യപാനംവരെ എന്തുമാകാം. വീടുകളിൽ സുരക്ഷിതമായി താമസിക്കാൻ പറ്റാത്തവരും രക്ഷിതാക്കൾ ഉപേക്ഷിച്ചവരുമുണ്ട്. ഇത്തരം കേസുകളിൽ സുരക്ഷയും നല്ല ജീവിതവും ഉണ്ടാക്കാൻ നടപടി സ്വീകരിക്കും. കുട്ടികളെ സുരക്ഷിത സാഹചര്യത്തിലെത്തിക്കുകയും നല്ല അന്തരീക്ഷമുണ്ടാക്കാൻ രക്ഷിതാക്കളെ പ്രാപ്തരാക്കുകയുമാണ് ലക്ഷ്യമെന്നും ദേവീകൃഷ്ണ പറഞ്ഞു.







0 comments