നെഹ്‌റുട്രോഫി 

ഓൺലൈൻ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 15, 2025, 01:39 AM | 2 min read

ആലപ്പുഴ

നെഹ്‌റുട്രോഫി വള്ളംകളി ഓൺലൈൻ ടിക്കറ്റുകൾ വെള്ളിയാഴ്‌ച മുതൽ ലഭ്യമാകും. ഓൺലൈൻ ടിക്കറ്റ് വിൽപ്പന മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്തു. നെഹ്‌റു ട്രോഫിബോട്ട് റേസ്  സൊസൈറ്റിയുടെ ഔദ്യോഗിക (www.nehrutrophy.nic.in) എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകൾ വാങ്ങാം. ഫെഡറൽ ബാങ്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും കരൂർ വൈശ്യ ബാങ്കുമാണ് പെയ്‌മെന്റ്‌ ഗേറ്റ്‌വേ സംവിധാനം ഒരുക്കുന്നത്‌. ജില്ലയിലെയും എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ സമീപ ജില്ലകളിലെയും എല്ലാ പ്രധാന സര്‍ക്കാര്‍ ഓഫീസുകളില്‍നിന്നും ടിക്കറ്റുകള്‍ ലഭിക്കും. നാലുപേര്‍ക്ക് പ്രവേശനം ലഭിക്കുന്ന നെഹ്‌റു പവലിയനിലെ പ്ലാറ്റിനം കോര്‍ണര്‍ ടിക്കറ്റിന്‌ 25,000 രൂപയാണ് വില. 10,000 രൂപയാണ് ഒരാള്‍ക്ക് പ്രവേശനം ലഭിക്കുന്ന പ്ലാറ്റിനം കോര്‍ണര്‍ ടിക്കറ്റിന്‌ നിരക്ക്. പ്ലാറ്റിനം കോര്‍ണർ ടിക്കറ്റുകള്‍ എടുക്കുന്നവരെ പവലിയനിലെത്തിക്കാന്‍ പ്രത്യേക ബോട്ട് സൗകര്യവുമുണ്ട്‌. ഇവര്‍ക്ക് ഭക്ഷണസൗകര്യവും പവലിയനിലുണ്ട്. നെഹ്‌റു പവലിയിനിലെ ടൂറിസ്റ്റ് ഗോള്‍ഡ് ടിക്കറ്റ് 3,000 രൂപ, ടൂറിസ്റ്റ് സില്‍വര്‍ 2,500, കോണ്‍ക്രീറ്റ് പവലിയനിലെ റോസ് കോര്‍ണര്‍ 1,500, വിക്ടറി ലെയ്‌നിലെ വുഡന്‍ ഗ്യാലറി 500, ഓള്‍ വ്യൂ വുഡന്‍ ഗാലറി 400, ലേക്ക് വ്യൂ ഗോള്‍ഡ് 200, ലോണ്‍ 100 എന്നിങ്ങനെയാണ് മറ്റു ടിക്കറ്റുകളുടെ നിരക്ക്. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ നെഹ്‌റുട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയർമാൻ കൂടിയായ കലക്ടർ അലക്‌സ് വർഗീസ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആശാ സി എബ്രഹാം, എൻടിബിആർ സൊസൈറ്റി സെക്രട്ടറി സമീർ കിഷൻ, നഗരസഭാ ഉപാധ്യക്ഷൻ പി എസ് എം ഹുസൈൻ, ഡെപ്യൂട്ടി കലക്ടർ സി പ്രേംജി, എസ്ബിഐ റീജിയണൽ മാനേജർ ടി വി മനോജ്, ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ്‌ ആൻഡ് റീജിയണൽ ഹെഡ് വിപിൻ വി ഉണ്ണിത്താൻ, കരൂർ വൈശ്യ ബാങ്ക് കേരള ഹെഡ് കെ എം സജിത്ത്, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


കമന്ററി മത്സരം 19ന്

ആലപ്പുഴ
നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വള്ളംകളി കമന്ററി മത്സരം സംഘടിപ്പിക്കുന്നു. 19ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന മത്സരം എച്ച് സലാം എംഎല്‍എ ഉദ്ഘാടനം ചെയ്യും. സി കെ സദാശിവന്‍ അധ്യക്ഷനാകും. ഹൈസ്‌കൂള്‍ -,ഹയര്‍സെക്കന്‍ഡറി, കോളേജ്, പൊതുവിഭാഗം(പ്രായപരിധിയില്ല) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം. അഞ്ച്‌ മിനിറ്റ് ആണ് സമയപരിധി. 2024 നെഹ്റു ട്രോഫി വള്ളം കളിയുടെ ഫൈനലിനെ ആസ്പദമാക്കിയുള്ള കമന്ററിയാണ് അവതരിപ്പിക്കേണ്ടത്. മലയാള പ്രയോഗങ്ങള്‍ മാത്രം ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. വാചകഘടന, പദശുദ്ധി, ഉച്ചാരണ മികവ്, ശബ്ദമികവ് എന്നിവ വിജയിയുടെ മാനദണ്ഡമാകും. ഓരോ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ആലപ്പുഴ അലീന ജ്വല്ലറി നല്‍കുന്ന കാഷ് അവാര്‍ഡും പബ്ലിസിറ്റി കമ്മിറ്റി നല്‍കുന്ന മെമെന്റോയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് മെമെന്റോയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. 19ന് രാവിലെ 9.30ന് രജിസ്ട്രേഷന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ എത്തണം. വിവരങ്ങള്‍ക്ക്: 0477 -2251349.



deshabhimani section

Related News

View More
0 comments
Sort by

Home