ഓൺലൈൻ ഓഹരിക്കച്ചവടത്തിന്റെ പേരിൽ 16.6 ലക്ഷം തട്ടി
തട്ടിപ്പ് സംഘത്തിലെ ഒരാൾ റിമാൻഡിൽ

ആലപ്പുഴ
ഓൺലൈൻഓഹരിക്കച്ചവടത്തിന്റെ പേരിൽ തൃക്കുന്നപ്പുഴ സ്വദേശിയിൽ നിന്ന് 16.6 ലക്ഷം തട്ടിയ കേസിൽ തിരുവനന്തപുരം സ്വദേശിനി റിമാൻഡിൽ. തിരുമല പുത്തേരിൽ വീട്ടിൽ ആര്യാദാസിനെ (33) ആണ് ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റുചെയ്തത്. ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച പ്രതിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്‌ച അമ്പലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഐശ്വര്യ ആൻ ജേക്കബ് മെഡിക്കൽ കോളേജിലെത്തി പ്രതിയെ റിമാൻഡ് ചെയ്തു. തട്ടിപ്പുകാർ പരാതിക്കാരനെ സമൂഹമാധ്യമം വഴി ബന്ധപ്പെട്ട് സ്വകാര്യഓഹരിക്കച്ചവട കമ്പനിയുടെ പ്രതിനിധിയാണെന്ന് പരിചയപ്പെടുത്തി വ്യാജ ഓഹരിക്കച്ചവട ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചായിരുന്നു തട്ടിപ്പ്. വ്യാജ ആപ്പിലൂടെ പ്രതികൾ നിർദ്ദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് പരാതിക്കാരൻ പണമയച്ചു. രണ്ടു മാസത്തിനിടയിൽ ഇത്തരത്തിൽ 16.6 ലക്ഷം രൂപയാണ് പരാതിക്കാരൻ അയച്ചുകൊടുത്തത്. പരാതിയെ തുടർന്ന് സൈബർ ക്രൈം സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും സ്റ്റേഷൻ ഹൗസ് ഓഫീസർ ഏലിയാസ് പി ജോർജിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു. 4.5 ലക്ഷം രൂപ എൻസിആർപി പോർട്ടൽ വഴി പരാതിക്കാരന് തിരികെക്കിട്ടാനായി മരവിപ്പിച്ചു. അന്വേഷണത്തിൽ പരാതിക്കാരന് നഷ്‌ടമായ പണം ആര്യാദാസ് ഇൻഡസ്ഇൻഡ് ബാങ്കിന്റെ തിരുവനന്തപുരം ബ്രാഞ്ചിലേയ്ക്ക് അയച്ചു വാങ്ങിയതായി കണ്ടെത്തി. കേസിൽ ഐപി അഡ്രസുകൾ കേന്ദ്രീകരിച്ചും ബാങ്ക് അക്കൗണ്ടുകൾ നിരീക്ഷിച്ചും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും സൈബർ ക്രൈം പൊലീസ് അറിയിച്ചു. കേരളത്തിൽ എറണാകുളം സിറ്റിയിലും, ഡൽഹി, മഹാരാഷ്ട്ര, പഞ്ചാബ്, വെസ്റ്റ് ബംഗാൾ, ഉത്തർപ്രദേശ്, തെലുങ്കാന, എന്നീ സംസ്‌ഥാനങ്ങളിലുമായി പ്രതിക്കെതിരെ 28 പരാതികൾ നിലവിലുണ്ട്.









0 comments