ജില്ലാപഞ്ചായത്തിൽ 14 എൽഡിഎഫ് സ്ഥാനാർഥികൾ പത്രിക നൽകി ജയിക്കും, നയിക്കും

കാസർകോട് കൂടുതൽ തിളക്കമുള്ള വിജയം വിളംബരം ചെയ്‌ത് ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള 14 എൽഡിഎഫ് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു. കൂടുതൽ സീറ്റുകളും കൂടുതൽ ഭൂരിപക്ഷത്തോടെയുള്ള വിജയവും ലക്ഷ്യമാക്കിയാണ് ജില്ലാ പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഇക്കുറി എൽഡിഎഫ് നേരത്തെ പ്രചാരണരംഗത്തിറങ്ങിയത്. സിപിഐ എം ജില്ലാ കമ്മറ്റി ഓഫീസായ എ കെ ജി മന്ദിരത്തിൽനിന്നും പ്രകടനമായി എത്തിയാണ് പത്രിക സമർപ്പിച്ചത്. സാബു അബ്രഹാം(കുറ്റിക്കോൽ), ഒക്ലാവ് കൃഷ്‌ണൻ(കയ്യൂർ), കെ എ മുഹമ്മദ് ഹനീഫ്(പുത്തിഗെ), കെ സബീഷ് (മടിക്കൈ), ഡോ. സെറീന സലാം(ചെറുവത്തൂർ), ടി വി രാധിക(ബേക്കൽ), ഒ വത്സല(ദേലന്പാടി), സഹർബാനു സാഗർ(ചെങ്കള), കെ ബി യൂസുഫ്(കുന്പള), കവിത കൃഷ്‌ണൻ (ചിറ്റാരിക്കാൽ), എം മനു(പിലിക്കോട്), കെ കെ സോയ(പെരിയ), പ്രകാശ് കുന്പഡാജെ (ബദിയടുക്ക), ആയിഷത്ത് റഫ (ഉദുമ) എന്നിവരാണ് ചൊവ്വാഴ്‌ച പത്രിക സമർപ്പിച്ചത്. കള്ളാർ, സിവിൽ സ്‌റ്റേഷൻ, വോർക്കാടി, മഞ്ചേശ്വരം ഡിവിഷനുകളിലെ പത്രികകളാണ് ഇനി സമർപ്പിക്കാനുള്ളത്. ജില്ലാ വരണാധികാരിയായ കലക്ടർ കെ ഇന്പശേഖർ, എഡിഎം പി അഖിൽ എന്നിവർ മുന്പാകെയാണ് പത്രിക സമർപ്പിച്ചത്. എൽഡിഎഫ് കൺവീനർ കെ പി സതീശ് ചന്ദ്രൻ, സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ, നേതാക്കളായ സി എച്ച് കുഞ്ഞന്പു, എം സുമതി, ഇ പത്മാവതി, വി പി പി മുസ്തഫ, ടി കെ രാജൻ, കെ കുഞ്ഞിരാമൻ, എം വി ബാലകൃഷ്‌ണൻ, ഘടകകക്ഷി നേതാക്കളായ ഇ ചന്ദ്രശേഖരൻ എംഎൽഎ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, സി പി ബാബു, വി വി കൃഷ്‌ണൻ, അഡ്വ. കെ രാമചന്ദ്രൻ, മുഹമ്മദാലി കുന്പള, സജി സെബാസ്‌റ്റ്യൻ, കുര്യാക്കോസ് പ്ലാപ്പറന്പിൽ, മൊയ്‌തീൻ കുഞ്ഞി കളനാട്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. വിവിധ നഗരസഭകളിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കും പഞ്ചായത്തുകളിലേക്കും എൽഡിഎഫ് സ്ഥാനാർഥികൾ പത്രിക നൽകി.









0 comments