കരളലിയിപ്പിച്ചും ചിന്തിപ്പിച്ചും "ഗാസ റിപ്പോർട്ട്’

ഉദുമ ജീവിതം എന്തെന്ന് തിരിച്ചറിയും മുമ്പേ ഈ ലോകത്തിൽ നിന്ന് നിഷ്കാസനം ചെയ്യപ്പെടുകയും ഇനിയൊരു തലമുറ അവശേഷിക്കുകയും ചെയ്യരുതെന്നുമുള്ള വംശഹത്യയുടെ ക്രൂരത അനാവരണം ചെയ്‌ത് സതീഷ് ചെറക്കാപ്പാറയുടെ ഗാസ റിപോർട്ട്. ബേവൂരിയിൽ നടക്കുന്ന ആറാമത് കെ ടി മുഹമ്മദ് സ്മാരക നാടകോത്സവത്തോടനുബന്ധിച്ച് അരങ്ങേറിയ ഗാസ റിപോർട്ട് ഏക പാത്രനാടകം കാണികളുടെ കരളലിയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. മുഹമ്മദ് എന്ന പിതാവിന്റെ ഏക പാത്രാഭിനയത്തിലൂടെയാണ് സതീഷ് ഗാസയുടെ മുഖം വരച്ചുകാട്ടുന്നത്. മുഹമ്മദ് തന്റെ എട്ടുമക്കളുടെയും കൈ വെള്ളയിൽ പേരെഴുതി വയ്‌ക്കുന്നുണ്ട്. മറ്റൊന്നിനുമല്ല, മരിച്ചാൽ അവർ ഒരോരുത്തരെയും തിരിച്ചറിഞ്ഞ് ഖബറടക്കം ചെയ്യാൻ വേണ്ടി. ബോംബാക്രമണത്തിൽ മരിക്കുന്ന പൊന്നോമനകളെ ഓരോരുത്തരായി തിരിച്ചറിഞ്ഞ് ഖബറക്കം ചെയ്യുകയും ചെയ്യുന്നു. ഒരു പിതാവിന്റെ ഹൃദയവേദനയും നൊമ്പരവും ദൈന്യതയും കാവ്യത്മകമായി, തന്മയത്വതോടെ നാടകം വരച്ചുകാട്ടുന്നു. നാളെ ആരാകാനാണ് ആഗ്രഹമെന്ന ഒരു മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായി, ഇന്ന് ജീവിച്ചിരുന്നിട്ട് വേണ്ടേ നാളെ ആരാകുമെന്ന് പറയാൻ, അതിന് ഒരു സാധ്യതയുമില്ലെന്ന ഗാസയിലെ ഒരു കുഞ്ഞിന്റെ നിഷ്കളമായ മറുപടിയിലുണ്ട് എല്ലാം. ഗാസ ദുരന്തത്തിന്റെ ഏറ്റവും വലിയ ഇരകൾ സ്ത്രീകളും കുട്ടികളുമാണ്. കാണികളെ വേദനിപ്പിക്കുക മാത്രമല്ല, വംശഹത്യയുടെ കൊടുംക്രൂരതയ്ക്കെതിരെ ചിന്തിപ്പിക്കുകയാണ് യുവകലാകാരൻ സതീഷ് ചെറക്കാപ്പാറ നാടകത്തിലൂടെ ചെയ്യുന്നത്.









0 comments