ജില്ലാ കൗൺസിൽ ജില്ലാ ഭരണത്തിന്റെ ആദ്യപടി

വി പി ജാനകി​
avatar
പി പ്രകാശൻ ​

Published on Nov 19, 2025, 03:00 AM | 2 min read

കാസർകോട്‌ സംസ്ഥാനത്തെ ആദ്യ ജില്ലാ ഭരണസംവിധാനമായിരുന്നു ജില്ലാ ക‍ൗൺസിൽ. ഒരുതവണ മാത്രം തെരഞ്ഞെടുപ്പ്‌ നടക്കുകയും മൂന്നുവർഷത്തോളം മാത്രം നിലനിൽക്കുകയുംചെയ്‌ത ഭരണസംവിധാനം. 1987ൽ അധികാരത്തിൽ വന്ന ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള എൽഡിഎഫ്‌ സർക്കാരാണ്‌ ജില്ലാ ക‍ൗൺസിൽ യാഥാർഥ്യമാക്കിയത്‌. 1991 ജനുവരി 29 –നാണ്‌ ജില്ലാ ക‍ൗൺസിലിലേക്ക്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. ഫെബ്രുവരിയിൽ പുതിയ ഭരണസമിതികൾ അധികാരമേറ്റു. ജില്ലാ ക‍ൗൺസിലിൽ പൊതുമരാമത്ത്‌ സ്ഥിരം സമിതി ചെയർപേഴ്‌സണായിരുന്ന വി പി ജാനകിയ്‌ക്ക്‌ ആ കാലത്തെക്കുറിച്ച്‌ ഓർക്കുമ്പോൾ പറയാനേറെ. ജില്ലാ ക‍ൗൺസിലിൽ ആകെ 20 ഡിവിഷൻ. നീലേശ്വരം ഡിവിഷനിൽനിന്നാണ്‌ വി പി ജാനകി തെരഞ്ഞെടുക്കപ്പെട്ടത്‌. കയ്യൂർ ചീമേനി, നീലേശ്വരം (ഇപ്പോൾ നഗരസഭ) പഞ്ചായത്തുകൾ ചേർന്നതായിരുന്നു ഡിവിഷൻ. അന്ന്‌ സിപിഐ എം ജില്ലാ കമ്മിറ്റി അംഗവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായിരുന്ന വി പി ജാനകിയുടെ ആദ്യ തെരഞ്ഞെടുപ്പ്‌ പോരാട്ടമായിരുന്നു അത്‌. എൽഡിഎഫ്‌ ഭരണസമിതിയാണ്‌ ജില്ലാ ക‍ൗൺസിലിൽ അധികാരമേറ്റത്‌. അന്ന്‌ കോൺഗ്രസ്‌ എസ്സിലായിരുന്ന അഡ്വ. എം സി ജോസ്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എട്ടുമാസത്തിനുശേഷം എം സി ജോസ്‌ രാജിവച്ചപ്പോൾ അന്നത്തെ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി കൃഷ്‌ണൻനായർ പ്രസിഡന്റായി ചുമതലയേറ്റു. ചെറിയ കാലത്തിനുള്ളിൽ വിവിധ മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കാൻ ഭരണസമിതിക്ക്‌ സാധിച്ചതായി വി പി ജാനകി ഓർക്കുന്നു. വിദ്യാഭ്യാസ രംഗത്ത്‌ സംസ്ഥാനതലത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ട നിരവധി പദ്ധതികൾ നടപ്പാക്കാനായി. അതിലൊന്നാണ്‌ 1993ൽ മടിക്കൈ പഞ്ചായത്തിൽ നടപ്പാക്കിയ മടിക്കൈ വിദ്യാഭ്യാസ കോംപ്ലക്‌സ്‌. പല സ്‌കൂളുകളും ഇ‍ൗകാലത്ത്‌ അപ്‌ഗ്രേഡ്‌ ചെയ്‌തു. പൊതുമരാമത്ത്‌ സ്ഥിരം സമിതി ചെയർപേഴ്‌സണെന്ന നിലയിൽ തുടക്കത്തിൽ ജില്ലയിലെ റോഡുകളെപ്പറ്റി പഠിക്കാനാണ്‌ ശ്രമിച്ചതെന്ന്‌ വി പി ജാനകി പറഞ്ഞു. ഇതിനായി ജില്ലയിലെ എല്ലാ ഭാഗങ്ങളിലും സഞ്ചരിച്ചു. അതിനനുസരിച്ച്‌ പദ്ധതികൾ തയ്യാറാക്കി. നിരവധി റോഡുകൾ നവീകരിക്കാനും പുതിയവ നിർമിക്കാനും സാധിച്ചു. അവർ പറഞ്ഞു. 1995 ൽ പഞ്ചായത്തീരാജ്‌ നിയമപ്രകാരമുള്ള ത്രിതല ഭരണസംവിധാനം നിലവിൽ വന്നതോടെ ജില്ലാ ക‍ൗൺസിൽ ഇല്ലാതായി. തുടർന്ന്‌ വന്ന ജില്ലാ പഞ്ചായത്തിലും വി പി ജാനകി അംഗമായി. 2015–20 കാലത്ത്‌ നീലേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റായും അവർ പ്രവർത്തിച്ചു. ഇ‍ൗ കാലത്ത്‌ നടപ്പാക്കിയ ക്യാൻസർ പ്രതിരോധ പ്രോജക്ട് ദേശീയ തലത്തിൽതന്നെ അംഗീകരിക്കപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home