തദ്ദേശപ്പോരിലേക്ക് ക്യാന്പസ് സെലക്‌ഷൻ

കാസർകോട് തദ്ദേശപ്പോരിലേക്ക് ക്യാന്പസ് സെലക്‌ഷനിലൂടെ കച്ചകെട്ടിയിറങ്ങുകയാണ് ഏഴ് പോരാളികൾ. പലതും എതിരാളികളുടെ നെടുങ്കോട്ടകളെങ്കിൽ സിറ്റിങ് സീറ്റുകളിലുമുണ്ട് ക്യാമ്പസുകളിലെ സമരപേരാളികളായ ചെറുപ്പത്തിന്റെ മത്സരം. യുഡിഎഫിലും എൻഡിഎയിലും യുവജനങ്ങൾക്ക് പ്രാതിനിധ്യം കിട്ടാത്തതിന്റെ പേരിൽ പ്രതിഷേധം ഉയരുന്പോഴാണ് എൽഡിഎഫിനായി യുവനിര അങ്കം കുറിക്കുന്നത്. ജില്ലാ പഞ്ചായത്തിലേക്ക് ചിറ്റാരിക്കാൽ ഡിവിഷനിൽ എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റംഗവും കണ്ണൂർ സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറിയുമായ കവിത കൃഷ്‌ണൻ മത്സരിക്കുന്നു. പനത്തടി ബാനം സ്വദേശിയ കവിതയ്‌ക്ക് 23 വയസുമാത്രമാണ് പ്രായം. തളിപ്പറന്പ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓ-ഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പിൽ രണ്ടാം വർഷ എംഎ വിദ്യാർഥിയാണ്. കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ എംഎ ഇംഗ്ലീഷ് വിദ്യാർഥിനി പി കെ മഞ്‌ജിഷ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ മഡിയൻ ഡിവിഷനിലാണ് മത്സരിക്കുന്നത്. 22 വയസുള്ള മഞ്‌ജിഷ എസ്‌എഫ്‌ഐ കാഞ്ഞങ്ങാട് ഏരിയ പ്രസിഡന്റും ബാലസംഘം ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ്. എൽഡിഎഫിന്റെ ശക്തികേന്ദ്രമാണ് ഡിവിഷൻ. കാസർകോട് ബ്ലോക്ക് പഞ്ചായത്തിലെ തെക്കിൽ ഡിവിഷനിലേക്കാണ് മുഹമ്മദ് അദ്നാന്റെ പോരാട്ടം. എസ്‌എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റാണ് അദ്‌നാൻ. എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റംഗവും കാസർകോട് ഏരിയ സെക്രട്ടറിയുമായ എം അനുരാജ് (25) മധൂർ പഞ്ചായത്തിലെ 24ാം വാർഡായ ഷിരിബാഗിലുവാണ് അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ മത്സരിക്കുക. കാസർകോട് ഗവ. കോളേജിൽനിന്ന് ബിഎസ്‌സി പഠനം പൂർത്തിയാക്കി മംഗളൂരുവിൽ ബിഎഡ് വിദ്യാർഥിയാണ് അനുരാജ്. ജില്ലാ കമ്മറ്റി അംഗവും കാസർകോട് ഗവ. കോളേജിൽ ബിഎ വിദ്യാർഥിയുമായ മധുരാജ് (25) ചെങ്കള പഞ്ചായത്ത് 21ാം വാർഡിൽ ആരവമുയർത്തി പ്രചാരണം തുടങ്ങി. ചെങ്കള രണ്ടാം വാർഡിൽ എസ്‌എഫ്‌ഐ ജില്ലാ കമ്മറ്റി അംഗമായ എ ശരണ്യ(21)യാണ് സ്ഥാനാർഥി. എൽഡിഎഫിന്റെ സിറ്റിങ് സീറ്റാണിത്. കാസർകോട് ഗവ. കോളേജിൽനിന്നാണ് ബിരുദപഠനം പൂർത്തിയാക്കിയത്. കുന്പള പഞ്ചായത്ത് രണ്ടാം വാർഡിലാണ് കെ സ്‌നേഹ(21) മത്സരിക്കുന്നത്. എസ്എഫ്ഐ ഏരിയ ജോയിന്റ് സെക്രട്ടറിയായ സ്നേഹ കാസർകോട് ഗവ. കോളേജിൽ ബിരുദപഠനം പൂർത്തിയാക്കി. എസ്‌എഫ്‌ഐ പ്രവർത്തകർക്ക് കെട്ടിവയ്‌ക്കാനുള്ള തുക കേന്ദ്ര കമ്മിറ്റി അംഗം ബിപിൻരാജ് പായം കൈമാറി.









0 comments