മാവേലിക്കരയിൽ പുതിയ ഗതാഗത സിഗ്നല്‍ സംവിധാനം

പുതിയ സിഗ്നൽ സംവിധാനം സ്ഥാപിക്കുന്ന തട്ടാരമ്പലം ജങ്ഷൻ എം എസ് അരുൺകുമാർ എംഎൽഎയുടെ നേതൃത്വത്തിൽ സന്ദർശിക്കുന്നു
മാവേലിക്കര
നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി സിഗ്നല്‍ സംവിധാനം നടപ്പാക്കുന്നു. എം എസ് അരുണ്‍കുമാര്‍ എംഎല്‍എ തട്ടാരമ്പലം ജങ്ഷനിൽ ക്രമീകരണങ്ങള്‍ പരിശോധിച്ചു. തട്ടാരമ്പലം, പുതിയകാവ്, മിച്ചൽ ജങ്ഷൻ എന്നിവിടങ്ങളില്‍ പുതിയ സിഗ്നല്‍ വിളക്കുകളും വിവിധ ഇടങ്ങളിൽ 25 നിരീക്ഷണ കാമറകളും സ്ഥാപിക്കും. നിരീക്ഷണത്തിന് പൊലീസ് സ്‌റ്റേഷനില്‍ 24 മണിക്കൂർ കണ്‍ട്രോള്‍റൂം ഉണ്ടാകും. കാമറ ദൃശ്യങ്ങള്‍ നഗരസഭയ്‌ക്കും നിരീക്ഷിക്കാനാകും. തിരക്കുള്ളയിടങ്ങളില്‍ ട്രാഫിക് ബ്ലിങ്കറുകൾ സ്ഥാപിക്കും. മിച്ചൽ ജങ്ഷനിൽ കെൽട്രോണിന്റെ സിഗ്നൽ വിളക്കുകൾക്ക് 15 വർഷത്തെ പഴക്കമുണ്ട്. ആധുനിക നിലവാരത്തിലുളള സിഗ്നല്‍ വിളക്കുകളാകും പകരമെത്തുക. തട്ടാരമ്പലം ജങ്ഷനില്‍ നിലവില്‍വന്ന റൗണ്ട് എബൗട്ട് സംവിധാനത്തിന് അനുയോജ്യമായ സിഗ്നൽ സംവിധാനം വരും. നാല് ദിശകളിലേക്കും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. കാമറ സ്ഥാപിക്കേണ്ട ഇടങ്ങളുടെ പട്ടിക പൊലീസ് തയ്യാറാക്കി. പത്തനംതിട്ടയിലെ വൈബ്രന്റ് മീഡിയയാണ് വിളക്കുകളും കാമറകളും സ്ഥാപിക്കുന്നത്. വിളക്കുതൂണുകളില്‍ തീരുമാനിക്കുന്ന കാലയളവിൽ സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യം പ്രദര്‍ശിപ്പിക്കാം. കൗണ്‍സിലര്‍ പുഷ്പ സുരേഷ്, സിഐ സി ശ്രീജിത്ത്, ജോയിന്റ് ആര്‍ടിഒ എം ജി മനോജ്, കെഎസ്ടിപി പ്രതിനിധികള്‍ തുടങ്ങിയവരും എംഎൽഎയുടെ ഒപ്പമുണ്ടായിരുന്നു.









0 comments