ഒരുക്കങ്ങൾ തകൃതി; മുമ്പന്മാരാകാൻ വമ്പന്മാർ

നാടെങ്ങും ഓണാഘോഷ ലഹരിയിലാണെങ്കിൽ ആലപ്പുഴ നഗരം വള്ളംകളിയുടെ ആവേശത്തിലാണ്. നെഹ്‌റുട്രോഫി വള്ളംകളി നടക്കുന്ന പുന്നമട ഫിനിഷിങ് പോയിന്റിൽ മാവേലിവേഷം ധരിച്ച് അജേഷ് കാവാലം എത്തിയപ്പോൾ
ആലപ്പുഴ
വമ്പന്മാരെല്ലാം കരയ്‌ക്കുകയറി. ഇനി വിശ്രമം. അതിനിടെ വെള്ളമുണക്കി, മുഖം മിനുക്കി, മോടികൂട്ടി. മിടുമിടുക്കന്മാരാകും. 29ന് വൈകിട്ടോ 30ന് പുലർച്ചെയോ വീണ്ടും ഓളപ്പരപ്പിലേക്ക്. പിന്നെ പുന്നമടയിലെ പോര്. നെഹ്‌റുട്രോഫി വള്ളംകളിക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ അവസാനഘട്ട ഒരുക്കങ്ങളിലാണ് ക്ലബുകൾ. വള്ളം ഒരുക്കുന്നതിനായി പ്രധാന ചുണ്ടൻ വള്ളങ്ങളെല്ലാം കരയ്‌ക്കുകയറ്റി. പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മേൽപ്പാടം ചുണ്ടനും നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടനും 21ന് കരയ്‌ക്കുകയറ്റി. കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബിന്റെ കാരിച്ചാൽ ചുണ്ടൻ 24നും യുണൈറ്റഡ് ബോട്ട് ക്ലബിന്റെ തലവടി ചുണ്ടനും കുമരകം ടൗൺ ബോട്ട് ക്ലബിന്റെ പായിപ്പാടൻ ചുണ്ടനും 25നും പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടൻ 26നും മിടുക്കനാകാൻ കരയ്‌ക്കുകയറി. തെക്കേക്കര ബോട്ട് ക്ലബിന്റെ ചെറുതന ചുണ്ടൻ വ്യാഴാഴ്‌ചയും ഒരുക്കാൻ കയറ്റും. മുൻ വർഷങ്ങളിൽ ഇങ്ങനെ ഒരുങ്ങൾ പൂർത്തിയാക്കിയാണ് വിവിധ നിറങ്ങളിൽ വള്ളങ്ങൾ പുന്നമടയിലെത്തിയത്. ഇക്കുറി കറുപ്പ് നിറമോ, മരത്തിന്റെ സ്വാഭാവിക നിറമോ മാത്രമേ അനുവദിക്കു. പിബിസി കരുവാറ്റ ചുണ്ടനിലും വിബിസി ആനാരിയിലും എൻബിസി വലിയ ദിവാൻജിയിലുമാണ് ട്രയൽ നടത്തുന്നത്. യുബിസി കൈനകരി മഹാദേവികാട് കാട്ടിൽതെക്കേതിൽ, കെടിബിസി കുമരകം പായിപ്പാടൻ–2, കെസിബിസി ആയാപറമ്പ് പാണ്ടി എന്നീ വള്ളങ്ങളിലുമാണ് ട്രയൽ. മിനുക്കി പുത്തനാക്കും മിന്നലാകാൻ മത്സരത്തിന് മുന്നോടിയായി വള്ളങ്ങൾ കരയ്‌ക്ക് കയറ്റി ഉണക്കിയെടുക്കുന്നതാണ് വള്ളം ഒരുക്കൽ. ആഴ്‌ചകൾ വെള്ളത്തിൽ കിടന്ന വള്ളങ്ങൾ കരയ്‌ക്ക് കയറ്റി ഉണക്കിയെടുക്കുന്നതാണ് ആദ്യഘട്ടം. കാലാവസ്ഥ അനുകൂലമാണെങ്കിൽ വെയിൽ കൊള്ളിച്ച് ഉണക്കിയെടുക്കും. മഴയാണെങ്കിൽ വള്ളപ്പുരയിൽ ഉയർന്ന വോൾട്ടിന്റെ ബൾബിട്ടും ചിരട്ടയും മടലുമെല്ലാം കത്തിച്ചും ഹീറ്റർ വെച്ചും ഉണക്കിയെടുക്കുകയാണ് പതിവ്. രണ്ട് ദിവസത്തോളം വേണ്ടിവരും. മെഴുകുകൊണ്ട് തറത്തുളകളും വള്ളത്തിലെ മറ്റ് പാടുകളും അടയ്‌ക്കും. സാൻഡ് പേപ്പറിൽ മിനുക്കിയെടുത്ത് രണ്ടുതവണ പോളിഷ് ചെയ്യുന്നതാണ് രീതി. വള്ളമൊരുക്കുന്നതിന് മാത്രം കുറഞ്ഞത് 50,000–60,000 രൂപ ചെലവുവരും. വള്ളത്തിൽ വെള്ളം പിടിക്കാതെ പരമാവധി വേഗം ലഭിക്കുന്നതിനാണിത്. മത്സരത്തിന് തലേന്നോ, മത്സരദിവസം രാവിലെയോ ആകും വള്ളങ്ങൾ വീണ്ടും നീരണിയുക. നെഹ്‌റുട്രോഫിയ്‌ക്കായി വിരളം ചെറുവള്ളങ്ങളും ഇങ്ങനെ ഉണക്കി പോളിഷ് ചെയ്‌ത് ഇറക്കാറുണ്ട്. പണ്ട് ഗ്രീസും വെട്ടുനെയ്യും എണ്ണയിൽ ചേർത്താണ് വള്ളം ഒരുക്കിയിരുന്നത്.









0 comments