കപ്പ് തൂക്കാൻ വീരുവും വിബിസിയും

നെഹ്‌റുട്രോഫി വള്ളംകളിയുടെ പരിശീലനത്തിന്റെ ഭാഗമായി വില്ലജ് ബോട്ട് ക്ലബ് കെെനകരി വീയപുരം ചുണ്ടനിൽ പുന്നമട ഫിനിഷിങ് പോയിന്റിൽ നടത്തിയ ട്രാക്ക് എൻട്രി
ആലപ്പുഴ
ഹാട്രിക് നഷ്‌ടമായ 1988, മൂന്നാം സ്ഥാനക്കാരായി മടങ്ങിയ 1990, സെക്കൻഡുകൾക്ക് ഫൈനൽ നഷ്‌ടമായ 2023, മൈക്രോ സെക്കൻഡിന് പിന്നിലായ 2024 – ഇക്കുറി പുന്നമടയിലേക്ക് എത്തുമ്പോൾ ദൗർഭാഗ്യങ്ങളുടെ ഭൂതകാലം വില്ലേജ് ബോട്ട് ക്ലബ് കൈനകരിയുടെ (വിബിസി) ഓർമകളിലില്ല. ഫിനിഷിങ് പോയിന്റിൽ നെഹ്‌റുവിന്റെ പൂർണകായ പ്രതിമയ്‌ക്ക് മുന്നിൽ വെള്ളിക്കപ്പിൽ മുത്തമിടണം. ആ കൈയൊപ്പിട്ട വെള്ളിക്കിരീടം മൂന്നരപ്പതിറ്റാണ്ടിനുശേഷം നെഞ്ചേറ്റി വള്ളംകളിയുടെ ആസ്ഥാനമായ കൈനകരിയിലെത്തിക്കണം. കുട്ടനാടിന്റെ വള്ളംകളി ആവേശത്തെ കൂട്ടുപിടിച്ച് അരയും തലയും മുറുക്കി ഒരുങ്ങുകയാണ് വിബിസി. തുടർച്ചയായ രണ്ടാം വർഷം കൂട്ട് വീയപുരം ചുണ്ടനും. ജൂലൈ 25ന് കൈനകരി പഞ്ചായത്ത് ജങ്‌ഷനിലെ കാളാശേരി ഓഡിറ്റോറിയത്തിൽ ക്യാമ്പ് ആരംഭിച്ചു. 120 താരങ്ങളുള്ള ടീമിന്റെ പരിശീലകൻ ബേബി ചാക്കോ ആണ്. സഹപരിശീലകൻ ജിബിൻ വർഗീസ്. രാവിലെയും വൈകിട്ടും ശാരീരികക്ഷമത പരിശീലനവും കൈനകരിയിൽ പമ്പയാറിൽ വള്ളത്തിലെ പരിശീലനവുമുണ്ട്. വള്ളമൊരുക്കാൻ കരയ്‌ക്ക് കയറ്റിയതിനാൽ ആനാരി ചുണ്ടനിലാണ് പരിശീലനം. ബിഫി വർഗീസ് പുല്ലുക്കാട്ട് ക്യാപ്റ്റനും ബൈജു കുട്ടനാട് ലീഡിങ് ക്യാപ്‌റ്റനുമാണ്. വീരുവിന്റെ ഒന്നാംതുഴയിൽ അരുൺ വെള്ളംകുളങ്ങരയും അമരത്ത് രാജീവ് കുമരകവുമുണ്ട്. പുന്നമടയിൽ 80 തുഴച്ചിൽകാരും അഞ്ച് അമരക്കാരും രണ്ട് ഇടിയൻമാരും ഏഴ് താളക്കാരും വീയപുരത്തിലുണ്ടാകും. സജു സെബാസ്‌റ്റ്യനാണ് വില്ലേജ് ബോട്ട് ക്ലബ് പ്രസിഡന്റ്. സി ജി വിജയൻ സെക്രട്ടറിയും എച്ച് ബിനു ട്രഷററുമാണ്. 1987ൽ സണ്ണി അക്കരക്കുളത്തിന്റെ ക്യാപ്‌റ്റൻസിയിലാണ് വിബിസി അവസാനമായി നെഹ്‌റുട്രോഫി നേടിയത്. വീയപുരമെന്ന അപ്പർകുട്ടനാടൻ ഗ്രാമത്തിന്റെ ഒത്തൊരുമയിൽ പിറന്ന വീയപുരം ചുണ്ടൻ 2019ൽ ആണ് നീരണിയുന്നത്. കോഴിമുക്ക് സാബു നാരായണൻ ആചാരിയാണ് സ്രഷ്‌ടാവ്. 2022 നെഹ്‌റുട്രോഫിയിൽ പുന്നമട ബോട്ട് ക്ലബ്ബിന്റെ കരുത്തിൽ മൂന്നാമതായി. 2023ൽ പള്ളത്തുരുത്തി ബോട്ട് ക്ലബ്ബിലൂടെ നെഹ്‌റുട്രോഫി. 2024 വിബിസിയിലൂടെ കൈനകരിയിലെത്തേണ്ട നെഹ്‌റുട്രോഫി നഷ്‌ടമായത് മൈക്രോ സെക്കൻഡുകൾക്കായിരുന്നു.









0 comments