തുഴകളുടെ തീത്താളത്തിൽ ത്രസിച്ച്

നെഹ്റുട്രോഫി വള്ളംകളിയിൽ വിജയിച്ച വീയപുരം ചുണ്ടന്റെ ക്യാപ്റ്റൻ ബിഫി വർഗീസ് ട്രോഫിയിൽ ചുംബിച്ചപ്പോൾ. മന്ത്രി പി പ്രസാദ്, കൊടിക്കുന്നിൽ സുരേഷ് എംപി, ബോബി ചെമ്മണ്ണൂർ തുടങ്ങിയവർ സമീപം
ആലപ്പുഴ
പുന്നമടയുടെ ഓളപ്പരപ്പ് വീണ്ടും ജലപ്പോരിന്റെ ആവേശത്തിൽ ത്രസിച്ചു. ചുണ്ടനും ചുരുളനും വെപ്പും ഇരുട്ടുകുത്തിയുമെല്ലാം തുഴകളിൽ തീത്താളം തീർത്ത് കുതിച്ചുപാഞ്ഞു. വമ്പന്മാരുടെ കൊമ്പുകോർക്കലിന് ആർപ്പുവിളികളുമായി ആയിരങ്ങൾ ഇരുകരകളിലും അണിനിരന്നു. 21 ചുണ്ടൻ ഉൾപ്പെടെ 75 വള്ളം ഇറങ്ങിയ ഏറ്റവുംവലിയ ജലമാമാങ്കം കാണാൻ ലോകം മുഴുവൻ കാത്തുനിന്നു. ശനി രാവിലെ മുതൽ ആലപ്പുഴ പട്ടണത്തിലെ എല്ലാ വഴികളും പുന്നമടക്കായലിന്റെ കരകളിലേക്കായിരുന്നു. കായലോരത്ത് ആർപ്പുവിളിച്ചും കൊട്ടിയും പാടിയും വള്ളംകളിപ്രേമികൾ നിരന്നു. നെഹ്‌റുപവലിയനിലും ഫ-ിനിഷിങ് പോയിന്റിലും രാവിലെ മുതൽ ഒട്ടേറെ വിദേശികളടക്കം കാണികളും വിശിഷ്‌ടാതിഥികളും എത്തിത്തുടങ്ങി. പകൽ പതിനൊന്നോടെ ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങൾ ആരംഭിച്ചു. ഫൈനൽ മത്സരത്തിന്റെ അതേ ചൂടിലായിരുന്നു ഹീറ്റ്‌സുകളും. ഇടയ്‌ക്ക് നേരിയ മഴയുണ്ടായെങ്കിലും അതൊന്നും ആവേശം തണുപ്പിച്ചില്ല. പകൽ 2.30ന് മന്ത്രി പതാക ഉയർത്തിയശേഷം ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് വള്ളംകളി ഉദ്‌ഘാടനംചെയ്‌തു. ഉദ്‌ഘാടന സമ്മേളനത്തിനുശേഷം ചുണ്ടൻവള്ളങ്ങളെല്ലാം -മാസ്‌ഡ്രില്ലിനായി അണിനിരന്നു. എസ് ഗോപാലകൃഷ്‌ണൻ മാസ് ഡ്രിൽ കണ്ടക്‌ടറായി. അദ്ദേഹത്തിന്റെ വിസിലിന് തുഴച്ചിൽക്കാർ ചിട്ടയിൽ തുഴയുയർത്തി. അണിഞ്ഞൊരുങ്ങിയ പുന്നമടയുടെ ജലപ്പരപ്പിന് മാസ്‌ഡ്രില്ലിന്റെ വർണ്ണപ്പകിട്ട്. ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങൾ ആരംഭിച്ചതോടെ മാനം തെളിഞ്ഞു. ആറ് ഹീറ്റ്‌സുകൾക്ക് ശേഷമായിരുന്നു ചെറുവള്ളങ്ങളുടെ -ൈഫനൽ. ഇതിന് ശേഷം ചുണ്ടൻവള്ളങ്ങളുടെ ലൂസേഴ്‌സ് -ഫൈനൽ. അവസാനമായിരുന്നു ജലരാജാവിനെ കണ്ടെത്താനായി ചുണ്ടൻവള്ളങ്ങളുടെ കലാശപ്പോര്. പൂർണമായും ഹരിതചട്ടം പാലിച്ചായിരുന്നു വള്ളംകളി. ഉടനീളം ഹരിതകർമസേനയുടെ സേവനവുമുണ്ടായി.









0 comments