കരയുടെ കരുത്തിൽ കുതിക്കാൻ ‘കാരി’

കാരിച്ചാൽ ചുണ്ടനിൽ പരിശീലനത്തിന്‌ ഒരുങ്ങുന്ന കാരിച്ചാൽ ചുണ്ടൻ ബോട്ട്‌ ക്ലബ്‌

കാരിച്ചാൽ ചുണ്ടനിൽ പരിശീലനത്തിന്‌ ഒരുങ്ങുന്ന കാരിച്ചാൽ ചുണ്ടൻ ബോട്ട്‌ ക്ലബ്‌

വെബ് ഡെസ്ക്

Published on Aug 21, 2025, 01:31 AM | 2 min read

ആലപ്പുഴ

നെഹ്‌റുട്രോഫി ചരിത്രത്തിലെ ഏറ്റവും വലിയ കിരീടവേട്ടക്കാരന്‌ ഇക്കുറി കൂട്ട്‌ സ്വന്തംകരയുടെ കൈക്കരുത്താണ്‌. പ്രമുഖ ക്ലബ്ബുകൾക്കൊപ്പം 16 തവണ നെഹ്‌റുട്രോഫിയിൽ മുത്തമിട്ട കാരിച്ചാൽ ചുണ്ടനിൽ 71–ാമത്‌ നെഹ്‌റുട്രോഫിയിൽ കാരിച്ചാൽ ചുണ്ടൻ ബോട്ട്‌ ക്ലബ്‌ തുഴയെറിയും. കാരിച്ചാൽ കരയിൽനിന്ന്‌ നിരവധി പേർ മറ്റു ടീമുകൾക്കായി മത്സരിക്കുമ്പോൾ, നാടിന്റെ മാനസപുത്രനിൽ തുഴയെറിയാൻ സ്വന്തം നാട്ടിൽനിന്ന്‌ കരുത്തുറ്റ ടീം വേണമെന്ന ദീർഘകാലത്തെ സ്വപ്‌നമാണ്‌ കാരിച്ചാൽ ചുണ്ടൻ ബോട്ട്‌ ക്ലബ്ബിലൂടെ യാഥാർഥ്യമായത്‌. കരുവാറ്റ കുറിച്ചിയ്‌ക്കൽ സെന്റ്‌ ജോസഫ്‌ പള്ളി ഓഡിറ്റോറിയത്തിൽ ആഗസ്‌ത്‌ ആറിന്‌ ക്യാമ്പ്‌ ആരംഭിച്ചു. കരുവാറ്റ ലീഡിങ്‌ ചാനലിൽ തുഴച്ചിൽ പരിശീലനം. മറ്റ്‌ സംസ്ഥാനങ്ങളിൽനിന്ന്‌ 22 പ്രൊഫഷണൽ താരങ്ങളടക്കം 158 പേർ ക്യാമ്പിലുണ്ട്‌. ദിവസവും രാവിലെ 6.30നും പകൽ 3.30നും തുടങ്ങുന്ന രണ്ട്‌ സെഷനായാണ്‌ പരിശീലനം. താരങ്ങൾക്ക്‌ ആത്മവിശ്വാസം ഉറപ്പാക്കാൻ മോട്ടിവേഷനടക്കമുള്ള സെഷനുകളുമുണ്ട്‌. വിദഗ്‌ധർ തയാറാക്കിയ ഡയറ്റനുസരിച്ചാണ്‌ ഭക്ഷണക്രമീകരണം. ആർമി മുൻ കനോയിങ്‌ ആൻഡ്‌ കയാക്കിങ്‌ പരിശീലകൻ ആന്റണി ജോസഫാണ്‌ മുഖ്യപരിശീലകൻ. നടൻ രഞ്ജിത്ത്‌ സജീവാണ്‌ ക്യാപ്‌റ്റൻ. ബിജു എബ്രഹാം (ബിജു എടത്തൻ) ലീഡിങ്‌ ക്യാപ്‌റ്റൻ. 82 തുഴക്കാരും അഞ്ച്‌ അമരക്കാരും രണ്ട്‌ ഇടിയന്മാരും മൂന്ന്‌ താളക്കാരുമാകും മത്സരസമയം കാരിച്ചാലിലുണ്ടാകുക. അമരത്ത്‌ ഷാജിമോൻ കാവാലവും ഒന്നാംതുഴയിൽ വിജിൽ കൈനകരിയും അണിനിരക്കും. ചമ്പക്കുളം മൂലം വള്ളംകളിയിൽ വെപ്പ്‌ എ ഗ്രേഡ്‌ വിഭാഗത്തിൽ ‘മണലി’ വള്ളത്തിൽ മത്സരിച്ചു. കോവിൽമുക്ക് നാരായണനാചാരിയുടെ കരവിരുതിൽ 1970ൽ നീരണിഞ്ഞ കാരിച്ചാൽ ചുണ്ടൻ തൊട്ടടുത്ത വർഷംമുതൽ പുന്നമടയിലെത്തി. 50 മത്സരത്തിൽ 32 തവണയും ഫൈനലിൽ. 1974, 1975, 1976, 1980, 1982, 1983, 1984, 1986, 1987, 2000, 2001, 2003, 2008, 2011, 2016, 2024 എന്നിങ്ങനെ 16 കിരീടം. 440 ഓഹരി ഉടമകളുടെ ഉടമസ്ഥതയിലാണ്‌ ചുണ്ടൻ. 2024–ൽ 4.14.35 എന്ന എഴുപതാണ്ടിലെ റെക്കോഡ്‌ സമയംകുറിച്ചു. വള്ളസമിതി പ്രസിഡന്റ് എം ജി സ്റ്റീഫൻ മലാൽ, സെക്രട്ടറി പി പി പ്രസാദ്, ക്ലബ് പ്രസിഡന്റ് എ അജിത്‌കുമാർ, സെക്രട്ടറി ജീവൻ ചങ്ങളത്ത്, ചീഫ് കോ– ഓർഡിനേറ്റർ കെ ജി നൈനാൻ എന്നിവരാണ്‌ പിന്നണിയിൽ.



deshabhimani section

Related News

View More
0 comments
Sort by

Home