സ്‌കൂളിലെ ആക്രമണ ദൃശ്യങ്ങൾ പുറത്ത്
ഭക്ഷണശാലയിലേക്ക് വടിയുമായി ബിജെപി മണ്ഡലം പ്രസിഡന്റ്

ഗവ. ഗേൾസ് ഹൈസ്കൂളിൽ പെൺകുട്ടികൾ നടത്തിയ ഭക്ഷണ സ്‌റ്റാളിലേക്ക് വടിയുമായി കടന്നുചെല്ലുന്ന ബിജെപി മാവേലിക്കര മണ്ഡലം പ്രസിഡന്റ് കെ വി അരുൺ
മാവേലിക്കര
ഉപജില്ലാ കലോത്സവത്തിനിടെ മാവേലിക്കര ഗവ. ഗേൾസ് എച്ച്എസ്എസിൽ ബിജെപി നടത്തിയ ആക്രമണത്തിന്റെ കൂടുതൽ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. പെൺകുട്ടികൾ നടത്തിയ ഭക്ഷണശാലയുടെ നേർക്ക് വടിയുമായി ബിജെപി മാവേലിക്കര മണ്ഡലം പ്രസിഡന്റ് അഡ്വ. കെ വി അരുൺ പാഞ്ഞുചെല്ലുന്ന ദൃശ്യമാണ് പുറത്തായത്. നഗരസഭയിൽ ബിജെപിയുടെ സ്ഥിരംസമിതി അധ്യക്ഷൻ എസ് രാജേഷും സംഘത്തിന്റെ മുന്നിലുണ്ടായി. ഉപജില്ലാ കലോത്സവത്തിന്റെ രചനാമത്സരങ്ങൾ നടക്കുന്നതിനിടെ ശനി പകൽ പതിനൊന്നര മുതൽ രണ്ടുമണിക്കൂറോളം ബിജെപി അക്രമിസംഘം സ്കൂളിൽ അഴിഞ്ഞാടുകയായിരുന്നു. കുട്ടികളുടെ ഭക്ഷണസ്‌റ്റാളിൽ അതിക്രമിച്ചു കയറി ബിജെപിയുടെ കൊടികുത്തിയ സംഘം സ്‌റ്റാളിലെ ഭക്ഷണത്തിൽ മണ്ണുവാരിയിടുകയും വലിച്ചെറിയുകയും ചെയ്‌തു. കുട്ടികൾ ഭയന്നോടി. ശേഷിച്ച പഴംപൊരി ബിജെപി പ്രവർത്തകർ സഹപ്രവർത്തകർക്ക് വിതരണം ചെയ്തു. മത്സരത്തിൽ പങ്കെടുക്കുന്ന നിർധന വിദ്യാർഥികളെ സഹായിക്കാൻ ധനസമാഹരണത്തിനാണ് വിദ്യാർഥിനികൾ ഭക്ഷണശാല ഒരുക്കിയത്. പെൺകുട്ടികളുടെ വീഡിയോ ദൃശ്യങ്ങൾ പകർത്തിയെന്നും ആക്ഷേപമുണ്ട്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് പിടിഎ എക്‌സിക്യൂട്ടീവ് മാവേലിക്കര പൊലീസിന് പരാതി നൽകി.









0 comments