പ്രചാരണത്തിൽ എൽഡിഎഫ് മുന്നിൽ
അങ്കത്തട്ടിൽ ആശമാർ

വയലാർ
വയലാറിൽ ആശാ പ്രവർത്തകർ തമ്മിൽ രാഷ്‌ട്രീയ ഏറ്റുമുട്ടൽ. കൊല്ലപ്പള്ളി വാർഡിലാണ് "ആശാ" പ്രവർത്തകർ ഏറ്റുമുട്ടുന്നത്. എൽഡിഎഫിനായി മത്സരിക്കുന്നത് ലീനാ രാധാകൃഷ്ണനാണ്. യുഡിഎഫിനായി ബിന്ദു രമേശും രംഗത്തുണ്ട്. ബിജെപിക്ക് ഇതുവരെ സ്ഥാനാർഥിയെ കണ്ടെത്താനായിട്ടില്ല. രണ്ട് പതിറ്റാണ്ടിന്റെ പ്രവർത്തന പരിചയവുമായി വാർഡിൽ നിറഞ്ഞ വ്യക്തിത്വമാണ് 54കാരി ലീനാ രാധാകൃഷ്ണൻ. നഴ്സിങ് ബിരുദധാരിയായ ലീനക്ക് വാർഡിലെ എല്ലാ വീടുകളിലും കുടുംബാംഗത്തെപ്പോലെ സ്വീകാര്യതയുണ്ട്. സാധുജനങ്ങൾക്കായി പ്രവർത്തിക്കുന്ന വയലാർ " കനിവ് ’ സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായും മികച്ചനിലയിൽ പ്രവർത്തിക്കുന്നു. കർഷക സംഘടനയായ ഫാം ക്ലബിലും സജീവമാണ്. ഒന്പത് വർഷമായി കളവംകോടം സർവീസ് സഹകരണ ബാങ്ക് ബോർഡംഗമാണ്. പ്രീഡിഗ്രിക്കുശേഷം ശേഷം മൂന്നുവർഷത്തെ ജനറൽ നഴ്‌സിങ് കോഴ്സ് പൂർത്തിയാക്കി. വിവാഹശേഷം പഞ്ചായത്തിന്റെ പാലിയേറ്റീവ് പരിചരണത്തിൽ സജീവമായി. സേവനം ആവശ്യമായ ഏവിടെയും ഓടിയെത്തും. മികച്ച ശമ്പളമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണ് ലീന മുഴുവൻ സമയവും ആശാ പ്രവർത്തകയായത്. 2010 -–15 കാലഘട്ടത്തിലെ എൽഡിഎഫ് പഞ്ചായത്ത് ഭരണസമിതിയാണ് ബിന്ദു രമേശിനെ ആശാവർക്കറായി നിയമിച്ചത്. ബിജെപി സ്ഥാനാർഥി നിർണയം തർക്കം മൂലം നീണ്ടുപോവുകയാണ്.









0 comments