5 ദിവസത്തിൽ സ്വന്തമാക്കിയത്‌ 4410 പേർ

ഹിറ്റടിച്ച്‌ കെഎസ്‌ആർടിസി ‘ട്രാവൽ കാർഡ്‌

Traveling by purchasing a KSRTC 'Travel Card' in Cherthala

ചേർത്തലയിൽ കെഎസ്‌ആർടിസി ‘ട്രാവൽ കാർഡ്‌’ വാങ്ങുന്ന യാത്രക്കാൻ

avatar
സ്വന്തം ലേഖകൻ

Published on Jun 26, 2025, 03:30 AM | 1 min read

ആലപ്പുഴ

കെഎസ്‌ആർടിസി ബസുകളിൽ അവതരിപ്പിച്ച ‘ട്രാവൽ കാർഡ്‌’ വൻഹിറ്റ്‌. വിൽപ്പന ആരംഭിച്ച്‌ അഞ്ച്‌ ദിവസം പിന്നിടുമ്പോൾ ജില്ലയിൽ ഇതുവരെ 4410 പേർ കാർഡ്‌ ഉപയോഗിച്ച്‌ യാത്രയാരംഭിച്ചു. ഏഴ് ഡിപ്പോയിലും വലിയ സ്വീകാര്യതയാണ്‌ കാർഡുകൾക്ക്‌. ആലപ്പുഴ ഡിപ്പോയിലാണ്‌ ഏറ്റവും കൂടുതൽപേർ കാർഡ്‌ സ്വന്തമാക്കിയത്‌. 1247. ചെങ്ങന്നൂർ – -803, ചേർത്തല –- 750, ഹരിപ്പാട്‌ –- 730, എടത്വ – -700, കായംകുളം –- 559, മാവേലിക്കര – -321 എന്നിങ്ങനെയാണ്‌ മറ്റ്‌ ഡിപ്പോകളിലെ വിൽപ്പന. 1000 കാർഡുകൾ വീതമാണ്‌ ഡിപ്പോകളിൽ ആദ്യമെത്തിച്ചത്‌. വിൽപ്പന വർധിച്ചതതോടെ കൂടുതലെത്തിച്ചു. 20 മുതൽ ജില്ലയിൽ കാർഡ്‌ ഉപയോഗിച്ച്‌ യാത്ര നിലവിൽവന്നു. ആദ്യഘട്ടം തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നടപ്പാക്കിയ പദ്ധതി എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലയിലേക്ക്‌ വ്യാപിപ്പിക്കുകയായിരുന്നു. പ്രവർത്തനക്ഷമത ഉറപ്പാക്കിയ 100 രൂപ വിലയായ ട്രാവൽ കാർഡുകൾ കണ്ടക്‌ടർമാരിൽനിന്നും മാർക്കറ്റിങ് എക്‌സിക്യൂട്ടീവുമാരിൽനിന്നും യൂണിറ്റുകളിൽനിന്നും യാത്രക്കാർക്ക് ലഭിക്കും. ഇതിൽ 50 മുതൽ പരമാവധി 3000 വരെ രൂപയ്‌ക്ക്‌ റീചാർജ് ചെയ്യാം. കാർഡുകൾ ബന്ധുക്കൾ സുഹൃത്തുകൾക്കും കൈമാറാം. നഷ്‌ടമായാൽ ഉത്തരവാദിത്തം ഉടമസ്ഥനായിരിക്കും. പ്രവർത്തനക്ഷമമല്ലാതായാൽ യൂണിറ്റിൽ അഡ്രസ്, ഫോൺ നമ്പർ എന്നിവയോടെ അപേക്ഷ നൽകണം. അഞ്ച്‌ ദിവസത്തിനുള്ളിൽ പുതിയ കാർഡ്‌ നൽകും. തകരാറിലായാൽ നിശ്ചിതതുക നൽകി പുതിയ കാർഡ്‌ എടുക്കണം. പഴയ കാർഡിലെ തുക പുതിയതിലേക്ക്‌ മാറ്റാം. തുകയ്‌ക്ക്‌ ഒരുവർഷമായിരിക്കും കാലാവധി. പ്രാരംഭ ഓഫറായി ബോണസ് ക്രെഡിറ്റും കെഎസ്‌ആർടിസി നൽകും. 1000 രൂപയുടെ റീചാർജിൽ 40 രൂപയും 2000 രൂപയുടേതിൽ 100 രൂപയും അധികമായി ലഭിക്കും. കാർഡുകൾ വിൽക്കുന്ന കണ്ടക്‌ടർക്കും മാർക്കറ്റിങ് എക്‌സിക്യൂട്ടീവുമാർക്കും ഒരുകാർഡിന് 10 രൂപ കെഎസ്‌ആർടിസി കമീഷൻ നൽകും.



deshabhimani section

Related News

View More
0 comments
Sort by

Home