ജില്ലയിൽ തീരുമാനമായില്ല
കെപിസിസി വിധി പറയും

ആലപ്പുഴ
ആലപ്പുഴ ജില്ലാ പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർഥി നിർണയം ജില്ലയിൽ തീരുമാനമാകാത്തതിനാൽ കെപിസിസിക്ക് വിട്ടു. തർക്കം നടക്കുന്ന വെളിയനാട്, അമ്പലപ്പുഴ, പൂച്ചാക്കൽ ഡിവിഷനുകളിലെ സ്ഥാനാർഥികളെ കെപിസിസി തീരുമാനിക്കും. വെളിയനാട് അനിൽ ബോസ്, പി വി രാജീവ്, കെ ജി ഗോപകുമാർ, അമ്പലപ്പുഴ എ ആർ കണ്ണൻ, എം പി പ്രവീൺ, പൂച്ചാക്കൽ അഡ്വ. രാജേഷ്, അബ്ദുൽ ജബ്ബാർ എന്നിവരാണ് സീറ്റിനായി കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി വൈകിയും നടന്ന ചർച്ചകളിൽ തീരുമാനമാകതെ വന്നതോടെയാണ് അന്തിമ തീരുമാനത്തിന് ജില്ലാ നേതൃത്വം കെപിസിസിക്ക് വിട്ട് കൈയ്യൊഴിഞ്ഞത്. വെള്ളി ഉച്ചയോടെ തീരുമാനമാകുമെന്നാണ് വിവരം.നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിക്കാറായിട്ടും കോൺഗ്രസിന് സ്ഥാനാർഥികളെ തീരുമാനിക്കാൻ കഴിയാത്തതിൽ മുന്നണിയിലെ ലീഗ് അടക്കമുള്ള ഘടകകക്ഷികൾക്കും അതൃപ്‌തിയുണ്ട്. രണ്ട് ദിവസം തുടർച്ചയായി കോർകമ്മിറ്റി ചേർന്നിട്ടും തർക്കസീറ്റുകളിൽ കെ സി വേണുഗോപാൽ പക്ഷവും രമേശ് ചെന്നിത്തല പക്ഷവും അനുരഞ്ജനത്തിന് തയ്യാറാകാത്തതാണ് കാരണം. തർക്കം രൂക്ഷമായ വെളിയനാടും അമ്പലപ്പുഴയിലും സമവായത്തിലെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. അമ്പലപ്പുഴയിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം പി പ്രവീണിനായി ചെന്നിത്തല വിഭാഗവും മുൻ ജില്ലാ പഞ്ചായത്തംഗം എ ആർ കണ്ണന് വേണ്ടി കെ സി വിഭാഗവുമാണ് ചരടുവലിക്കുന്നത്. ഡിവിഷൻ സ്‌ത്രീ സംവരണമായതോടെ വിട്ടുനൽകിയ സീറ്റ് എ ആർ കണ്ണന് മടക്കി നൽകണമെന്നാണ് ജില്ലയിലെ പ്രബലരായ കെ സി വിഭാഗത്തിന്റെ വാദം. സർക്കാരിനെതിരായ സമരങ്ങളിൽ ക്രൂരമർദനത്തിനിരയായ പ്രവീണിനെ ഇൗ സീറ്റിൽ മത്സരിപ്പിക്കണമെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ കടുത്ത അവഗണന നേരിടുന്ന യൂത്ത് കോൺഗ്രസിനെ പരിഗണിക്കണമെന്നുമാണ് ചെന്നിത്തല വിഭാഗത്തിന്റെയും യൂത്ത് കോൺഗ്രസിന്റെയും ആവശ്യം. പ്രചാരണം ആരംഭിച്ച മാരാരിക്കുളത്ത് കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ ഡി തോമസിന് സീറ്റ് നഷ്‌ടമായി. ചുവരെഴുതി പോസ്റ്ററുകളും ഒട്ടിച്ചശേഷമാണ് കെഎസ്‌യു ജില്ലാ പ്രസിഡന്റിന് സീറ്റ് നഷ്‌ടമായത്. വെളിയനാട് വേണുഗോപാൽ വിഭാഗത്തിന്റെ അനിൽ ബോസിന് നറുക്ക് വീഴുമെന്നാണ് സൂചന. കോൺഗ്രസിൽ തർക്കം തുടരുന്നതിനാൽ ഘടകകക്ഷി സീറ്റുകളിലും ധാരണ വൈകുകയാണ്. പുന്നപ്രയും അമ്പലപ്പുഴയും ആവശ്യപ്പെട്ട ലീഗിന് ഇക്കുറിയും നിരാശപ്പെടേണ്ടി വന്നേക്കും. ഇരുസീറ്റുകളും നൽകാനാവില്ല. പകരം പുതിയതായി രൂപം നൽകിയ തണ്ണീർമുക്കം നൽകാമെന്നാണ് കോൺഗ്രസിന്റെ മറുപടി. എന്നാൽ കേരള കോൺഗ്രസിന് നൽകിയ ചെന്നിത്തല സീറ്റിലും ആർഎസ്‌പിക്ക് നൽകിയ നൂറനാട് സീറ്റിലും സ്ഥാനാർഥികളായി.









0 comments