print edition ആദ്യമേ പാളി , പ്രമുഖർക്കും വോട്ട് ചേർത്തില്ല ; യുഡിഎഫിൽ കൂട്ടക്കുഴപ്പം

തിരുവനന്തപുരം
തദ്ദേശ തെരഞ്ഞെടുപ്പിൽ കൊട്ടിഘോഷിച്ച് അവതരിപ്പിച്ച സ്ഥാനാർഥികൾക്കുപോലും വോട്ട് ഉറപ്പിക്കാനാകാത്ത പാർടിയായി കോൺഗ്രസ് അധഃപതിച്ചതിൽ രൂക്ഷ വിമർശമുയർത്തി നേതാക്കൾ. വലിയ ഒരുക്കമാണ് നടത്തിയതെന്നും എല്ലാ വോട്ടും ചേർത്തിട്ടുണ്ടെന്നുമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അവകാശവാദം.
എന്നാൽ, നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചതോടെ പല പ്രമുഖ സ്ഥാനാർഥികൾക്കും നേതാക്കൾക്കും വോട്ടില്ലെന്നാണ് തെളിയുന്നത്. സിനിമാ സംവിധായകൻ വി എം വിനുവിനെ കൊണ്ടുവന്ന് കോഴിക്കോട് കോർപറേഷനിൽ അവതരിപ്പിക്കുംമുന്പ് വോട്ടുണ്ടോ എന്നെങ്കിലും പരിശോധിക്കാൻ ഡിസിസി തയ്യാറാകണമായിരുന്നെന്ന് നേതാക്കൾ ചൂണ്ടിക്കാണി ക്കുന്നു.
തിരുവനന്തപുരത്ത് മുട്ടടയിൽ തർക്കത്തിനൊടുവിൽ തെരഞ്ഞെടുപ്പ് കമീഷൻ കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ട് അനുവദിച്ചെങ്കിലും അവിടെയും കോൺഗ്രസ് പ്രവർത്തകരുടെ വീഴ്‌ച വ്യക്തമാണ്. രണ്ട് വോട്ട് ചേർക്കാൻ ശ്രമിച്ചെന്ന അനാവശ്യ വിവാദത്തിലേക്കാണ് അത് ചെന്നെത്തിയത്.
തിരുവനന്തപുരത്ത് ജില്ലാ പഞ്ചായത്തിൽ ട്രാൻസ്‌ജെൻഡറെ ജനറൽ സീറ്റിൽ നിർത്താതെ വനിതാസംവരണ ഡിവിഷനായ പോത്തൻകോട് സ്ഥാനാർഥി ആക്കിയതും വീഴ്‌ചയാണെന്ന വിലയിരുത്തലിലാണ് നേതാക്കൾ. വനിതാസംവരണ സീറ്റിൽ ട്രാൻസ്‌ജെൻഡറെ പരിഗണിക്കാമോ എന്നത് നിയമപ്രശ്നമായി തുടരുന്നു. കെപിസിസി നേതൃത്വവും പ്രതിപക്ഷ നേതാവും വലിയ അവകാശവാദം ഉന്നയിക്കുന്പോഴും ഡിസിസികളിലും പ്രാദേശിക തലത്തിലും പുനഃസംഘടനാ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞില്ലെന്നാണ് ഇത് തെളിയിക്കുന്നത്. വോട്ട്‌ചേർക്കുന്നതിൽ പല ഡിഡിസികളും പ്രതിപക്ഷ നേതാവിനെ ഉള്‍പ്പെടെ തെറ്റിദ്ധരിപ്പിച്ചു. പട്ടികയിൽ വോട്ടില്ലാതെ സ്ഥാനാർഥികൾ പിന്മാറിയത് പ്രവർത്തകരെ നിരാശരാക്കിയെന്നും നേതാക്കൾ പറയുന്നു.









0 comments