ദേശീയ പഠനനേട്ട സർവേയിൽ രാജ്യത്ത് രണ്ടാംസ്ഥാനം
കേന്ദ്രം വാരിക്കോരിക്കൊടുത്തവരെയും പിന്നിലാക്കി കേരളത്തിന്റെ കുതിപ്പ്

2024 നാസ് സര്‍വേയില്‍ കേരളത്തിന്റെ പ്രകടനം

സ്വന്തം ലേഖകൻ
Published on Jul 03, 2025, 03:30 AM | 1 min read
തിരുവനന്തപുരം
രാജ്യത്തെ വിദ്യാഭ്യാസ നിലവാരം പരിശോധിക്കുന്ന വിദ്യാർഥികളുടെ പഠനനേട്ട സർവേ(നാസ്) യിൽ തലയെടുപ്പോടെ കേരളം. 2024ലെ നാസ് റിപ്പോർട്ട് അനുസരിച്ച് ആകെ മികവിൽ 65.33 പോയിന്റോടെ രാജ്യത്ത് രണ്ടാമതാണ് കേരളം. 2021 ലെ സർവ്വെയിലെ 16ാംസ്ഥാനത്തുനിന്നാണ് കേരളത്തിന്റെ കുതിച്ചുചാട്ടം. 68 പോയിന്റുമായി പഞ്ചാബാണ് ഒന്നാമത്. അർഹതപ്പെട്ട 1,500 കോടി രൂപ കേന്ദ്രം കുടിശ്ശിക വരുത്തിയിട്ടും കോടിക്കണക്കിന് രൂപ സാമ്പത്തിക സഹായം ലഭിച്ച സംസ്ഥാനങ്ങളെ പിന്നിലാക്കി കേരളം നേടിയ ഈ വിജയത്തിന്റെ തിളക്കം ഇരട്ടിയാണ്. 2024ൽ മൂന്ന്, ആറ്, ഒമ്പത് ക്ലാസുകളിലെ വിദ്യാർഥികളുടെ പഠനനിലവാരം വിലയിരുത്താൻ ഭാഷ, ഗണിതം, പരിസരപഠനം, ശാസ്‌ത്രം, സാമൂഹ്യശാസ്‌ത്രം എന്നീ വിഷയങ്ങളിലാണ് സർവേ നടത്തിയത്. ആറാം ക്ലാസിലെ പഠന നിലവാരത്തിൽ രാജ്യത്ത് ഒന്നാമതാണ് കേരളം. ഒമ്പതാം ക്ലാസിൽ രണ്ടാമതും മൂന്നാം ക്ലാസിൽ മൂന്നാമതുമാണ്. 2021ൽ മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളിലായിരുന്നു സർവേ. സംസ്ഥാനത്തെ 1,644 സ്‌കൂളുകളിൽ നിന്ന് 46,737 വിദ്യാർഥികൾ സർവേയിൽ പങ്കെടുത്തു. ദേശീയ തലത്തിൽ 74,000 സ്‌കൂളുകളിലായി 21,15,000 കുട്ടികളും. പൊതുവിദ്യാഭ്യാസ രംഗത്തെ മികവുറ്റതാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾക്കുള്ള അംഗീകാരമാണിതെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.









0 comments