ചേർത്തലയെ വിറപ്പിച്ച്‌ കാറ്റ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 27, 2025, 01:43 AM | 1 min read

സ്വന്തം ലേഖകൻ
ചേർത്തല

മഴയോടൊപ്പം ആഞ്ഞടിച്ച കാറ്റിൽ താലൂക്കിൽ വ്യാപക നാശനഷ്‌ടം. രണ്ട്‌ ദിവസമായി മരംവീണ്‌ 47 വീട്‌ ഭാഗികമായി തകർന്നു. വൈദ്യുതിക്കമ്പിയിൽ മരങ്ങൾ പതിച്ച്‌ തൂണുകൾ വ്യാപകമായി ഒടിഞ്ഞുവീണതിനാൽ വൈദ്യുതിവിതരണം വൈകിട്ടുവരെ മുടങ്ങി. ചിലയിടങ്ങളിൽ വൈദ്യുതിവിതരണം രാത്രിയും പുനസ്ഥാപിക്കാനായില്ല. കാറ്റടിച്ച വിവിധ മേഖലകളിൽ കൃഷിനാശവും ഉണ്ടായി. കടക്കരപ്പള്ളി നാല്, ചേർത്തല സൗത്ത് മൂന്ന്, പള്ളിപ്പുറം ഒന്ന്, പെരുമ്പളം മൂന്ന്, ചേർത്തല നോർത്ത് രണ്ട്, തൈക്കാട്ടുശേരി രണ്ട്, മാരാരിക്കുളം വടക്ക് നാല്, അർത്തുങ്കൽ ഏഴ്, എഴുപുന്ന മൂന്ന്, കുത്തിയതോട് ഏഴ്, കൊക്കോതമംഗലം ഒന്ന്, തുറവൂർ തെക്ക് ഏഴ്, കോടംതുരുത്ത് ഒന്ന്, അരൂർ രണ്ട്‌ എന്നിങ്ങനെയാണ് വില്ലേജുകളിൽ വീടുകൾ തകർന്നത്. തിങ്കൾ രാവിലെ 9.30 ഓടെയാണ്‌ തെക്കുപടിഞ്ഞാറുനിന്ന്‌ അതിശക്തമായ കാറ്റ്‌ ആഞ്ഞടിച്ചത്‌. ഭയാനകശബ്‌ദത്തോടെ വീശിയടിച്ച കാറ്റ്‌ മിനിട്ടുകളോളം നീണ്ടു. ചുഴലിരൂപത്തിൽ ദിശ മാറിമാറി വീശിയ കാറ്റിൽ മരങ്ങൾ കടപുഴകിയും ഒടിഞ്ഞും വീണു. റോഡുകളിൽ മരംവീണ്‌ ഗതാഗതം ഏറെനേരം മുടങ്ങി. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ്‌ മരങ്ങൾനീക്കി വഴിതുറന്നത്‌. തണ്ണീർമുക്കം വില്ലേജ് ഓഫീസ്‌ വളപ്പിലെ വൈദ്യുതിലൈനിൽ മരംവീണതിനാൽ വില്ലേജ് ഓഫീസ് തുറക്കാനായില്ല. അഗ്നിരക്ഷാസേനയെത്തി മരംവെട്ടിയാണ് ഓഫീസിലേക്ക്‌ വഴിയൊരുക്കിയത്. നഗരസഭ 23–-ാം വാർഡ് സദ്ഗമയയിൽ അഡ്വ. എം പി ഭാർഗവന്റെ വീടിന്റെ മുൻഭാഗം മരംവീണ്‌ തകർന്നു. സമീപത്തെ വൈദ്യുതിത്തൂണും ഒടിഞ്ഞു. കനത്തമഴയിൽ താലൂക്കിലെ ആയിരക്കണക്കിന്‌ വീടുകളും ഉൾനാടൻ റോഡുകളും വെള്ളക്കെട്ടിലായി. ഒറ്റമശേരിയിൽ കടലേറ്റം: 
6 വീട്‌ അപകടാവസ്ഥയിൽ ചേർത്തല ഒറ്റമശേരിയിൽ കടൽഭിത്തിയില്ലാത്ത ഭാഗത്ത്‌ കടലേറ്റം ശക്തമായതിനാൽ ആറ്‌ വീട്‌ തകർച്ചാഭീഷണിയിലായി. കടൽവെള്ളം വീട്ടുവളപ്പുകളിലേക്ക്‌ കയറുന്നുമുണ്ട്‌. തഹസിൽദാർ എസ് ഷീജ, ഡെപ്യൂട്ടി തഹസിൽദാർ വി ജെ ഗ്രേസി, കടക്കരപ്പള്ളി വില്ലേജ് ഓഫീസർ എൽ അനിത എന്നിവർ തീരം സന്ദർശിച്ചു. കെടുതി രൂക്ഷമായാൽ നേരിടുന്നതിനുള്ള ഒരുക്കങ്ങൾ താലൂക്കിൽ പൂർണമായി.



deshabhimani section

Related News

View More
0 comments
Sort by

Home