ഉ‍ൗരാളുങ്കൽ ലോക സഹകരണ സാംസ്കാരിക പൈതൃക കേന്ദ്രം

a
avatar
പ്രത്യേക ലേഖകൻ

Published on Nov 16, 2025, 02:42 AM | 2 min read

കോഴിക്കോട്‌

നൂറുവർഷത്തെ ചരിത്രമുള്ള തൊഴിലാളി സഹകരണസംഘമായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റി(യുഎൽസിസിഎസ്‌)യുടെ ആസ്ഥാനം ഇനി ‘ലോക സഹകരണ സാംസ്കാരിക പൈതൃകകേന്ദ്രം’. ബ്രസീലിലെ ഇറ്റാമറതി പാലസിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസാണ്‌ പ്രഖ്യാപനം നടത്തിയത്.​ ലോക സഹകരണ പ്രസ്ഥാനത്തിന്റെ സാംസ്കാരിക പൈതൃകം പേറുന്ന 25 രാജ്യങ്ങളിലെ 31 കേന്ദ്രങ്ങൾ ഉൾപ്പെടുത്തിയ ഭൂപടത്തിൽ ഇന്ത്യയിൽനിന്ന് ഗുജറാത്തിലെ അമൂലിന്റെ ഡോ. വർഗീസ് കുര്യൻ മ്യൂസിയവും ഉൾപ്പെടുത്തിയിട്ടുണ്ട്‌.

ഭൂപടത്തിൽ ഏഷ്യയിൽനിന്ന് ഏഴ്‌ കേന്ദ്രങ്ങളാണുള്ളത്.​ സഹകരണ സാംസ്കാരിക പൈതൃകകേന്ദ്രങ്ങളുടെ ആദ്യ ലോകഭൂപടം ഉൾപ്പെടുത്തി, ‘കോ ഓപ്പറേറ്റീവ് കൾച്ചറൽ ഹെറിറ്റേജ് പ്ലാറ്റ്‌ഫോമും’ (www.culturalheritage.coop) ഐസി‌എ പ്രകാശിപ്പിച്ചു. പ്രകാശനച്ചടങ്ങിൽ കുടുംബകൃഷി, അഗ്രോ ഇക്കോളജി സെക്രട്ടറി വാൻഡർലി ടൈഗർ, ബ്രസീൽ വിദേശമന്ത്രിയുടെ ചുമതലയുള്ള അംബാസഡർ മരിയ ലൗറ ഡി റോച്ച, യുനെസ്കോ ഡയറക്ടർ ഓഫീസിലെ പ്രത്യേക ഉപദേഷ്ടാവ് റോഡ്രിഗോ ലിമ തുടങ്ങിയവർ പങ്കെടുത്തു.

സഹകരണപ്രസ്ഥാനം തലമുറകളിലൂടെ എങ്ങനെ സംസ്കാരത്തെയും വിദ്യാഭ്യാസത്തെയും ജീവിതോപാധികളെയും രൂപപ്പെടുത്തി എന്ന്‌ പ്രതിപാദിക്കുന്നതാണ്‌ ഭൂപടം. സഹകരണപ്രസ്ഥാനത്തിന്റെ ജീവൻ പ്രസരിക്കുന്ന സാംസ്കാരിക പൈതൃകം സംരക്ഷിക്കുകയും ആഘോഷിക്കുകയും ചെയ്യാനുള്ള ആഗോള ഉദ്യമത്തിന്റെ ഭാഗമാണ്‌ പ്ലാറ്റ്‌ഫോം. ഇതിൽ https://www.culturalheritage.coop/aboutTangiblePage/ulccs-india എന്ന താളിലാണ് ഊരാളുങ്കൽ സൊസൈറ്റിയുള്ളത്.​

വ്യവസായ -ഉപഭോക്തൃസേവന വിഭാഗത്തിൽ ലോകത്തെ രണ്ടാമത്തെ വലിയ സഹകരണസ്ഥാപനമാണ്‌ ഊരാളുങ്കൽ സൊസൈറ്റി. ലോക സഹകരണരംഗം വിലയിരുത്തുന്ന ‘വേൾഡ് കോ-ഓപ്പറേറ്റീവ് മോണിറ്ററി’ന്റെ റാങ്കിങ്ങിൽ മൂന്നുവർഷം തുടർച്ചയായി സ്ഥാനം നിലനിർത്തി. 18,000-ത്തിലധികം പേർക്ക്‌ നേരിട്ട്‌ തൊഴിൽ നൽകുന്ന ഉ‍ൗരാളുങ്കലിന്റെ വാർഷികവരുമാനം 2,334 കോടി രൂപയാണ്. ​

ഇന്ത്യയിൽനിന്ന് ഐസി‌എയുടെ സ്ഥിരാംഗത്വം ലഭിച്ച ആദ്യ പ്രാഥമിക സഹകരണസ്ഥാപനവും ഐ‌എസ്‌ഒ 9001, 14001, 45001 സർട്ടിഫിക്കേഷനുകൾക്ക് ഉടമയുമാണ്‌ യുഎൽസിസിഎസ്‌. തൊഴിലാളികൾ ഉടമസ്ഥരായ ലോകത്തിലെ ഏക ഐടി പാർക്കായ യു‌എൽ സൈബർപാർക്ക്, യു‌എൽ ടെക്നോളജി സൊലൂഷൻസ്, ഫ്യൂച്ചറിസ്‌റ്റ്‌ നിർമാണങ്ങൾക്കായുള്ള യുസ്ഫിയർ, കോഴിക്കോട്‌ ഇരിങ്ങലിലെ സർഗാലയ, തിരുവനന്തപുരം വെള്ളാറിലെ കേരള എന്നീ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജുകൾ, ദക്ഷിണേന്ത്യയിലെ ആധുനിക മെറ്റീരിയൽ ടെസ്റ്റിങ് ലാബായ മാറ്റർലാബ്, യുഎൽ ഹൗസിങ്, യുഎൽ റിസർച്ച്, യുഎൽ ചാരിറ്റബിൾ ആൻഡ് വെൽഫെയർ ഫൗണ്ടേഷൻ, നിർമാണ കൺസൾട്ടൻസി സഥാപനമായ യുഎൽ ഇൻസൈറ്റ് എന്നിവ ഉപസ്ഥാപനങ്ങളാണ്. കേരള സർക്കാരിന്റെ തൊഴിൽവകുപ്പിന്‌ കീഴിലുള്ള ചവറയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്‌ചർ ആൻഡ് കൺ‌സ്ട്രക്‌ഷൻ ഏറ്റെടുത്ത്‌ നടത്തുന്നതും യുഎൽസിസിഎസ് ആണ്. ​

നിരവധി ദേശീയ-സംസ്ഥാന അവാർഡുകൾ നേടിയ സ്ഥാപനമാണ്‌. രാഷ്ട്രനിർമാണത്തിൽ തൊഴിലാളിവർഗത്തിന്റെ പങ്ക് പുതുക്കിനിർവചിക്കുകയും നിർമാണരംഗം അഴിമതിമുക്തമാക്കുകയും ഗുണമേന്മ ഉറപ്പാക്കുകയും ചെയ്യുന്നതിൽ മികച്ച മാതൃകയാണ്‌ യുഎൽസിസിഎസ്.



deshabhimani section

Related News

View More
0 comments
Sort by

Home