നൗഗാമിൽ സ്ഫോടകവസ്തു ശേഖരം പൊട്ടിത്തെറിച്ച സംഭവത്തിൽ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ജമ്മുകാശ്മീർ സർക്കാർ

ശ്രീനഗർ: ജമ്മു കാശ്മീരിലെ നൗഗാമിൽ സ്ഫോടകവസ്തു ശേഖരം പൊട്ടിത്തെറിച്ച സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് ജമ്മു കാശ്മീർ സർക്കാർ. സ്ഫോടനത്തിൽ തകർന്ന പൊലീസ് സ്റ്റേഷൻ കെട്ടിടവും അടുത്തുള്ള നിരവധി വീടുകളും സർക്കാർ തന്നെ പുനർ നിർമിക്കുമെന്നും മുഖ്യമന്ത്രി ഒമർ അബ്ദുള്ള അറിയിച്ചു.
കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയുമാണ് സർക്കാർ നൽകുക. ചെങ്കോട്ട സ്ഫോടനത്തിന്റെ ആഘാതത്തിൽനിന്നും രാജ്യം മുക്തമാകും മുന്നേയാണ് അടുത്ത സ്ഫോടനം നടന്നത്.
ചെങ്കോട്ട സ്ഫോടനം നടത്തിയ ഭീകര സംഘം ഒളിപ്പിച്ചിരുന്ന സ്ഫോടക വസ്തുക്കൾ ഫരീദാബാദിൽ നിന്നടക്കം പിടിച്ചെടുത്തിരുന്നു. ഈ സ്ഫോടക വസ്തുക്കൾ ജമ്മു കശ്മീരിലെത്തിച്ച് നൗഗാം സ്റ്റേഷനിലാണ് സൂക്ഷിച്ചിരുന്നത്. നൗഗാം സ്റ്റേഷൻ അതിർത്തിയിൽ ജയിഷ് എ മുഹമ്മദിന് അനുകൂലമായ പോസ്റ്ററുകൾ കണ്ടതിനെ തുടർന്നുള്ള അന്വേഷണമാണ് സ്ഫോടക വസ്തുക്കൾ പിടിച്ചെടുക്കുന്നതിലേക്ക് നയിച്ചത്.
രണ്ട് ദിവസമായി ഫോറൻസിക് സംഘം അടക്കം ഈ സ്ഫോടക വസ്തുക്കളുടെ പരിശോധന നടത്തി വരികയായിരുന്നു. ഇന്നലെ രാത്രി 11.20 ഓടെയാണ് തുറസ്സായ സ്ഥലത്ത് സൂക്ഷിച്ച സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചത്. ഉഗ്രസ്ഫോടനത്തിൽ നൗഗാം പോലീസ് സ്റ്റേഷടനും സമീപത്തെ കെട്ടിടങ്ങളും തകരുകയായിരുന്നു








0 comments