10 മണിക്കൂർനീണ്ട അത്യപൂർവ ഹൃദയശസ്ത്രക്രിയ
ഗവ. മെഡിക്കൽ കോളേജിൽ വീക്കം ബാധിച്ച രക്തധമനി മാറ്റിവച്ചു

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പത്ത് മണിക്കൂർ നീണ്ട അത്യപൂർവ ശസ-്ത്രക്രിയയ-്ക്ക് വിധേയനായ രണദേവും കുടുംബവും ശസ-്ത്രക്രിയ നടത്തിയ മെഡിക്കൽസംഘത്തിനൊപ്പം
വി പ്രതാപ്
Published on Jul 17, 2025, 01:16 PM | 1 min read
വണ്ടാനം
പത്തുമണിക്കൂർ നീണ്ട അപൂർവ ശസ്‌ത്രക്രിയയിലൂടെ ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദയധമനി മാറ്റിവച്ചു. ഹൃദയത്തിൽനിന്ന് തലച്ചോറിലേക്ക് പോകുന്ന രക്തധമനിക്ക് വീക്കംവന്ന് അപകടാവസ്ഥയിലായ കാർത്തികപ്പള്ളി പുത്തൻമണ്ണേൽ രണദേവ്(66) പുതുജീവിതത്തിലേക്ക്. ഹൃദയംമാറ്റിവയ്‌ക്കലിനേക്കാൾ അതീവ സങ്കീർണമായ ഈ ശസ്‌ത്രക്രിയക്ക്, സംസ്ഥാന സർക്കാരിന്റെ ആരോഗ്യ സംരക്ഷണ പദ്ധതിയിൽ മൂന്നു ലക്ഷം മാത്രമാണ് ചെലവായത്. ശബ്ദവ്യത്യാസവുമായാണ് രണദേവ് ഇഎൻടി ഒപിയിലെത്തിയത്. നെഞ്ചിന്റെ സി ടി സ്‌കാൻ പരിശോധനയിലാണ് ഹൃദയത്തിൽനിന്ന് ശുദ്ധരക്തം ശരീരഭാഗങ്ങളിലേക്ക് എത്തിക്കുന്ന മഹാധമനിയിൽനിന്ന് തലച്ചോറിലേക്ക് രക്തംപോകുന്ന ധമനിക്ക് സമീപം വീക്കം (അയോർട്ടിക് ആർച്ച് അന്യൂറിസം) കണ്ടെത്തിയത്. ഏതുനിമിഷവും പൊട്ടി ജീവൻ അപകടത്തിലാകുന്ന സ്ഥിതിയിലായിരുന്നു ഈ വീക്കം. ലക്ഷത്തിൽ ഒരാൾക്ക് മാത്രം വരുന്ന രോഗാവസ്ഥ കണ്ടെത്തിയ ഡോക്ടർമാർ, രണദേവിനെ സൂപ്പർ സ്‌പെഷ്യാലിറ്റിയിലെ ഹൃദയശസ്ത്രക്രിയ വിഭാഗത്തിലേക്ക് മെയ് 12ന് മാറ്റി. 30ന് അതിസങ്കീർണ ശസ്ത്രക്രിയ നടത്തി. 48 മണിക്കൂർ സിടിവിഎസ് ഐസിയുവിൽ കഴിഞ്ഞ രണദേവിനെ പൂർണബോധം തിരിച്ചുകിട്ടിയ ശേഷം വെന്റിലേറ്ററിൽനിന്ന് മാറ്റി .അഞ്ചുദിവസം തീവ്രപരിചരണത്തിനു ശേഷം ആരോഗ്യവാനായി ആശുപത്രിവിട്ടു. ശസ്‌ത്രക്രിയക്ക് ആവശ്യമായ വിലയേറിയ ഉപകരണങ്ങൾ സംസ്ഥാന സർക്കാരിന്റെ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (കാസ്‌പ്) ഉൾപ്പെടുത്തിയതിനാൽ മൂന്നുലക്ഷം രൂപ മാത്രം ചെലവിൽ ഒതുക്കാനുമായി. സ്വകാര്യ ആശുപത്രികളിൽ 15 ലക്ഷം രൂപ ചെലവുവരും.









0 comments