ഇന്ത്യയിലേത് ഭരണഘടനാവിരുദ്ധ ഭരണം: സുജാത

സിപിഐ എം നടുഭാഗം ലോക്കൽ സെക്രട്ടറിയായിരുന്ന എസ് വി ഷിബുവിന്റെ അനുസ്‌മരണ സമ്മേളനം കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാത ഉദ്ഘാടനംചെയ്യുന്നു
തകഴി
ഭരണഘടനാവിരുദ്ധ ഭരണമാണ് ഇന്ത്യയിൽ നടക്കുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത. ഹിന്ദുത്വ വർഗീയ അജൻഡ നടപ്പാക്കുന്നതിനൊപ്പം ആഗോളവൽക്കരണ നയങ്ങളും സാമ്രാജ്യത്വ പ്രീണനവും നരേന്ദ്ര മോദി സർക്കാരിന്റെ മുഖമുദ്രയാണ്. നടുഭാഗം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച എസ് വി ഷിബു അനുസ്‌മരണ സമ്മേളനം ഉദ്ഘാടനംചെയ്‌ത് സംസാരിക്കുകയായിരുന്നു സുജാത. 2018-ലെ പ്രളയ രക്ഷാപ്രവർത്തനത്തിനിടയിൽ നടുഭാഗത്തെ ജനങ്ങളുടെ സ്വത്തിനും വളർത്തുമൃഗങ്ങൾക്കും കാവലാളായി പ്രവർത്തിച്ച എസ് വി ഷിബു സിപിഐ എം ലോക്കൽ സെക്രട്ടറിയായിരുന്നു. കാലിനേറ്റ മുറിവ് ഗുരതരമായതിനെത്തുടർന്നാണ് ഷിബു മരിച്ചത്. പാർടി ഓഫീസ് നിൽക്കുന്ന ജങ്ഷന് വി എസ് അച്യുതാനന്ദന്റെയും ലോക്കൽ കമ്മിറ്റി ഓഫീസിന് പി കെ ചന്ദ്രാനന്ദന്റെയും നാമകരണ പ്രഖ്യാപനം സി എസ് സുജാത നടത്തി. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ചവിജയം നേടിയവരെ ആദരിച്ചു. നെടുമുടി മുൻ പഞ്ചായത്ത് പ്രസിഡന്റ് എം കെ ചാക്കോ അധ്യക്ഷനായി. തകഴി ഏരിയ സെക്രട്ടറി കെ എസ് അനിൽകുമാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ എ ഡി കുഞ്ഞച്ചൻ, യശോദ സുകുമാരൻ എന്നിവർ സംസാരിച്ചു. അനുസ്‌മരണ സമിതി ചെയർമാൻ എൻ എസ് ശ്രീകുമാർ സ്വാഗതവും കൺവീനർ എസ് ഷാജിമോൻ നന്ദിയും പറഞ്ഞു. രാവിലെ പുഷ്‌പാർച്ചനയും, കരോക്കെ വിപ്ലവ ഗാനാലാപന മത്സരവും നടന്നു.









0 comments