നെഹ്റുട്രോഫി പുതിയ പെരുമാറ്റച്ചട്ടത്തിന് അംഗീകാരം
നിറം കൊടുക്കുന്നെങ്കിൽ കറുപ്പ് മാത്രം


സ്വന്തം ലേഖകൻ
Published on Aug 05, 2025, 01:28 AM | 1 min read
ആലപ്പുഴ
നെഹ്റുട്രോഫി ജലോത്സവത്തിൽ പങ്കെടുക്കുന്ന വള്ളങ്ങൾക്ക് തടിയുടെ സ്വാഭാവിക നിറമോ കറുപ്പോ മാത്രമേ അനുവദിക്കൂ. അല്ലാത്ത വള്ളങ്ങളെ മത്സരത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ല. ടീമുകൾക്കുള്ള പെരുമാറ്റചട്ടത്തിൽ വരുത്തിയ ഭേദഗതികൾക്ക് നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകാരം നൽകി. കളിവള്ളങ്ങളിൽ രാഷ്ട്രീയവും മതപരവുമായ ചിഹ്നങ്ങൾ അനുവദിക്കില്ല. മത്സരവള്ളങ്ങളിൽ ഉപയോഗിക്കുന്ന പങ്കായങ്ങൾ, ഇടിയൻ എന്നിവ തടികൊണ്ടുള്ളതും ഇരുന്ന് തുഴയുന്ന തുഴകൾ പനയിൽ നിർമിച്ചതുമാകണം. വിപരീതമായി പ്രവർത്തിക്കുന്ന വള്ളങ്ങളെക്കുറിച്ച് മത്സരത്തിന് മുമ്പായി പരാതി ലഭിച്ചാൽ നടപടിയുണ്ടാകും.
വള്ളങ്ങളുടെ നമ്പർ പ്ലേറ്റ് മുന്നിൽ കെട്ടിവയ്ക്കില്ല. വള്ളങ്ങൾ സ്റ്റാർട്ടിങ് പോയന്റിൽ കൃത്യമായി ക്രമീകരിക്കുന്നതിനും ചുണ്ട്, തലമരം ഫിനിഷിങ് പോയിന്റ് ടച്ച് ചെയ്യുന്നതും കൃത്യമായി കാണുന്നതിനുമാണിത്. പകരം എൻടിബിആർ നൽകുന്ന സ്റ്റിക്കർ രൂപത്തിലുളള നമ്പർ പ്ലേറ്റ് കൂമ്പിന് തൊട്ട് പിന്നിൽ പതിക്കണം. ചുണ്ടൻവള്ളങ്ങളുടെ കൂമ്പ് മറയും വിധം ഒന്നും പ്രദർശിപ്പിക്കാൻ അനുവദിക്കില്ല. വിധികർത്താക്കൾക്ക് വിധി കൃത്യമായി നടപ്പാക്കുന്നതിന് മൂന്ന് തട്ടിൽ ഇരിപ്പിടം ഒരുക്കും. ഫിനിഷിങ് പോയിന്റിൽ ഒരേരൂപത്തിലും വലുപ്പത്തിലുമുള്ള അഞ്ച് തൂണുകൾ സ്ഥാപിക്കും. ഫിനിഷിങ് പോയിന്റിൽ ഇരുവശവും ക്യാമറ സംവിധാനവും ഒരുക്കും. ഫിനിഷിങ്ങിന് കൃത്യത ഉറപ്പാക്കാൻ ഫിനിഷിങ് പോയിന്റിൽ വെർച്യുൽ ലൈൻ ഉപയോഗിച്ച് ഇൻഡിവിജ്വൽ ടൈമിങ് സിസ്റ്റം ക്രമീകരിക്കും.
ടൈമേഴ്സ് കൃത്യതയോടെ ടൈം സ്ക്രീനിൽ പ്രദർശിപ്പിക്കുകയും ഫിനിഷിങ് പോയിന്റ് ടച്ച് ചെയ്യുന്ന വള്ളങ്ങളുടെ സ്ഥാനക്രമം അനുസരിച്ച് 1, 2, 3, 4 സമയക്രമം കൃത്യമായി ജനം കാണുംവിധം സ്ക്രീനിൽ പ്രദർശിപ്പിക്കും. വള്ളങ്ങളുടെ സമയക്രമം ഇനിമുതൽ മിനിട്ടിനും സെക്കൻഡിനുംശേഷം മില്ലി സെക്കൻഡായി (3 ഡിജിറ്റ്) നിജപ്പെടുത്തും. ഒരേപോലെ ഒന്നിലധികം വള്ളങ്ങൾ ഫിനിഷ് ചെയ്താതാൽ നറുക്കെടുപ്പിലൂടെ വിജയിയെ നിശ്ചയിക്കും. അങ്ങനെ വന്നാൽ ആറ് മാസം വീതം നെഹ്റുട്രോഫി കൈവശം വയ്ക്കാം. ആദ്യ ആറ് മാസം ആർക്ക് എന്നത് നറുക്കെടുപ്പിലൂടെ നിശ്ചയിക്കും. ഒന്നുമുതൽ നാലുവരെയുള്ള ഏതെങ്കിലും സ്ഥാനങ്ങൾ വള്ളങ്ങൾ പങ്കുവച്ചാൽ തൊട്ടടുത്ത സ്ഥാനം ഒഴിവാക്കി അടുത്ത സ്ഥാനക്കാർക്ക് നൽകുന്നതാണ്. ഐഡി കാർഡ് വാങ്ങിയ ക്ലബ്ബുകൾ അവരുടെ ടീമംഗങ്ങളെ നിലനിർത്തേണ്ട ഉത്തരവാദിത്തം ടീം ക്യാപ്റ്റനിൽ മാത്രം നിക്ഷിപ്തമായിരിക്കും.









0 comments