പ്ലാസ്‌റ്റിക് നീക്കി, ബിന്ന് സ്ഥാപിച്ചു
വേണം ഇൗ മനോഹര തീരം

ആലപ്പുഴ ബീച്ചിൽ "സ്വച്ഛോത്സവം' മെഗാ ക്ലീനിങ് പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തിൽ ആലപ്പുഴ ബീച്ചിൽ വിജയ പാർക്കിന്റെ വടക്ക് ഭാഗവും പരിസരവും ശുചീകരിച്ചു. അർത്തുങ്കൽ തീരദേശ പൊലീസും ആലപ്പുഴ ടൂറിസം പൊലീസും എംജി സർവകലാശാല സ്കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസ് വിഭാഗവും നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസേർച്ചും ജലവിഭവ വികസന പരിപാലനകേന്ദ്രവും ചേർന്ന്‌സംഘടിപ്പിച്ച ശുചീകരണം അർത്തുങ്കൽ കോസ്റ്റൽ പൊലീസ് ഇൻസ്‌പെക്ടർ എസ് ടി ബിജു ഉദ്ഘാടനംചെയ്തു. വാർഡ് കൗൺസിലർ റീഗോ രാജു അധ്യക്ഷനായി. ബീച്ചിൽ നിന്ന് ശേഖരിച്ച 70 കിലോ പ്ലാസ്റ്റിക് മാലിന്യം വേർതിരിച്ച് നഗരസഭയ്‌ക്ക് കൈമാറി. പങ്കാളികളായവർക്ക് പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് നൽകി. തുടർന്ന് ബീച്ചിലൂടെ ‘വൃത്തിയുള്ള കടൽത്തീരം നമ്മുടെ അഭിമാനം’ എന്ന മുദ്രാവാക്യവുമായി ബോധവൽക്കരണ ജാഥ നടത്തി. ബിന്നും സ്ഥാപിച്ചു. ബീച്ചിൽ മെഗാ ക്ലീനിങ് ആലപ്പുഴ "സ്വച്ഛതാ ഹി സേവ 2025' ക്യാമ്പയിന്റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ "സ്വച്ഛോത്സവം' മെഗാ ക്ലീനിങ് സംഘടിപ്പിച്ചു. പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്തു. നഗരസഭയുടെയും ജില്ലാ ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി. 1500 പേർ പങ്കെടുത്ത ശുചീകരണ യജ്ഞത്തിൽ 600 കിലോ അജൈവ മാലിന്യം ശേഖരിച്ചു. 17ന് ആരംഭിച്ച ക്യാമ്പയിൻ നവംബർ ഒന്ന് വരെ തുടരും. നഗരസഭാധ്യക്ഷ കെ കെ ജയമ്മ അധ്യക്ഷയായി. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ സി പ്രേംജി ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഐടിബിപി സേനാംഗങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ, എൻസിസി, എൻഎസ്എസ്, മലിനീകരണ നിയന്ത്രണ ബോർഡ് അംഗങ്ങൾ, നഗരസഭ പ്രതിനിധികൾ തുടങ്ങിയവർ ശുചീകരണത്തില്‍ പങ്കെടുത്തു. മറ്റ് ബീച്ചുകളിലും ശുചീകരിക്കും.









0 comments