പാർപ്പിടം, സ്‌മാർട്ട് അങ്കണവാടികൾ
വികസനക്കുതിപ്പിൽ ഹരിപ്പാട്

പള്ളിപ്പാട്ടെ സ്‌മാർട്ട് അങ്കണവാടി
ഹരിപ്പാട്
‘‘ഭവനമില്ലാത്തവർ ഇല്ലാത്തൊരു പഞ്ചായത്ത്’’. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി ലക്ഷ്യത്തിന് കൈയെത്തും ദൂരത്താണ്. പാർപ്പിടമേഖലയിലാണ് പഞ്ചായത്ത് അതീവശ്രദ്ധ നൽകിയത്. 2020–21 മുതൽ 2025–26 വരെയുള്ള കാലയളവിൽ 3.46 കോടി രൂപയാണ് ലൈഫ് ഭവനപദ്ധതി വഴി പഞ്ചായത്തുകൾക്ക് നൽകിയത്. 2024–25ൽ ഇതോടൊപ്പം 175 ഗുണഭോക്താക്കൾക്ക് 1.96 കോടിയും നൽകി. 2025–26ൽ 60 ലക്ഷം രൂപ വകയിരുത്തിയതിൽ 49 ലക്ഷം രൂപ ഇതിനകം ചെലവഴിച്ചു. സ്‌മാർട്ട് അങ്കണവാടികളും തയ്യാറാക്കി. ആധുനികസൗകര്യങ്ങളോടെയുള്ള നാല് അങ്കണവാടിയാണ് ഇത്തരത്തിൽ തയ്യാറാക്കിയത്. അറിവിലൂടെ ഉണർവിലേക്ക് സാക്ഷരതാ തുടർപദ്ധതി നടപ്പാക്കി. ബ്രയിൽലിപി പദ്ധതിയിലൂടെ ദൃശ്യവൈകല്യമുള്ള ആറ് പേർക്ക് ക്ലാസുകൾ നൽകി സാക്ഷരരാക്കി. ശുദ്ധജലം ജനാവകാശമാക്കി മാറ്റി. കരുവാറ്റ, വീയപുരം, കുമാരപുരം, തൃക്കുന്നപ്പുഴ, ആയാപറമ്പ് തുടങ്ങിയ പ്രദേശങ്ങളിൽ ഭൂജലവകുപ്പിനും വാട്ടർ അതോറിറ്റിക്കുമായി ഏകദേശം 1.38 ലക്ഷം രൂപ നിക്ഷേപിച്ചു. തൃക്കുന്നപ്പുഴ സിഎച്ച്‌സി, ഹയർസെക്കൻഡറി സ്‌കൂളുകൾ, നന്ദകേരി കോളനി എന്നിവിടങ്ങളിൽ ആർഒ പ്ലാന്റുകളും മിനി കുടിവെള്ള പദ്ധതികളും സ്ഥാപിച്ചതിലൂടെ ഗ്രാമീണ ജനങ്ങൾക്ക് ശുദ്ധജലം ഉറപ്പാക്കി. ശുചിത്വവും പരിസ്ഥിതിസൗഹൃദവുമായ വികസനത്തിന് ഉൗന്നൽ നൽകി. ബ്ലോക്ക് ക്യാന്റീനിൽ ഭക്ഷണമാലിന്യങ്ങളിൽനിന്ന് ബയോഗ്യാസ് ഉൽപ്പാദിപ്പിക്കുന്ന പ്ലാന്റ് സ്ഥാപിച്ചു. പഞ്ചായത്തുകളിലെ പ്ലാസ്‌റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ 39 ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു. തീരദേശ മേഖലകളിൽ മത്സ്യത്തൊഴിലാളികൾക്ക് സഹായപദ്ധതികൾ നടപ്പാക്കി. വള്ളങ്ങളിലെ കേടായ വല മാറ്റി പുതിയത് നൽകാൻ 11 ഗുണഭോക്താക്കൾക്ക് മൊത്തം 4,95,000 രൂപ സഹായം നൽകി. കാലാവസ്ഥാവ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും നേരിടാൻ ബ്ലോക്ക് തലത്തിൽ ദുരന്തസേനകൾ രൂപീകരിച്ച് ഉപകരണങ്ങളും പരിശീലനവും ഒരുക്കി. ആർദ്രം പദ്ധതിയുടെ ഭാഗമായി തൃക്കുന്നപ്പുഴ സിഎച്ച്‌സിയിൽ 20 ലക്ഷം രൂപ ചെലവിൽ അനുബന്ധസൗകര്യങ്ങൾ ഒരുക്കിയതും ശ്രദ്ധേയമായ നേട്ടമായി.









0 comments